മതം മാറാൻ നിർബന്ധിച്ചിട്ടില്ല, തുനിഷയുടെ ഹിജാബ് ചിത്രത്തെ കുറിച്ച് ഷീസാൻ ഖാന്റെ കുടുംബം; നടിയുടെ അമ്മക്കെതിരെ വിമർശനം
text_fieldsഅന്തരിച്ച നടി തുനിഷ ശർമയെ മതം മാറാനോ ഹിജാബ് ധരിക്കാനോ നിർബന്ധിച്ചിട്ടില്ലെന്ന് നടൻ ഷീസാൻ ഖാന്റെ കുടുംബം. തുനിഷ തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയായിരുന്നെന്നും പ്രചരിക്കുന്ന ഹിജാബ് ധരിച്ചുള്ള ചിത്രം ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടതാണെന്നും സഹോദരിയും ടെലിവിഷൻ താരവുമായ ഷഫാഖ് നാസ് പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. നടനെതിരെ ഗുരുതര ആരോപണവുമായി തുനിഷ ശർമയുടെ അമ്മ രംഗത്തെത്തിയിരുന്നു. മകളെ മതം മാറാൻ നിർബന്ധിച്ചെന്നും നടൻ തല്ലിയതായും അമ്മ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് ഷീസാന്റെ കുടുംബാംഗങ്ങൾഎത്തിയത്.
തുനിഷ ശർമ ഞങ്ങളുടെ കുടുംബത്തിലെ അംഗമായിരുന്നു. മതം മാറാനോ ഹിജാബ് ധരിക്കാനോ നിർബന്ധിച്ചിട്ടില്ല. ഞങ്ങൾക്ക് അതിന്റെ ആവശ്യവുമില്ല. പുറത്ത് പ്രചരിക്കുന്ന ഹിജാബ് ധരിച്ചുളള ചിത്രം സീരിയൽ ചിത്രീകരണവുമായി ബന്ധപ്പെട്ടതാണ്. ഇരുകുടുംബാംഗങ്ങളും തമ്മിൽ നല്ല ബന്ധമായിരുന്നു. തുനിഷക്കൊപ്പം അവളുടെ അമ്മയും വീട്ടിൽ വരാറുണ്ട്. അത് ഞങ്ങൾ നിർബന്ധിച്ച് കൊണ്ടു വരുന്നതല്ല. അത്രയേറെ സൗഹൃദത്തിലായിരുന്നു-നടി ഷഫാഖ് നാസ് പറഞ്ഞു.
തുനിഷയെ അവളുടെ അമ്മ നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കുകയായിരുന്നു. അവളുടെ മാനസിക പ്രശ്നങ്ങൾ പോലും അവർ പരിഗണിച്ചിരുന്നില്ല. അവളെ അമ്മ ദിവസവും നിരന്തരം ഫോണിലൂടെ ബന്ധപ്പെടാറുണ്ട്.തുനിഷക്ക് നീതി ലഭിക്കണമെന്നാണ് ഞങ്ങളുടേയും ആവശ്യം.
തുനിഷയെ സെറ്റിൽവച്ച് ഷീസാൻ തല്ലിയതായി കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ഇത് ശരിയല്ല. തല്ലിയെങ്കിൽ സെറ്റിലുള്ള മറ്റാരെങ്കിലും കാണാതിരിക്കുമോ? അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അവർ ഞങ്ങളോട് പറയാതിരുന്നതെന്താണ് ഷഫാഖ് നാസ് ചോദിച്ചു. ഈ വരുന്ന ജനുവരി നാലിന് തുനിഷയുടെ പിറന്നാള്‍ ആണ്. വലിയ സർപ്രൈസ് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. അതും തുനിഷയുടെ അമ്മക്ക് അറിയാം-ഷഫാഖ് നാസ് വ്യക്തമാക്കി.
ഡിസംബർ 24നാണ് നടിയെ സീരിയൽ സെറ്റിലെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടൻ ഷീസാൻ ഖാനുമായിട്ടുള്ള പ്രണയ തകർച്ചയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.