'വല്ലാത്തൊരു ഫീലിലേക്ക് കൊണ്ടുപോയി'; സൗദി വെള്ളക്കയെ കുറിച്ച് ഷാജി കൈലാസ്
text_fieldsകേരള ബോക്സോഫീസിൽ പതിയെ തുടങ്ങി കത്തിപ്പടരുകയാണ് തരുൺ മൂർത്തിയുടെ 'സൗദി വെള്ളക്ക .CC225/2009'. ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനൻ നിർമിച്ച ചിത്രം പുതിയ റിലീസുകളിൽ ഏറ്റവും മികച്ച പ്രതികരണങ്ങളുമായാണ് മുന്നേറുന്നത്. നീതിന്യായ വ്യവസ്ഥയുടെ മെല്ലെപ്പോക്ക് സാധാരണക്കാർക്കുണ്ടാക്കുന്ന ദുരവസ്ഥയെ ഹൃദ്യമായി തുറന്നുകാട്ടുകയാണ് ചിത്രം. ലുക്ക്മാൻ അവറാൻ, ബിനു പപ്പു, സുധി കോപ്പ, ദേവി വർമ്മ, ശ്രന്ധ, ഗോകുലൻ, ധന്യ അനന്യ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
താരപ്പകിട്ടില്ലാത്ത ഒരുപിടി അഭിനേതാക്കാളും ഏറെ പുതുമുഖങ്ങളുമായി തരുൺ മൂർത്തി ഒരുക്കിയ ചിത്രത്തെ കുറിച്ച് സിനിമാ മേഖലയിൽ നിന്നുള്ളവരും മികച്ച അഭിപ്രായമാണ് അറിയിക്കുന്നത്. മാസ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഷാജി കൈലാസും സൗദി വെള്ളക്കയെ പ്രശംസിച്ചു. ചിത്രത്തിന്റെ പ്രദർശനം കണ്ടിറങ്ങിയ അദ്ദേഹം മാധ്യമങ്ങളോടാണ് തന്റെ അഭിപ്രായം അറിയിച്ചത്. 'സൗദി വെള്ളക്ക' തന്നെ ഭയങ്കരമായ ഒരു ഫീലിലേക്ക് കൊണ്ടുപോയെന്നും തരുൺ മൂർത്തിയുടെ സംവിധാനവും കഥയും അത് ചിത്രീകരിച്ചിരിക്കുന്ന രീതിയും മനോഹരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"സൗദി വെള്ളക്ക കണ്ടു, എന്നെ ചിത്രം ഭയങ്കര ഫീലിലേക്ക് കൊണ്ട് പോയി. ഒരു പ്രത്യേക രീതിയിലുള്ള വല്ലാത്തൊരു സിനിമ. സംവിധാനം അസ്സലായിട്ടുണ്ട്. വളരെ മനോഹരമായിട്ടാണ് എഴുതിയിരിക്കുന്നത്. എഴുതിയത് ഭംഗിയായിട്ട് എടുക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരുടെയും പെര്‍ഫോമന്‍സ് നന്നായിട്ടുണ്ട്. വളരെ നല്ല ഫ്‌ളോ തരുന്ന സിനിമയാണ്," -ഷാജി കൈലാസ് പറഞ്ഞു.
ഓപറേഷൻ ജാവ എന്ന ത്രില്ലർ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം അതിന്റെ വഴിയേ പോകാതെ ജീവിതഗന്ധിയായ കഥയുമായി എത്തിയ തരുൺ മൂർത്തിയെ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരും അഭിനന്ദിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.