'പാട്ടും റാപ്പും ഞാനുണ്ടാക്കി കാണിച്ചു തരാം ടീച്ചറേ...ജാസിയുടെ മനസിൽ ഇതായിരിക്കണം';പിന്തുണയുമായി ജി. വേണുഗോപാൽ
text_fieldsകോളജ് പരിപാടിൽ പാട്ടുപാടുന്നതിനിടെ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ പ്രിന്‍സിപ്പല്‍ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഗായകൻ ജി. വേണുഗോപാൽ. ഒരു കാലാകാരൻ വേദിയിൽ പെര്‍ഫോം ചെയ്യുമ്പോൾ അയാളെ തടസ്സപ്പെടുത്തുകയെന്ന് പറയുന്നത് സംസ്‌ക്കാരവിഹീനമായ വൃത്തികെട്ട ഒരു പ്രവൃത്തിയാണ്. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നര്‍മ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാന്‍ പ്രയാസമാണെന്നും ജാസി ഗിഫ്റ്റിനെ പിന്തുണച്ചുകൊണ്ട് ജി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു
'ഒരു പാട്ടുകാരന്‍, കലാകാരന്‍, അയാള്‍ വേദിയില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ വേദിയില്‍ കടന്ന് വന്ന് അയാളെ തടസ്സപ്പെടുത്തുക എന്ന് പറയുന്നത് സംസ്‌ക്കാരവിഹീനമായ, വൃത്തികെട്ട ഒരു പ്രവൃത്തിയാണെന്ന് ജി.വേണുഗോപാല്‍ പറഞ്ഞു. ഒരു കോളേജ് പ്രിന്‍സിപ്പലാണ് ഇത് ചെയ്തത് എന്ന് കേള്‍ക്കുമ്പോള്‍ നടുക്കം. കലാലയങ്ങള്‍ പലത് കൊണ്ടും കലാപാലയങ്ങളായ് തീരുമ്പോള്‍ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേര്‍ന്ന് വരുന്നുവെന്ന് മാത്രം.
നല്ല അദ്ധ്യാപകരും പ്രിന്‍സിപ്പള്‍മാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം. അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേള്‍ക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷര്‍ട്ടൂരി തലയ്ക്ക് മുകളില്‍ കറക്കി നൃത്തം ചെയ്യിച്ചേറ്റു പാടിപ്പിച്ചയാളാണ് ജാസി.
മലയാള സിനിമാ സംഗീതം ജാസിക്ക് മുന്‍പും പിന്‍പും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്. എന്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു നിരാശ ജാസിയുടെ ആദ്യ സിനിമയായ For the people ല്‍ ഞാന്‍ പാടി പുറത്ത് വരാത്ത പാദസരമേ കിലുങ്ങാതെ’ എന്ന പാട്ടാണ്. ‘അതെന്റെ കയ്യില്‍ നിന്നും പോയി ചേട്ടാ’ എന്ന് ജാസി നിരാശയോടെ പറയും.
ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നര്‍മ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാന്‍ പ്രയാസമാണ്. കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോള്‍ ഒരു ഏറ്റുമുട്ടലിനും നില്‍ക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം…… ‘ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കി കാണിച്ചു തരാം ടീച്ചറേ.’ തീയില്‍ കുരുത്തവനുണ്ടോ കോലഞ്ചേരിയില്‍ വാടുന്നു?'- ജി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. വിദ്യാർഥികളുടെ ക്ഷണപ്രകാരമാണ് ജാസി ഗിഫ്റ്റ് കോളജിൽ എത്തിയത്. ഒപ്പമെത്തയ ആളെ പ്രിൻസിപ്പൽ പാടാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് പാട്ട് പൂർത്തിയാക്കാതെ ജാസി ഗിഫ്റ്റ് വേദിയിൽ നിന്ന് ഇറങ്ങി പോയി.അതേസമയം തന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.