അട്ടപ്പാടിയുടെ ജീവിതവുമായി 'സിഗ്നേച്ചർ'
text_fieldsകൊച്ചി: ആസിഫ് അലി നായകനായ 'ഇതു താൻ ഡാ പൊലീസ്' എന്ന ചിത്രത്തിനുശേഷം മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'സിഗ്നേച്ചർ'. സാൻജോസ് ക്രിയേഷൻസിന്‍റെ ബാനറിൽ ലിബിൻ പോൾ അക്കര, അരുൺ വർഗീസ് തട്ടിൽ, ജസ്സി ജോർജ് എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ തിരക്കഥ, സംഭാഷണം സി.എം.ഐ വൈദികനായ ഫാ. ബാബു തട്ടിൽ എഴുതുന്നു. അട്ടപ്പാടിയിലെ ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളും അവയ്ക്കെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
ആക്ഷനും പ്രതികാരത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നു. പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി. ജോണിന്‍റെ അസിസ്റ്റന്‍റായിരുന്ന ടി.ആർ. വിഷ്ണു ആണ് ഛായാഗ്രഹണം. 'അട്ടപ്പാടിയുടെ പ്രകൃതി മനോഹാരിത ഈ സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. പ്രകൃതിയെ ഉൾക്കൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ കഥ പറയുന്ന സിനിമ ആയതുകൊണ്ടാണ് 'സിഗ്നേച്ചർ' എന്ന പേര് സിനിമയ്ക്കായി തിരഞ്ഞെടുത്തത് '- സംവിധായകൻ മനോജ് പാലോടൻ പറഞ്ഞു. ഇരുപത് വർഷത്തിലേറെയായി കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയായി പ്രവർത്തിക്കുന്ന ഫാ. ബാബു തട്ടിൽ അട്ടപാടിയിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തെപ്പറ്റി ഗവേഷണം നടത്തിയിട്ടുണ്ട്. സി.എം.ഐ സഭയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി അട്ടപ്പാടി മേഖലയിൽ സജീവമായ അദ്ദേഹം അവിടെ നേരിട്ടറിഞ്ഞ ജീവിത സന്ദർഭങ്ങളാണ് ഈ സിനിമയിൽ ചർച്ചചെയ്യുന്നത്.
ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. പ്രൊജക്റ്റ് ഡിസൈനർ-നോബിൾ ജേക്കബ്, ക്രിയേറ്റീവ് ഡയറക്ടർ-നിസാർ മുഹമ്മദ്, എഡിറ്റിങ്-സിയാൻ ശ്രീകാന്ത്, മേക്കപ്പ്-പ്രദീപ് രംഗൻ, ആർട്ട് ഡയറക്ടർ-അജി അമ്പലത്തറ, കോസ്റ്റ്യൂം ഡിസൈനർ-സുജിത് മട്ടന്നൂർ, ഡിസൈനിങ്-ആന്‍റണി സ്റ്റീഫൻ, വാർത്ത പ്രചരണം-എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.