'മലയാള സിനിമക്ക് ഊർജം പകരുന്ന പിണറായി വിജയന് സ്നേഹാദരങ്ങൾ' മോഹൻലാലിന്‍റെ കുറിപ്പ്
text_fieldsകൊച്ചി: വിനോദ നികുതി ഒഴിവാക്കിയും മറ്റ് ഇളവുകൾ നൽകിയും സിനിമാ തിയറ്ററുകൾ തുറക്കുന്നതിന് വഴിയൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണ് സിനിമാവ്യവസായത്തിന് ഏറെ ആശ്വാസം പകരുന്ന തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടത്.
'മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് സ്‌നേഹാദരങ്ങള്‍ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കിൽ കുറിച്ചത്'. മുഖ്യമന്ത്രിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ലാലിന്റെ കുറിപ്പ്.
സിനിമാ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ഇന്ന് രാവിലെ നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ധാരണയായിരുന്നു.തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തു മാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് 50 ശതമാനമാക്കി കുറക്കും. ബാക്കി ഗഡുക്കളായി അടക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിങ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് തിയേറ്റര്‍ ഉടമകള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, ഫിലിം ചേമ്പര്‍ സംഘടന പ്രതിനിധികള്‍ തുടങ്ങിയവർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.