'ഇവിടെ നടക്കുന്ന ചീഞ്ഞ രാഷ്ട്രീയക്കളികളേക്കാൾ എത്രയോ ഭേദമാണ് സീരിയൽ'; സീമ ജി നായർ
text_fieldsചില മലയാളം സീരിയലുകൾ 'എന്‍ഡോസള്‍ഫാന്‍' പോലെ സമൂഹത്തിന് മാരകമാണെന്ന നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേം കുമാറിന്റെ പരാമർശത്തിനെതിരെ നടി സീമ. ജി നായർ.ഇവിടെ നടക്കുന്ന ചീഞ്ഞ രാഷ്ട്രീയ കളികളെക്കാൾ എത്രയോ ഭേദമാണ് സീരിയലെന്നും നമ്മുടെ കൈയിലുള്ള റിമോട്ട് ഉപയോഗിച്ച് ഇഷ്ടമുള്ളത് കാണാമെന്നും സീമ ജി നായർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
10 നും 25 നും പ്രായത്തിനിടയിലുള്ള തൊണ്ണൂറു ശതമാനം ആളുകൾ സീരിയൽ കാണാറില്ല. പല വീടുകളില്‍ ചെല്ലുമ്പോഴും മക്കളും മരുമക്കളും കൊച്ചുമക്കളും പോയാല്‍ കൂട്ട് ഈ സീരിയലാണെന്ന് പ്രായം ചെന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
'കഴിഞ്ഞ കുറെ ദിവസമായി സീരിയലിന്റെ പേരില്‍ കുറച്ചു വിഷയങ്ങള്‍ വന്നു കൊണ്ടേയിരിക്കുന്നു. സീരിയല്‍ ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം. സീരിയല്‍ കാരണം ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നു. മനസിലാകാത്ത ചില ചോദ്യങ്ങള്‍ മനസ്സില്‍. ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയ കളികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാവരും അത് കണ്ടതാണ്. ഇനി കാണാന്‍ പോകുന്നതും അതാണ്. അതിലും എത്രയോ ഭേദമാണ് സീരിയല്‍.
സോഷ്യല്‍ മീഡിയ എന്ന പ്ലാറ്റ്ഫോമില്‍ നടക്കുന്നത് എന്തൊക്കെയാണ്. അതിലും ഭേദമാണ് സീരിയല്‍. നമ്മുടെ കൈയ്യിലാണ് റിമോട്ട് ഉള്ളത്. വേണ്ടെന്ന് തോന്നുന്നത് കാണാതിരിക്കുക. പിന്നെ സീരിയല്‍ കണ്ടിട്ട് ഇതുപോലെ ചെയ്യുന്നെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. അതുമാത്രവുമല്ല 10 നും 25 നും മദ്ധ്യേ ഉള്ള തൊണ്ണൂറു ശതമാനം ആളുകളും ഇത് കാണാറില്ല. അവര്‍ക്ക് ക്രിക്കറ്റും ഫുട്ബോളും കൊറിയന്‍ ചാനലും കൊറിയന്‍ പടങ്ങളും ഇംഗ്ലീഷ് ചാനലുകളും ഇംഗ്ലീഷ് പടങ്ങളുമൊക്കെയുണ്ട്.
പല വീടുകളില്‍ ചെല്ലുമ്പോളും പ്രായം ചെന്നവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. മക്കളും മരുമക്കളും കൊച്ചുമക്കളും പോയാല്‍ കൂട്ട് ഈ സീരിയല്‍ ഒക്കെ ആണെന്ന്. അവരുടെ ഏകാന്തതയിലെ കൂട്ട്. പിന്നെ കുട്ടികള്‍ ചീത്തയായി പോകുന്നുവെങ്കില്‍ ആദ്യം മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണം. അധികാരം കൈയില്‍ കിട്ടുമ്പോള്‍ പഴി ചാരുന്ന ചില കൂട്ടര്‍ ഉണ്ട്. അവര്‍ക്ക് ഞാന്‍ മുകളില്‍ പറഞ്ഞ കുറച്ചു കാര്യങ്ങള്‍ കേരളത്തില്‍ നിരോധിക്കാന്‍ പറ്റുമോ? അത് ആദ്യം നടക്കട്ടെ', സീമ ജി നായർ കുറിച്ചു.
സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നുമായിരുന്നു പ്രേംകുമാർ പറഞ്ഞത്. 'ടെലിവിഷൻ സീരിയലുകൾ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം' -പ്രേംകുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.