മറ്റുള്ളവരുടെ ഉപജീവന മാര്‍ഗം തടസപ്പെടുത്തരുത്; എസ്.പി.ബിയുടെ ശബ്ദം പുനഃസൃഷ്ടിച്ചതിനെതിരെ മകൻ
text_fieldsകുടുംബത്തിന്റെ അനുമതിയില്ലാതെ അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം നിർമിത ബുദ്ധിയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ചത് അംഗീകരിക്കാനാവില്ലെന്ന് മകനും ഗായകനുമായ എസ്.പി ചരൺ. എസ്.പി.ബിയുടെ ശബ്‌ദത്തിന്‍റെ അനശ്വരത നിലനിര്‍ത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് തങ്ങളുടെ പൂർണ പിന്തുണയുണ്ടാകുമെന്നും എന്നാൽ വാണിജ്യ ആവശ്യങ്ങൾക്ക് കുടുംബത്തിന്റെ സമ്മതമില്ലാതെ ശബ്ദം പുനഃസൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങളെ നിയമപരമായി നേരിടുമെന്നും മകൻ കൂട്ടിച്ചേർത്തു.
തെലുങ്ക് ചിത്രമായ ‘കീഡാ കോള‘യിലാണ് എസ്.പി.ബിയുടെ ശബ്ദം അനുവാദമില്ലാതെ പുനഃസൃഷ്ടിച്ചത്. ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കുടുംബം വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
'എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്‌ദത്തിന്‍റെ അനശ്വരത നിലനിര്‍ത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് തങ്ങളുടെ പൂർണ പിന്തുണയുണ്ടാകും. പക്ഷേ വാണിജ്യ ആവശ്യങ്ങൾക്ക് കുടുംബത്തിന്റെ സമ്മതമില്ലാതെ ശബ്ദം പുനഃസൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ല. ഇപ്പോഴുണ്ടായ സംഭവം നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെ നിയമപരമായി തന്നെ നേരിടും'- ചരൺ പറഞ്ഞു.
'അനുമതിയില്ലാതെ വാണിജ്യ ആവശ്യത്തിന് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗായകരുടെ ശബ്ദം ഉപയോഗിക്കുന്ന പ്രവണത ഇപ്പോഴത്തെയും ഭാവിയിലെയും ഗായകരെ ബാധിക്കും. ഏത് സാങ്കേതികവിദ്യയും മനുഷ്യരാശിക്ക് പ്രയോജനപ്പെടണം. പക്ഷേ, ആരുടെയെങ്കിലും ഉപജീവന മാര്‍ഗം തടസപ്പെടുത്തുന്ന വിധത്തിലാകരുത്'- എസ്.പി.ചരൺ കൂട്ടിച്ചേർത്തു.
നേരത്തെ ഐശ്വര്യ രജനികാന്ത് ഒരുക്കിയ ‘ലാൽസലാം‘ എന്ന ചിത്രത്തിൽ അന്തരിച്ച ബംബ ബക്യ, ഷാഹുൽ ഹമീദ് എന്നീ ഗായകരുടെ ശബ്ദം സംഗീത സംവിധായകൻ എ. ആർ റഹ്മാൻ പുനസൃഷ്ടിച്ചിരുന്നു. ഇത് ഏറെ വിമർശനം സൃഷ്ടിച്ചിരുന്നു. ഗായകരുടെ കുടുംബത്തിന്റെ അനുമതിയോടെയായിരുന്നു ശബ്ദം പുനഃസൃഷ്ടിച്ചതെന്നും പ്രതിഫലം നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.