മലയാളികളുടെയും പ്രിയനടൻ; വിവേകിന്‍റെ വിയോഗത്തിൽ വിതുമ്പി സിനിമാലോകം
text_fieldsമലയാളികൾക്കും വളരെ പ്രിയപ്പെട്ട നടനായിരുന്നു അന്തരിച്ച തമിഴ് താരം വിവേക്. ഹാസ്യരംഗങ്ങളിലൂടെ മാത്രമല്ല, സാമൂഹിക പ്രശ്നങ്ങളിലെ ഇടപെടലുകളിലൂടെയും വിവേക് മലയാളികൾക്ക് പ്രിയപ്പെട്ടവനായി. വിവേകിന്‍റെ പെട്ടന്നുള്ള വേർപാടിന്‍റെ വേദനയിലാണ് തെന്നിന്ത്യൻ സിനിമാലോകം. തമിഴകത്തിന് വിവേക് ചിന്നകലൈവനർ ആയിരുന്നു. വിവേകിന്‍റെ വിയോഗം ഏറെ വേദന നൽകുന്നുവെന്നാണ് സൂപ്പർതാരം രജനികാന്ത് ട്വിറ്ററിൽ കുറിച്ചത്. 'ചിന്നകലൈവനറും സാമൂഹിക പ്രവർത്തകനും എന്‍റെ പ്രിയ സുഹൃത്തുമായ വിവേകിന്‍റെ വേർപാട് വളരെ വേദനാജനകമാണ്. 'ശിവാജി' സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിനൊപ്പം ചെലവഴിച്ച ഓരോ ദിവസവും എന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസങ്ങളാണ്. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ' -രജനി ട്വിറ്ററിൽ കുറിച്ചു.
'ഒരു നടന്‍റെ കടമകൾ അഭിനയത്തോടെ അവസാനിക്കുന്നില്ല. പ്രിയ സുഹൃത്ത് വിവേക് അതിൽ വിശ്വസിച്ചിരുന്നു. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എന്നും അദ്ദേഹത്തിനുണ്ടായിരുന്നു. അത് അദ്ദേഹം ചെയ്തും കാണിച്ചു. എ.പി.ജെ. അബ്ദുൽ കലാമിന്‍റെ ഉദാത്തമായ ആശയങ്ങളിൽ വിശ്വസിച്ചിരുന്ന അദ്ദേഹം ഒരു ഹരിത പോരാളിയുമായിരുന്നു. അദ്ദേഹത്തിന്‍റെ മരണം ഒരു വലിയ നഷ്ടമാണ്' -നടൻ കമൽഹാസൻ അനുസ്മരിച്ചു.
'വിവേക്, നിങ്ങൾ ഞങ്ങളെ വിട്ടുപോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. നിങ്ങൾ ദശകങ്ങളോളം ഞങ്ങളെ ആനന്ദിപ്പിച്ചു. നിങ്ങളുടെ പെരുമ എന്നെന്നും ഞങ്ങൾക്കൊപ്പം നിലനിൽക്കും' എന്നായിരുന്നു സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ വാക്കുകൾ.
വിവേകിന്‍റെ മരണം നേരത്തേ ആയിപ്പോയി എന്നാണ് നടൻ പ്രകാശ് രാജ് പ്രതികരിച്ചത്. 'ഓ, വിവേക്, ഈ മടക്കം നേരത്തേ ആയല്ലോ സ്നേഹിതാ. നിലപാടുകളും മരങ്ങളുടെ നട്ടുപിടിപ്പിച്ചതിന് നന്ദി.' -പ്രകാശ് രാജ് അനുസ്മരിച്ചു. 'വിവേക് സർ' എന്നെഴുതിയ ശേഷം തകർന്ന ഹൃദയത്തിന്‍റെ ഇമോജികളാണ് നടൻ ധനുഷ് പങ്കുവെച്ചത്. വിവേകിന്‍റെ സ്വർഗീയ യാത്ര നേരത്തേയായത് ഹൃദയഭേദകമാെയന്ന് നടൻ മാധവൻ അനുസ്മരിച്ചു.
വിവേകിന്‍റെ മരണത്തിൽ താൻ തകർന്നു പോയി എന്ന് നടി സുഹാസിനി പ്രതികരിച്ചു. തനിക്ക് നഷ്ടമായത് ഒരു സഹോദരനേയും അടുത്ത സുഹൃത്തിനേയുമാണെന്ന് അവർ പറഞ്ഞു. ഹൃദയം നുറുങ്ങുന്ന വേദനയാൽ കൈകൾ വിറയ്ക്കുകയും കണ്ണ് നിറയുകയും ചെയ്യുന്നുവെന്ന് നടി രംഭ കുറിച്ചു. 'സിനിമയിൽ ഒന്നുമല്ലാതിരുന്ന കാലത്ത്, കഷ്ടപ്പെട്ടിരുന്ന കാലത്ത്, പിടിച്ചു കയറാൻ ശ്രമിച്ചിരുന്നു. ഹൃദയം തകരുകയും വേദനിക്കുകയും ചെയ്തിരുന്ന കാലത്തെല്ലാം നാം ഒരുമിച്ചുണ്ടായിരുന്നു' - ഖുശ്ബു അനുസ്മരിച്ചു. താരങ്ങളായ ഗൗതം കാർത്തിക്, സാമന്ത, ആത്മിക, സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് തുടങ്ങിയവരും വിവേകിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു. തമിഴ് താരങ്ങളായ വിക്രം, സൂര്യ, ജ്യോതിക, കാർത്തി, തൃഷ, യോഗിബാബു, വൈര മുത്തു, വിജയ്‌യുടെ അമ്മ ശോഭ എന്നിവർ നേരിട്ടെത്തി വിവേകിന് യാത്രാമൊഴിയേകി.
വിവേകിന്‍റെ വേർപാടിൽ മലയാള സിനിമ ലോകവും വേദന പങ്കുവെച്ചു. 'നിത്യശാന്തി നേരുന്നു വിവേക്. തന്‍റെ കരിയർ മുഴുവൻ ഞങ്ങളെ ചിരിപ്പിച്ച നടനാണ് താങ്കൾ. നിങ്ങളുടെ വിയോഗം ശരിക്കും ഹൃദയഭേദകമാണ്' -മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. 'ഹൃദയം നിറഞ്ഞ അനുശോചനം' എന്നാണ് മോഹൻലാൽ എഴുതിയത്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ജയസൂര്യ, ലാൽ, നിവിൻ പോളി, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന് ആത്മശാന്തി നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.