സംഗീത സംവിധായകൻ ശ്രാവണിന് കോവിഡ് ബാധിച്ചത് കുംഭമേളയിൽ പങ്കെടുത്ത് വന്ന ശേഷം
text_fieldsമുംബൈ: കോവിഡ് ബാധിച്ച് മരിച്ച ബോളിവുഡ് ഹിറ്റ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡിന് (66) രോഗം സ്ഥിരീകരിച്ചത് കുംഭമേളയിൽ പങ്കെടുത്ത് വന്ന ശേഷം. മകനും സംഗീത സംവിധായകനുമായ സഞ്ജീവ് ആണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രാവണിനൊപ്പം ഭാര്യ വിമലദേവിയും കുംഭമേളയിൽ പങ്കെടുത്തിരുന്നു.
'എന്‍റെ പിതാവ് കുംഭമേളയിൽ പങ്കെടുത്തിരുന്നു എന്നത് സത്യമാണ്' -സഞ്ജീവ് എ.ബി.പി ന്യൂസിനോട് പറഞ്ഞു. 'ഹരിദ്വാറിൽ നിന്ന് വന്നശേഷം അദ്ദേഹത്തിന് ശ്വാസതടസ്സം നേരിട്ടിരുന്നു. അദ്ദേഹം വളരെ ക്ഷീണിതനാകുകയും ചെയ്തു. അങ്ങിനെയാണ് അദ്ദേഹത്തെ എസ്.എല്‍ റഹേജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ വെച്ചാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. പതുക്കെ അദ്ദേഹത്തിന്‍റെ അവയവങ്ങളുടെ പ്രവർത്തനം നിലച്ചുതുടങ്ങി. അതാണ് അദ്ദേഹത്തിന്‍റെ മരണത്തിന് ഇടയാക്കിയത്' -സഞ്ജീവ് വ്യക്തമാക്കി.
ശ്രാവണിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളിലും പരിശോധന നടത്തിയിരുന്നു. 'എനിക്കും അമ്മക്കും രോഗം സ്ഥിരീകരിച്ചു. എന്‍റെ സഹോദരൻ ദർശൻ നെഗറ്റിവ് ആണ്' -ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഞ്ജീവ് പറഞ്ഞു. വീട്ടിൽ ഐസൊലേഷനിൽ കഴിയുന്ന ദർശന് ശ്രാവണിന്‍റെ അന്ത്യകർമങ്ങൾ ചെയ്യാൻ അനുമതി ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.