'ഒരിക്കലും തളരാത്ത മനസും ശരീരവും ശബ്ദവും... അതാണെനിക്ക് ജയൻ മാസ്റ്റർ'; ജി.വേണുഗോപാൽ
text_fieldsഅന്തരിച്ച സംഗീതസംവിധായകനും ഗായകനുമായ കെ.ജി. ജയനുമായുള്ള ഓർമ പങ്കുവെച്ച് ഗായകൻ ജി. വേണുഗോപാൽ. മലയാള സംഗീതത്തിന്റെ തീരാനഷ്ടമാണ് ജയൻ മാസ്റ്ററുടെ വിയോഗമെന്നും ഒരുപാട് പാട്ടും തമാശ നിറഞ്ഞ ഓർമകളും ബാക്കിയാക്കിയാണ് യാത്രയായിരിക്കുന്നതെന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. ജീവിത പ്രതിസന്ധികളെ നർമം കൊണ്ടായിരുന്നു ജയൻ മാസ്റ്റർ നേരിട്ടിരുന്നതെന്നും കുറിപ്പിൽ പറയുന്നു.
ജി.വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റ്
'ജയൻ മാസ്റ്റർ ഇനി നമ്മോടൊപ്പം കാണില്ല. ഒരുപാട് പാട്ടുകളും, തമാശ നിറഞ്ഞ ഓർമ്മകളും ബാക്കിയാക്കി, മാസ്റ്ററും യാത്രയായിരിക്കുന്നു.
ഓർമകളിൽ രൂപത്തെക്കാളേറെ മുന്നിൽ വരുന്നത് മാസ്റ്ററുടെ കരുത്തൻ ശബ്ദമാണ്. പഴയ ലൈവ് റെക്കോഡിങ്ങുകളിൽ പാട്ടുകാരും, ഓർക്കസ്ട്രയും സംഗീത സംവിധായകനുമൊക്കെ വ്യത്യസ്ത സൗണ്ട് പ്രൂഫ് ഗ്ലാസ് കാബിനുകൾക്കുള്ളിൽ നിന്നു പ്രവർത്തിക്കുന്ന കാലം. റെക്കോഡിങ് എൻജിനീയറുടെ കൺസോളിലുള്ളോരു "ടാക്ക് ബാക്ക് " ബട്ടൺ ഞെക്കിയാണ് പാട്ടു കറക്ഷൻസ് പറഞ്ഞു തരിക പതിവ്. ജയൻ മാസ്റ്റർക്ക് മാത്രം ഈ ടാക്ക് ബാക്ക് ബട്ടന്റെ ആവശ്യമില്ല. സർവ്വ സൗണ്ട് പ്രൂഫ് സാങ്കേതികതകളെയും ഭേദിച്ച് കൊണ്ട് മാസ്റ്ററുടെ ശബ്ദം സ്റ്റുഡിയോ മുഴുവൻ മുഴങ്ങും. കൂടെ യഥേഷ്ടം തമാശകളും. മാസ്റ്ററുടെ എഴുപതാം വയസ് ആഘോഷങ്ങൾ തിരുനക്കര മൈതാനിയിൽ നടക്കുന്നു. അനിതരസാധാരണമായ സംഗീത ചേരുവകൾക്കൊപ്പം. മനുഷ്യ ശബ്ദത്തിന്റെ ഫ്രീക്വൻസികൾക്ക് കടകവിരുദ്ധമായുള്ള തവിലും നാദസ്വരവും ആണ് മാഷിന്റെ പക്കമേളം. ഒരു മൂന്നു മൂന്നര മണിക്കൂർ ഈ രണ്ടു സംഗീതോപകരണങ്ങൾക്കുമീതെ ജയൻ മാസ്റ്ററുടെ ശബ്ദം അവിടെയെങ്ങും മുഴങ്ങി. ജീവതത്തിൽ കടുത്ത പ്രതിസന്ധികൾ നേരിടുമ്പോഴും നർമ്മം കൊണ്ടായിരുന്നു ജയൻ മാസ്റ്റർ അവയെല്ലാം നേരിട്ടിരുന്നത്. ഒരിക്കലും തളരാത്ത മനസ്സും, ശരീരവും, ശബ്ദവും, അതാണെനിക്ക് ജയൻ മാസ്റ്റർ.
അവസാനമായ് മാസ്റ്ററെ നേരിട്ട് കാണുന്നത് ഏതാനും വർഷം മുൻപ് ചെമ്പൈ ഗ്രാമത്തിലെ സംഗീതോത്സവത്തിലാണ്. ഒന്നര മണിക്കൂർ കൊണ്ട് തീരേണ്ട ദാസേട്ടന്റെ സംഗീതക്കച്ചേരി നീണ്ട് പോകുന്നു. കഥകളും, ഓർമ്മ പങ്ക് വയ്ക്കലും, പാട്ടുമൊക്കെയായ് ദാസേട്ടൻ സമയം എടുക്കുന്നുണ്ട്. അകത്ത് ചെമ്പൈ സ്വാമിയുടെ ഗൃഹത്തിൽ സ്വാമി ഉപയോഗിച്ചിരുന്ന കട്ടിലിൽ അക്ഷമനായ് ജയൻ മാസ്റ്റർ കാത്തിരിക്കുന്നു തന്റെ ഊഴം കാത്ത്. അവസാനം കച്ചേരി കഴിഞ്ഞ് വീട്ടിനുള്ളിലേക്ക് കടന്നുവന്ന ദാസേട്ടനോട് ജയൻ മാസ്റ്റർ " യേശുവന്റെ ഹരികഥാ സംഗീത കാലക്ഷേപം കഴിഞ്ഞോ " എന്ന ചോദ്യവും, രണ്ട് പേരും ചിരിച്ചു മറിയുന്ന ഓർമയുമുണ്ടെനിക്ക്.
രാഗാർദ്രമായിരുന്നു മാസ്റ്ററുടെ ഗാനങ്ങളെല്ലാം. മൂന്നര മിനിറ്റുള്ള ലളിതഗാനത്തിൽ ഒരു ശാസ്ത്രീയ രാഗത്തിന്റെ സത്ത് കടഞ്ഞെടുത്ത് വിളക്കിച്ചേർത്തിരുന്ന മഹാനുഭാവരിൽ ജയൻ മാസ്റ്ററും കാലയവനികക്കുള്ളിൽ പോയി മറഞ്ഞിരിക്കുന്നു. മലയാള സംഗീതത്തിന് തീരാനഷ്ടം'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.