ഒമിക്രോണിനെ തോൽപ്പിച്ച് സ്‌പൈഡർമാൻ; കലക്ഷൻ ബില്യൺ ഡോളർ കടന്നു, ഇന്ത്യയിലും ബ്ലോക്ബസ്റ്റർ
text_fieldsഇന്ത്യൻ ബോക്‌സ് ഓഫീസിൽ വൻ കുതിപ്പുമായി 'സ്‌പൈഡർമാൻ നോ വേ ഹോം'. പത്താംദിനം 10 കോടി രൂപ നേടിയ ചിത്രം ഇതുവരെ ഇന്ത്യയിൽ നിന്ന് 164 കോടി രൂപയാണ് വാരിയത്. ഇതേരീതിയിൽ മുന്നോട്ടുപോയാൽ 200 കോടിയെന്ന മാന്ത്രിക സംഖ്യയിലേക്കും ചിത്രമെത്തിയേക്കും. അമേരിക്കയിൽ നിന്ന് മാത്രം 405.5 മില്യൺ ഡോളർ (ഏകദേശം 3,060 കോടി രൂപ) നേടിയ സ്‌പൈഡർമാൻ രാജ്യത്തെ സോണിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറുകയും ചെയ്തു.
ആഗോള ബോക്‌സ് ഓഫീസിൽ 1 ബില്യൺ ഡോളറിലധികം (7500 കോടിയോളം) നേടുന്ന മഹാമാരിക്കാലത്തെ ആദ്യ സിനിമയായും സ്‌പൈഡർമാൻ നോ വേ ഹോം മാറി. 2021ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും സ്പൈഡർമാന് സ്വന്തം. ഒമിക്രോൺ ലോകമെമ്പാടും അതിവേഗം വ്യാപിച്ചപ്പോഴും തിയറ്റർ വ്യവസായത്തിന് ചിത്രം വലിയ അനുഗ്രഹമായി.
അതേസമയം, ചൈനീസ് ചിത്രമായ 'ദി ബാറ്റിൽ ഓഫ് ലേക്ക് ചാങ്‌ജിൻ', ലോകമെമ്പാടുമായി 905 മില്യണിലധികം ഡോളർ കളക്ഷൻ നേടിയിരുന്നു. മീഡിയ ഡാറ്റ അനലറ്റിക്‌സ് സ്ഥാപനമായ കോംസ്‌കോറിന്റെ നിരീക്ഷണത്തിൽ 2019ലെ സ്റ്റാർ വാർസ്: ദി റൈസ് ഓഫ് സ്കൈവാക്കറാണ് ഒരു ബില്യൺ ഡോളറിലധികം നേടിയ അവസാന ചിത്രം. മഹാമാരി തുടങ്ങിയതിന് ശേഷം മറ്റൊരു ഹോളിവുഡ് ചിത്രത്തിനും ഇത്തരമൊരു ബോക്സ് ഓഫീസ് നാഴികക്കല്ലിലെത്താൻ കഴിഞ്ഞിട്ടില്ല.
സ്പൈഡർ-മാൻ: ഹോം കമിംഗ്, സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം എന്നീ ചിത്രങ്ങളൊരുക്കിയ ജോൺ വാട്ട്സ് തന്നെയാണ് ഇരുപത്തിയേഴാമത് എംസിയൂ ചിത്രമായ 'നോ വേ ഹോമി'ന്‍റെയും സംവിധായകൻ. ടോം ഹോളണ്ട് പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ സെൻഡായ, ബെനഡിക്ട് കുംബർബാച്ച്, ജേക്കബ് ബാറ്റാലൻ, ജോൺ ഫാവ്റോ, മറീസാ ടോമീ, ടോബി മഗ്വായ, ആൻഡ്രൂ ഗാഫീൽഡ് തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.
സ്‌പൈഡർമാൻ സീരീസിലെ 2019-ൽ റിലീസായ സ്‌പൈഡർ മാൻ: ഫാർ ഫ്രം ഹോം ബോക്‌സ് ഓഫീസിൽ ഒരു ബില്യൺ ഡോളർ ഭേദിച്ച ആദ്യത്തെ സ്‌പൈഡർമാൻ ചിത്രമാണ്, കോംസ്‌കോറിന്റെ കണക്കനുസരിച്ച്, ആഗോള ടിക്കറ്റ് വിൽപ്പനയിൽ 1.132 ബില്യൺ ഡോളറുമായി നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയാണിത്.
നോ വേ ഹോമിന് മുമ്പ്, എംജിഎമ്മിന്റെ ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ, ആഗോളതലത്തിൽ ബോക്‌സ് ഓഫീസിൽ 774 മില്യൺ ഡോളർ നേടിയിരുന്നു. അവഞ്ചേഴ്സ് എൻഡ് ഗെയിമിനു ശേഷവും മർവൽ ഗംഭീരമായി തിരിച്ചു വന്നു എന്നതിന്റെ സൂചനയാണ് പുതിയ സ്പൈഡർ മാൻ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത ദൃശ്യമാക്കുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സിനിമാ വിപണിയായ ചൈനയിൽ ചിത്രം റിലീസ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.