ടെലിവിഷൻ താരം ഡോ. പ്രിയ അന്തരിച്ചു
text_fieldsതിരുവനന്തപുരം: സീരിയൽ നടി ഡോ. പ്രിയ (35) നിര്യാതയായി. എട്ടുമാസം ഗർഭിണിയായിരുന്നു. പതിവ് പരിശോധനക്കായി ആശുപത്രിയിലെത്തിയപ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നടൻ കിഷോർ സത്യയാണ് സോഷ്യൽ മീഡിയ പേജിലൂടെ മരണ വാർത്ത പങ്കുവെച്ചത്. പ്രിയയുടെ നവജാത ശിശു ഐ.സി.യുവിൽ ആണെന്നും കിഷോർ സത്യ കുറിപ്പിൽ പറയുന്നു.
'മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപ്പെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐ.സി.യുവിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.
ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നിന്ന ഭർത്താവിന്റെ വേദന. ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി.എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും....വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി....മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു....ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ...
രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി....35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല...ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയേയും എങ്ങനെ കരകയറ്റും...അറിയില്ല....അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ....', എന്നായിരുന്നു കിഷോർ സത്യ ഫേസ്ബുക്കിൽ കുറിച്ചത്.
ചെറിയ കഥാപാത്രങ്ങളിലൂടെയാണ് ഡോക്ടർ പ്രിയ ശ്രദ്ധിക്കപ്പെടുന്നത്. എം.ഡി ചെയ്യാനായി തയാറെടുക്കവെയാണ് അപ്രതീക്ഷിത വിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.