ഡോ. സോഹൻ റോയിയ്‌ക്ക് 'ബെറ്റർ വേൾഡ് ഫണ്ട് യൂനിറ്റി പുരസ്കാരം'; കാൻ ഫിലിം ഫെസ്റ്റിവലിൽ സമ്മാനിക്കും
text_fieldsപാരീസ്: ആഗോള പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിനോടു കൈകോർത്ത് ഉത്തരവാദിത്വത്തോടു കൂടി മൈനിങ് നടത്തുക എന്ന സന്ദേശം ലോകം മുഴുവൻ പരത്തുന്ന ബെറ്റർ വേൾഡ് ഫണ്ട് സമ്മാനിക്കുന്ന അഞ്ചാമത് യൂനിറ്റി പുരസ്കാരത്തിന് (ദി യൂനിയൻ ലൈഫ് ഇന്‍റർനാഷനൽ പീസ് അവാർഡ്) മലയാളി സംവിധായകനും വ്യവസായിയുമായ ഡോ. സോഹൻ റോയ് അർഹനായി.
പാരീസിലെ കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് ജൂലൈ 12ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. പ്രമുഖ ഹോളിവുഡ് ചലച്ചിത്ര പ്രവർത്തകരായ ബാരി അലക്സാണ്ടർ ബ്രൗൺ, സ്പൈക്ക് ലീ, നബീൽ ആയൂഷ് തുടങ്ങിയവരോടൊപ്പമാണ് അദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ബെസ്റ്റ് കമ്മിറ്റ്മെന്റ് വിഭാഗത്തിലാണ് സോഹൻ റോയ് പുരസ്കാരത്തിന് അർഹനായത്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന് ഈ പുരസ്കാരം ലഭിക്കുന്നത്. മൊണോക്കോയിലെ രാജാവ് ഹിസ് ഹൈനസ് പ്രിൻസ് ആൽബർട്ട് രണ്ടാമൻ, പ്രശസ്ത ഹോളിവുഡ് താരങ്ങളായ ഫോറസ്റ്റ് വിറ്റേക്കർ, ഷാരോൺ സ്റ്റോൺ, വിം വേണ്ടേഴ്സ് തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ ബെറ്റർ വേൾഡ് ഫണ്ട് പുരസ്കാരം നേടിയവർ.
പാരിസ്ഥിതിക അവബോധം ശക്തിപ്പെടുത്തുന്നതിനു നടത്തിയ ശ്രമങ്ങളും വ്യവസായങ്ങളും സിനിമകളുമാണ് മികച്ച പ്രതിബദ്ധതയ്ക്കുള്ള ഈ പുരസ്കാരത്തിന് ഡോ. സോഹൻ റോയിയെ അർഹനാക്കിയത്. 'കഴിഞ്ഞ ഒരു ദശകത്തിൽ അധികമായി പാരിസ്ഥിതിക അവബോധവും ചലച്ചിത്ര മേഖലയുടെ നവീകരണവും അടക്കമുള്ള നിരവധി പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായി ഈ പുരസ്കാരത്തെ കാണുന്നു. ഇനിയും ഈ ദിശയിലുള്ള എളിയ ശ്രമങ്ങൾ തുടരും'- പുരസ്കാര പ്രഖ്യാപനത്തിനുശേഷം സോഹൻ റോയ് പറഞ്ഞു. കേരളത്തിലെ ആലപ്പാട് എന്ന പ്രദേശത്തെ അശാസ്ത്രീയ ഖനനവും പാരിസ്ഥിതിക ചൂഷണവും വിഷയമാക്കി അദ്ദേഹം സംവിധാനം ചെയ്ത 'ബ്ലാക്ക് സാൻഡ്' എന്ന ഡോക്യുമെന്‍ററി ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയതടക്കം മൂന്നു മാസത്തിനുള്ളിൽ പതിനാലോളം പുരസ്കാരങ്ങൾ നേടിയിരുന്നു. പ്രശസ്ത ഫുട്ബാൾ താരം ഐ.എം. വിജയനെ നായകനാക്കി അദ്ദേഹം നിർമ്മിച്ച 'മ്മ്- സൗണ്ട് ഓഫ് പെയിൻ' എന്ന സിനിമയുടെ വിഷയവും പരിസ്ഥിതി സംരക്ഷണമാണ്. കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന സിനിമയാണ് ഇത്.
പ്രകൃതി സംരക്ഷണത്തിന്‍റെ അഭാവത്തിൽ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ ഏറ്റവും ഭീകരമായ അണക്കെട്ട് ദുരന്തങ്ങളുടെ കഥ പറയുന്ന 'ഡാംസ്-ദി ലെത്തൽ വാട്ടർ ബോംബ്സ്' എന്ന ഡോക്യുമെന്‍ററിയും സോഹൻ റോയ് സംവിധാനം ചെയ്തിട്ടുണ്ട്. 23ഓളം പുരസ്കാരങ്ങളും ഇത് കരസ്ഥമാക്കി. അദ്ദേഹം സംവിധാനം ചെയ്ത 'ഡാം 999' എന്ന സിനിമ 130ഓളം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ഓസ്കറിന്‍റെ ചുരുക്കപ്പട്ടികയിൽ മുഖ്യധാരയിൽ നിന്ന് പ്രവേശനം നേടിയ ആദ്യ ഇന്ത്യൻ ചിത്രമായി മാറുകയും ചെയ്തിരുന്നു.
പരിസ്ഥിതി സൗഹാർദപരമായ സംരംഭങ്ങൾ വിജയിപ്പിച്ച വ്യവസായി കൂടിയാണ് സോഹൻ റോയ്. അദ്ദേഹം ചെയർമാനും സി.ഇ. ഒയുമായ എരീസ് ഗ്രൂപ്പിന്‍റെ സംരംഭങ്ങളിൽ ഒന്നായ 'ഏരീസ് ഗ്രീൻ സൊല്യൂഷൻസ്' പാരിസ്ഥിതികരംഗത്ത് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഗ്രീസിലെ ഏഥൻസിൽ നടന്ന അന്താരാഷ്ട്ര ഗ്രീൻ ഷിപ്പിങ് ആൻഡ് ടെക്നോളജി (ജിഎസ്ടി ) ഉച്ചകോടിയിൽ 'മികച്ച ഗ്രീൻ മാരിടൈം കൺസൾട്ടന്‍റി'നുള്ള പുരസ്കാരവും 'ഏരീസ് ഗ്രീൻ സൊല്യൂഷൻസ്' നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.