അങ്ങിനെ അതും സംഭവിച്ചു; തമിഴ് സിനിമാ ചരിത്രത്തിലാദ്യമായി നായികയുടെ സോളോ കട്ടൗട്ട് ഉയർന്നു
text_fieldsനായകകേന്ദ്രീകൃതമായ സിനിമയിൽ നടിമാർ എന്നും രണ്ടാംനിരക്കാരായിരുന്നു. വിപണിമൂല്യത്തിന്റെ ഏത് തട്ടിൽവച്ച് നോക്കിയാലും നടിമാർ എന്നും പിന്നിലുമായിരുന്നു. സിനിമയോട് അനുബന്ധിച്ച് തിയേറ്റർ പരിസരങ്ങളിൽ ഉയരുന്ന കൂറ്റൻ കട്ടൗട്ടുകൾക്ക് പോലും പറയാനുള്ളത് നായകന്മാരുടെ കഥകളാണ്. നായികമാർക്ക് ആ കട്ടൗട്ടുകളുടെ സൈഡിലെങ്ങാനും ഒരു സ്ഥാനം നൽകിയാലായി. എന്നാൽ കാലം മാറിയതോടെ അതിനും മാറ്റം വന്നിരിക്കുകയാണ്. നയൻതാര നായികയായ ‘കണക്ട്’ എന്ന സിനിമയുടെ പ്രമോഷൻ കാഴ്ച്ചകളാണ് പുതിയ ചരിത്രം എഴുതുന്നത്.
തമിഴ്നാട്ടിലെ ആൽബർട്ട് ആൻഡ് വുഡ്‌ലാൻഡ്സ് തിയേറ്ററിനു മുന്നിൽ കണക്ടിന്റെ നായികയായ നയൻതാരയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നിരിക്കുകയാണ്. സോളോ കട്ടൗട്ടിൽ നിറഞ്ഞുനിൽക്കുകയാണ് നയൻതാര. ‘കണക്റ്റി’ന്റെ റിലീസിനോട് അനുബന്ധിച്ചാണ് ചെന്നൈ നഗരത്തിലെ പ്രധാന തിയേറ്ററുകളിൽ ഒന്നായ ആൽബർട്ട് – വുഡ്‌ലാൻഡ്സ് തിയേറ്ററിനു മുന്നിൽ കട്ടൗട്ട് ഉയർന്നത്. ലേഡി സൂപ്പർസ്റ്റാർ എന്ന് തന്നെ വിളിക്കുന്നത് വെറുതെയല്ലെന്ന് വീണ്ടുമൊരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് നയൻതാര.
ഡയാന മറിയം നയൻതാരയായ കഥ
തെന്നിന്ത്യൻ സിനിമയിലെ ഒരേ ഒരു സൂപ്പർസ്റ്റാർ നായികയാണ് നയൻതാര. ജീവിതത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആവാൻ മോഹിച്ച തിരുവല്ലക്കാരി പെൺകുട്ടിക്ക് തെന്നിന്ത്യയുടെ ലേഡീ സൂപ്പർസ്റ്റാർ ആകാനായിരുന്നു നിയോഗം. ഡയാന മറിയം എന്ന പെൺകുട്ടിയിൽ നിന്നും നയൻതാര എന്ന സൂപ്പർതാരത്തിലേക്കുള്ള യാത്ര ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. 1984 നവംബർ 18 ന് തിരുവല്ലയിലെ സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര, ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്ത സാന്നിധ്യമാണ്.
ഒരർഥത്തിൽ, പോരാട്ടം തന്നെയായിരുന്നു നയൻതാരയുടെ ജീവിതം. പതിനാറു വര്‍ഷത്തിനിടെ നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് അവരുടെ കരിയർ മുന്നോട്ട് പോയത്. വ്യക്തിജീവിതത്തിലും കരിയറിലുമെല്ലാം തിരിച്ചടികൾ ഉണ്ടായിട്ടും കൂടുതൽ കരുത്തയായി നയൻതാര തിരിച്ചുവന്നു. സൂപ്പർസ്റ്റാറുകളുടെയോ നായകനടന്മാരുടെയോ സാന്നിധ്യമില്ലെങ്കിലും ഒരു സിനിമയെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയുമെന്ന് ആരാധകരുടെ നയൻസ് തെളിയിക്കുകയായിരുന്നു.
വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് ‘കണക്റ്റി’ന്റെ നിർമാതാക്കൾ. അശ്വിൻ ശരവണനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനുപം ഖേര്‍, സത്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഹൊറർ മൂഡിലുള്ള ട്രെയിലർ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇടവേളകളില്ല എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഹിന്ദിയിലും ‘കണക്റ്റ്’ റിലീസ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.