വിശപ്പ് പ്രമേയമായി സോഹൻ റോയ്-വിജീഷ് മണി ചിത്രം; മധുവിന്‍റെ ജീവിതം പറയുന്ന 'ആദിവാസി'
text_fieldsവിശപ്പിന്‍റെ പേരിൽ മരണം വരിക്കേണ്ടി വന്ന ആദിവാസി യുവാവ് മധുവിന്‍റെ ജീവിതം സിനിമയാകുന്നു. മധുവിന്‍റെ മുടുക ഗോത്ര ഭാഷയിൽ വിശപ്പ് പ്രമേയമായി 'ആദിവാസി' (ദി ബ്ലാക്ക് ഡെത്ത്) എന്ന സിനിമ ഏരീസ് ഗ്രൂപ്പിന്‍റെ ബാനറിൽ ഡോ. സോഹൻ റോയ് ആണ് നിർമിക്കുന്നത്. സംവിധാനം വിജീഷ് മണി. ഓസ്കർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടുകയും ചെയ്ത ''മ് മ് മ്' (സൗണ്ട് ഓഫ് പെയിൻ) എന്ന സിനിമയ്ക്ക് ശേഷം സോഹൻ റോയ്-വിജീഷ് മണി ടീം ഒന്നിക്കുന്ന ചിത്രമാണിത്.
മൂന്നര വർഷം മുമ്പാണ് കേരളീയ മനഃസ്സാക്ഷിയെ ഉലച്ച മധുവിന്‍റെ മരണം നടന്നത്. വിശപ്പിന്‍റെ പേരിൽ സംഭവിച്ച ഈ ദുരന്തത്തെ ആസ്പദമാക്കി 'യാത്രാമൊഴി' എന്ന പേരിൽ സോഹൻ റോയ് കവിത എഴുതിയിരുന്നു. മലയാളികൾക്കിടയിൽ അതിനുലഭിച്ച സ്വീകാര്യതയാണ് ഈ പ്രമേയം സിനിമയാക്കാൻ ഉണ്ടായ പ്രചോദനമെന്ന് സോഹൻ റോയ് പറഞ്ഞു.
'വിശപ്പ് എന്നത് ഒരു ആഗോള വിഷയമാണ്. ലോകത്ത് ഏതൊരു മനുഷ്യനും അത് ഒരുപോലെയാണ്. വർണവെറി മുതൽ അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹിക ജീവിതം വരെയുള്ള നിരവധി വിഷയങ്ങളും ഇതിനോട് ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടു തന്നെ മധുവിന് മരണമില്ല. ഇത്തരം നിരവധി ജീവിതങ്ങൾ നമുക്കുചുറ്റും ഇപ്പോഴും അടിച്ചമർത്തപ്പെടുകയും മരണമടയുകയും ചെയ്യുന്നു. അതു തന്നെയാണ് ഈ സിനിമക്കുള്ള പ്രചോദനം' -സോഹൻ റോയ് പറഞ്ഞു. ഒക്ടോബറിൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രധാന നടനോടൊപ്പം ആദിവാസി കലാകാരന്മാരും അണിനിരക്കുന്നു.
വിശപ്പും വർണവിവേചനവും പരിസ്ഥിതി പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന 'ആദിവാസി'യുടെ പ്രൊഡക്ഷൻ ഹൗസ് അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ്. ഛായാഗ്രഹണം-പി. മുരുഗേശ്വരൻ, എഡിറ്റിങ്-ബി. ലെനിൻ, സംഭാഷണം-എം. തങ്കരാജ്, ഗാനരചന-ചന്ദ്രൻ മാരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മാരുതി ക്രിഷ്, ആർട്ട് ഡയറക്ടർ- കൈലാഷ്, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂമർ-ബുസി ബേബിജോൺ, വാർത്ത പ്രചരണം-എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.