''തിലകനോടുള്ള കലിപ്പാണ് തന്നോട് തീർക്കുന്നത്; ജനറൽ ബോഡിയിൽ പങ്കെടുക്കാൻ അറിയിപ്പ് ലഭിച്ചില്ല''
text_fieldsകൊച്ചി: അമ്മയിൽ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസം തനിക്കില്ലെന്നും എന്നാൽ, അമ്മയിലെ ചില ഭാരവാഹികളിൽ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമുണ്ടെന്നും നടൻ ഷമ്മി തിലകൻ. തന്‍റെ പിതാവ് തിലകനോടുള്ള കലിപ്പാണ് തന്നോട് തീർക്കുന്നത്. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഷമ്മി മാധ്യമങ്ങളോട് പറഞ്ഞു.
തെറ്റുണ്ടെങ്കിൽ നടപടി നേരിടാൻ തയാറാണ്. തന്‍റെ ഭാഗം ആരും കേട്ടിട്ടില്ല. സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നാണ് അമ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറയുന്നത്. പുറത്താക്കാൻ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി.
താൻ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ എന്തിനു വേണ്ടിയാണെന്ന് അമ്മയിലെ ഭൂരിപക്ഷം അംഗങ്ങൾക്കും അറിയില്ല. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പ്രസിഡന്‍റിന് നിരവധി കത്തുകൾ നൽകിയിട്ടുണ്ട്. ഒരു കത്തിന് പോലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ കാര്യങ്ങൾ അറിയാതെയാണ് തനിക്കെതിരെ അംഗങ്ങൾ പ്രതികരിച്ചിട്ടുള്ളത്.
പ്രസിഡന്‍റ് മോഹൻലാൽ ആവശ്യപ്പെട്ടത് പ്രകാരം സംഘടനയെ മെച്ചപ്പെടുത്തുവാൻ ഉതകുന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള റിപ്പോർട്ട് കൈമാറിയിരുന്നു. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഈ റിപ്പോർട്ട് സംഘടനയിലെ ചില വ്യക്തികൾക്ക് എതിരാണ്. സത്യത്തെ മൂടിവെക്കാൻ സാധിക്കില്ല. സത്യമേവ ജയതേ എന്നാണ് ഹൈകോടതിയിൽ വരെ എഴുതിവെച്ചിട്ടുള്ളത്.
1994ൽ അമ്മ എന്ന സംഘടന സ്ഥാപിതമായത് എന്‍റെ കൂടി പണം കൊണ്ടാണ്. സംഘടനയിൽ മൂന്നാമതായി അംഗത്വമെടുത്ത വ്യക്തിയാണ്. ഇന്നത്തെ വൈസ് പ്രസിഡന്‍റ് മണിയൻപിള്ള രാജുവാണ് അന്ന് അംഗത്വ ഫീസ് വാങ്ങിയത്. അമ്മക്ക് വേണ്ടി ലെറ്റർപാഡ് അടിക്കാനായി എന്‍റെ പണമാണ് അന്ന് ഉപയോഗിച്ചത്. ആ ലെറ്റർ പാഡിൽ തന്നെ പുറത്താക്കിയ നോട്ടീസ് വരുമ്പോൾ പ്രതികരിക്കാമെന്നും ഷമ്മി തിലകൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.