സുജാതക്ക് ലഭിക്കേണ്ട ദേശീയ പുരസ്കാരം ശ്രേയ ഘോഷാലിന് നൽകി; വെളിപ്പെടുത്തി സിബി മലയില്‍
text_fieldsഗായിക സുജാത മോഹന്റെ ദേശീയപുരസ്കാരമാണ് ജബ് വി മെറ്റ് എന്ന ചിത്രത്തിലെ പാട്ടിലൂടെ ശ്രേയ ഘോഷാലിന് കിട്ടിയതെന്ന് സംവിധാകൻ സിബി മലയിൽ. 2007 -ൽ പുറത്തിറങ്ങിയ പരദേശി എന്ന ചിത്രത്തിലെ സുജാത ആലപിച്ച‘തട്ടം പിടിച്ചു വലിക്കല്ലേ’ എന്ന പാട്ട് പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടിരുന്നുവെന്നും എന്നാൽ അവസാന നിമിഷം ഇത് ശ്രേയ ഘോഷാലിലേക്ക് പോയെന്നും സംവിധായകൻ പറഞ്ഞു. ‘പി.ടി കലയും കാലവും’ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
' 55 മത് ദേശീയപുരസ്കാര നിർണ്ണയ ജൂറിയിൽ ഞാനും ഛായാഗ്രാഹകൻ സണ്ണി ജോസഫും ഉണ്ടായിരുന്നു. പരദേശി ചിത്രത്തിന് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നീ വിഭാഗങ്ങളിൽ പുരസ്കാരം കിട്ടുമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയും ഇതിനായി ശക്തമായി വാദിക്കുകയും ചെയ്തു. സുജാതക്ക് മികച്ച ഗായികക്കുള്ള പുരസ്കാരം നൽകാൻ തീരുമാനിച്ചു.
എന്നാൽ, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ ഇതിൽ ഇടപ്പെട്ടു. സുജാതക്കാണ് പുരസ്കാരം എന്ന് അറിഞ്ഞപ്പോൾ ജബ് വി മെറ്റിലെ ശ്രേയ ഘോഷാൽ ആലപിച്ച ഗാനത്തിന്റെ വിഡിയോ കസെറ്റ് കൊണ്ടുവന്നു പ്രദർശിപ്പിച്ച്, പുരസ്കാരം തിരുത്തി. ജൂറിക്ക് രഹസ്യസ്വഭാവമുണ്ടെങ്കിലും കാലം കുറേയായതുകൊണ്ടാണ് ഇപ്പോൾ ഈ വിവരം പുറത്തുപറയുന്നത്’-സിബി മലയിൽ പറഞ്ഞു.
മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്ന് തവണയും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുള്ള ഗായികയാണ് സുജാത മോഹൻ. അഞ്ച് തവണയാണ് ശ്രേയ ഘോഷാലിന് ദേശീയ പുരസ്കാരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.