വിടപറഞ്ഞത് ഹിറ്റ് മേക്കർ, ചിരിയുടെ ഗോഡ്ഫാദർ
text_fieldsകൊച്ചി: മിമിക്രിയിലൂടെയും കോമഡി വേദികളിലൂടെയുമാണ് സിദ്ദിഖ് സിനിമ സംവിധാന മേഖലയിലേക്ക് കടന്നെത്തുന്നത്. വേദികളിലേക്ക് ആവശ്യമായ ഹാസ്യ എഴുത്തിൽനിന്ന് ലഭിച്ച അനുഭവങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ സിനിമകളിലെ മികവുറ്റ തമാശകൾക്ക് അടിത്തറ പാകിയത്.
സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്നത് മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളാണ്. ഇരുവരും ഒരുമിച്ചൊരുക്കിയ സിനിമകൾ പ്രേക്ഷകരെ പൊട്ടിച്ചിരിയുടെ ഉത്സവാന്തരീക്ഷത്തിലെത്തിച്ചു. തിയറ്ററുകളെ പൂരപ്പറമ്പുകളാക്കിയ ആ സിനിമകളിലെ ഓരോ ഡയലോഗും മലയാളി സിനിമ ആസ്വാദകരുടെ മനസ്സിൽ ഇന്നും മായാതെയുണ്ട്. ഇന്നും നാലാൾ കൂടുന്നിടത്തൊക്കെ അവരുടെ ഹിറ്റ് സിനിമകളിലെ സംഭാഷണങ്ങൾ ഇടംപിടിക്കാറുണ്ട്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്ന ഇൻ ഹരിഹർ നഗറിലെ ‘തോമസുകുട്ടി വിട്ടോടാ’, വിയറ്റ്നാം കോളനിയിലെ ‘ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ.കെ. ജോസഫ്’, മാന്നാർ മത്തായി സ്പീക്കിങ്ങിലെ ‘പുറപ്പെട്ടു പുറപ്പെട്ടു, വേണമെങ്കിൽ ഇനിയും അരമണിക്കൂർ മുമ്പെ പുറപ്പെടാം’, ഗോഡ്ഫാദറിലെ ‘തളിയാനേ പനിനീര്’, കാബൂളിവാലയിലെ ‘കൈനീട്ടം വൈകിട്ടായാൽ കുഴപ്പമുണ്ടോ’ തുടങ്ങിയ ഡയലോഗുകൾ അറിയാതെ മലയാളിയുടെ നാവിൻതുമ്പിൽ ഇപ്പോഴുമെത്താറുണ്ട്.
തമാശക്ക് വേണ്ടി സന്ദർഭങ്ങളൊരുക്കുന്ന രീതി സിനിമകളിൽ പിന്തുടരാൻ സിദ്ദിഖും ലാലും ഇഷ്ടപ്പെട്ടിരുന്നില്ല. ഏറ്റവും ഉചിതമായ സന്ദർഭങ്ങളിൽ ഏതുതരം പ്രേക്ഷകനെയും ചിരിപ്പിക്കുന്ന ഹാസ്യമാണ് അവർ ഒരുക്കിയത്. മലയാളത്തിൽ മാത്രമല്ല, തമിഴകത്തും ടോളിവുഡിലും ബോളിവുഡിലും തൊട്ടതെല്ലാം സിദ്ദിഖ് പൊന്നാക്കി. ബോളിവുഡിൽ ഒരാഴ്ചകൊണ്ട് 100 കോടി ക്ലബിൽ ഇടംപിടിച്ച ആദ്യ മലയാളിയെന്ന നേട്ടവും സിദ്ദിഖിന് അവകാശപ്പെട്ടതാണ്. ആദ്യ സിനിമ ‘റാംജി റാവു സ്പീക്കിങ്’ ട്രെൻഡ് സെറ്റർ ആയതോടെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
പുതിയ സംവിധായകർക്ക് സിനിമ പ്രവേശനത്തിന് അവസരങ്ങൾ വളരെ കുറവായിരുന്ന കാലത്താണ് സിദ്ദിഖും ലാലും കടന്നുവരുന്നത്. അസിസ്റ്റന്റുമാരെ വെച്ച് സിനിമയെടുക്കാനുള്ള ഫാസിലിന്റെ ധൈര്യമാണ് ഇതിന് വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.