മമ്മൂട്ടിയുടെ ഭ്രമയുഗം ഒ.ടി.ടിലേക്കോ, ചിത്രം വിറ്റുപോയത് 30 കോടിക്ക് ? നിർമാതാവ് പറയുന്നു
text_fieldsതിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിന് ലഭിക്കുന്നത്. ഫെബ്രുവരി 15 ന് റിലീസ് ചെയ്ത ചിത്രം മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമാ ലോകത്തും വലിയ ചർച്ചയായിട്ടുണ്ട്. ആറ് ദിവസം കൊണ്ട് 15 കോടിയാണ് ഭ്രമയുഗം ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. 34 കോടിയാണ് ആഗോള കളക്ഷൻ.
തിയറ്ററുകളിൽ ഹൗസ്ഫുള്ളായി പ്രദർശനം തുടരുന്ന ഭ്രമയുഗത്തിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. 30 കോടി രൂപക്ക് സോണി ലിവ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കി എന്നായിരുന്നു പ്രചരിച്ച റിപ്പോർട്ടുകൾ. ഇപ്പോഴിതാ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരിച്ച് നിർമാതാവ് ചക്രവർത്തി രാമചന്ദ്രൻ എത്തിയിരിക്കുകയാണ്. 'പ്രചരിക്കുന്ന എല്ലാം ശരിയല്ല. ചിത്രം ആസ്വദിക്കുക. അതിലെ താരങ്ങളുടെ കഴിവിനെ അഭിനന്ദിക്കൂ' എന്ന് നിർമാതാവ് എക്സിൽ കുറിച്ചു. അതേസമയം ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ച് അണിയറപ്രവർത്തകർ പ്രതികരിച്ചിട്ടില്ല.
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണ് ഭ്രമയുഗം. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം.
ചിത്രത്തിൽ കൊടുമൺ പോറ്റിയായിട്ടാണ് മമ്മൂട്ടി എത്തിയത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ ,മാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.