ബോക്സ് ഓഫീസ് കിലുക്കം നിലക്കുന്നില്ല; 3000 സ്ക്രീനുകളുമായി പഠാൻ റഷ്യൻ, സി.ഐ.എസ് റിലീസിന്
text_fieldsഇന്ത്യയിലെ ആദ്യ 1000 കോടി ക്ലബ് ചിത്രമായ പഠാൻ കലക്ഷൻ റെക്കോർഡുകൾ വീണ്ടും ഭേദിക്കാനൊരുങ്ങുന്നു. സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്നു ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 500 കോടിയിലധികം നേടിയ ചിത്രം ആഗോളതലത്തിൽ ആകെ നേടിയ ഗ്രോസ് 1050 കോടിയായിരുന്നു. ഇപ്പോൾ ചിത്രം റഷ്യന്‍ റിലീസിന് ഒരുങ്ങുകയാണെന്നാണ് വിവരം. റഷ്യയിലും സി.ഐ.എസിലും (കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്‍ഡ് സ്റ്റേറ്റ്സ്) ആണ് ചിത്രം റിലീസ് ചെയ്യപ്പെടുക.
3000 ല്‍ അധികം സ്ക്രീനുകളിലായാണ് പഠാൻ റഷ്യൻ, സി.ഐ.എസ് റിലീസിന് ഒരുങ്ങുന്നത്. റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ പതിപ്പാണ് എത്തുക. ജൂലൈ 13 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മികച്ച കലക്ഷനാണ് ചിത്രം മേഖലയിൽനിന്ന് പ്രതീക്ഷിക്കുന്നത്. അതേസമയം മറ്റു ചില വിദേശ മാര്‍ക്കറ്റുകളിലേക്കും ചിത്രം എത്തിക്കാന്‍ യാഷ് രാജ് ഫിലിംസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചൈന, ജപ്പാന്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളാണ് ഇത്.
ജനുവരി 25 ന് റിലീസായ പഠാൻ വലിയ തരംഗമാണ് രാജ്യത്ത് ഉടനീളം ഉണ്ടാക്കിയത്. തിയറ്ററുകളില്‍ അന്‍പതിലേറെ ദിവസങ്ങള്‍ പിന്നിട്ടതിനു ശേഷമാണ് ഒ.ടി.ടിയില്‍ എത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ മാര്‍ച്ച് 22 ന് ആയിരുന്നു ഒ.ടി.ടി റിലീസ്.
സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് പഠാന്റെ സംവിധായകന്‍. ദീപിക പദുകോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാം ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.