ഭരണകൂട സെന്‍സറിങ് എതിര്‍ക്കപ്പെടണം
text_fields1998ലെ കാര്‍ലൊവി വേരി (Karlovy Vary) ചലച്ചിത്ര മേള. ചെക് റിപബ്ലിക്കിലെ പശ്ചിമ ബൊഹീമിയന്‍ മേഖലയിലുള്ള സുന്ദര പട്ടണത്തില്‍ നടക്കുന്ന മേളയില്‍ ജൂറിയംഗമാണ്, ചെക് സിനിമയില്‍ നവതരംഗത്തിന് തുടക്കമിട്ട സംവിധായകന്‍ ജിറി മെന്‍സല്‍. ഒരു സ്‌ക്രീനിങിന് തൊട്ടുമുമ്പ് വേദിയില്‍ കയറി ആക്രോശത്തോടെ ഒരാളെ വടി കൊണ്ട് അടിക്കുന്ന മെന്‍സലിനെ കണ്ട് സകലരും ഞെട്ടി. അദ്ദേഹത്തിന്‍റെ സിനിമയിലെ രംഗത്തുനിന്ന് ഇറങ്ങി വന്ന രണ്ട് കഥാപാത്രങ്ങള്‍ മുന്നിലെത്തിയെന്ന പോലെ സദസ്യര്‍ ഹരം കയറി കൈയടിച്ചും കൂക്കിവിളിച്ചും പ്രോത്സാഹിപ്പിച്ചു. സര്‍റിയലിസ്റ്റ് ശൈലി കൊണ്ട് യൂറോപ്യന്‍ സാഹിത്യത്തെ ത്രസിപ്പിച്ച ബൊഹുമില്‍ ഹ്രബാലിന്റെ 'ഐ സേര്‍വ്ഡ് ദി കിങ് ഓഫ് ഇംഗ്ലണ്ടി'ന്റെ പകര്‍പ്പവകാശം വാങ്ങി, പിന്നീട് ഒരു ടി.വി. കമ്പനിക്ക് വിറ്റ് മെന്‍സലിനെ കബളിപ്പിച്ച നിര്‍മാതാവായിരുന്നു അടി ഏറ്റുവാങ്ങിയത്. 'എന്നെ പൊലീസ് കൊണ്ടുപോയി. എനിക്ക് പിഴയൊടുക്കേണ്ടിവന്നു. പക്ഷേ, അതായിരുന്നു എന്റെ ശരി. എന്നോട് ചെയ്ത അധാര്‍മികതക്ക് അയാള്‍ ശിക്ഷ അര്‍ഹിച്ചിരുന്നു'- ആ സംഭവം അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു. അധാര്‍മികതയെയും അടിച്ചമര്‍ത്തലിനെയുമെല്ലാം കറുത്ത ഹാസ്യമെന്ന വടി കൊണ്ട് എന്നും പ്രഹരിച്ചിരുന്ന ജിറി മെന്‍സലിന്റെ ശരി അതല്ലാതെ മറ്റ് എന്താകാന്‍!
28ാം വയസില്‍ ആദ്യ മുഴുനീള ചിത്രത്തിനുതന്നെ ഒസ്‌കര്‍ പുരസ്‌കാരം (1968-ക്ലോസ്‌ലി വാച്ച്ഡ് ട്രയിന്‍സ്-മികച്ച വിദേശ ഭാഷാചിത്രം) നേടിയ മെന്‍സല്‍ ലോക ചലച്ചിത്ര ചരിത്രത്തില്‍ സിംഹാസനം വലിച്ചിട്ടിരിക്കുന്നത് ഈ ശരിയുടെ പേരിലാണ്. നാസി അധിനിവേശ-കമ്യൂണിസ്റ്റ് ഭരണ കാലഘട്ടങ്ങളിലെല്ലാം ചെകോസ്‌ലോവാക്യയിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍, നാടകങ്ങളിലും സിനിമകളിലും വിപ്ലവകരമായി തന്റെ ശരികള്‍ മുറുകെ പിടിച്ചാണ് ഈ മനുഷ്യന്‍ തന്നെ അടയാളപ്പെടുത്തിയിരിക്കുന്നത്. 21ാം കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സമഗ്ര സംഭാവനക്കുള്ള സംസ്ഥാനത്തിന്റെ ആദരം ഏറ്റുവാങ്ങാന്‍ തിരുവനന്തപുരത്തെത്തിയ ജിറി മെന്‍സലുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്:
ഒരുപാട് പറഞ്ഞിട്ടുണ്ടെങ്കിലും എന്നും പ്രസക്തമായതിനാല്‍, സെന്‍സര്‍ഷിപ്പില്‍ നിന്നുതന്നെ തുടങ്ങാം. കടുത്ത സെന്‍സര്‍ഷിപ്പ് വ്യവസ്ഥകളെ പ്രതിരോധിച്ച, അതിജീവിച്ച ഒരാള്‍ സിനിമക്ക് സെന്‍സര്‍ഷിപ്പ് വേണമെന്ന് പറയുന്നതിലെ വൈരുധ്യത്തെ എങ്ങനെ ന്യായീകരിക്കുന്നു?
ജിറി: സിനിമക്ക് സെന്‍സറിങ് അനിവാര്യമാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം. അത് സദാചാരപരമായ കാരണങ്ങളാലാണ്. ഒരു കുട്ടി വളര്‍ന്നുവരുമ്പോള്‍ അസഭ്യമായതും സംസ്‌കാരശൂന്യമായതുമൊന്നും ചെയ്യാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കാറില്ലേ? സെന്‍സര്‍ഷിപ്പിനും ആ സ്ഥാനമാണ്. സാംസ്‌കാരിക ചരിത്രത്തിലുടനീളം അതുണ്ടായിരുന്നതായി കാണാം. അതില്ലെങ്കില്‍ ഏതുതരം ആഭാസവും സാധ്യമാകും. മാനവ സദാചാരത്തിന്റെ അന്ത്യമായിരിക്കും അനന്തരഫലം. സെന്‍സര്‍ഷിപ്പ് സ്വാതന്ത്ര്യത്തിന് എതിരല്ല. എന്നാല്‍, ആഭാസത്തിനുള്ള സ്വാതന്ത്ര്യം നല്‍കുന്നുമില്ല. എല്ലാ സ്വാതന്ത്ര്യവും ലഭിച്ചാല്‍ ലക്ഷ്യബോധവും ദിശാബോധവും നഷ്ടപ്പെടും. കലാസൃഷ്ടിക്ക് എപ്പോഴും ഒരു അതിര്‍വരമ്പ് വേണം. അതേസമയം, ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും മനുഷ്യന്റെ ചിന്തയെ, ആശയങ്ങളെ, സംസാരത്തെ, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സെന്‍സര്‍ ചെയ്യുന്നത് എതിര്‍ക്കപ്പെടണമെന്ന നിലപാട് എന്നില്‍ ശക്തമാണ്. അത്തരം സ്വാതന്ത്ര്യം മനുഷ്യന് അനുവദിക്കപ്പെടുക തന്നെ വേണം. അതിനായി നിലകൊള്ളുന്ന ആളാണ് ഞാന്‍. ഭരണകൂടം തെറ്റുചെയ്താല്‍ വിമര്‍ശിക്കാന്‍ സിനിമ പോലുള്ള കലാസൃഷ്ടികള്‍ ഉപയോഗിക്കുക തന്നെ വേണം. എന്നാല്‍, അതിലൂടെ അസത്യം, അശ്ലീലം, അധാര്‍മികത ഇവയൊന്നും പ്രചരിപ്പിക്കാന്‍ പാടില്ലെന്നേ ഞാന്‍ പറയുന്നുള്ളൂ. സിനിമയെന്നല്ല, ഒരു കലാസൃഷ്ടിയും മനുഷ്യന് എതിരാകരുത്. ഈ നിലപാടില്‍ എന്ത് വൈരുധ്യമാണുള്ളത്?
കലയില്‍ ഏകാധിപത്യത്തിന്റെയും ഫാഷിസത്തിന്റെയും ഇടപെടല്‍. അത് പല രൂപത്തിലും താങ്കളുടെ കാലഘട്ടത്തിലെന്നപോലെ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇത് എങ്ങനെ അതിജീവിക്കാനാകും?
ജിറി: ഇന്ത്യയില്‍ അത്തരം സാഹചര്യമുണ്ടോ?
ഉണ്ട്. ഈ മേളയില്‍ തന്നെ സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 'കാ ബോഡിസ്‌കേപ്‌സ്' എന്ന മലയാള സിനിമ പ്രദര്‍ശിപ്പിച്ചത് കോടതി അനുമതിയോടെയാണ്.
ജിറി: ഇവിടെ കലയില്‍ ഭരണകൂട ഇടപെടലുകള്‍ ഉണ്ടെങ്കില്‍ എതിര്‍ക്കപ്പെടുക തന്നെ വേണം. മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കുന്ന ഏത് തരത്തിലുമുള്ള ഇടപെടലുകളും എതിര്‍ക്കപ്പെടണം. ഫാഷിസം, നാസിസം, കമ്യൂണിസം... പല പേരുകളാകാം. എല്ലാം ഒന്നുതന്നെ. എന്റെ രാജ്യത്ത് നാസി അധിനിവേശ കാലത്തും കമ്യൂണിസ്റ്റ് മേല്‍ക്കോയ്മ കാലത്തുമെല്ലാം വേറിട്ടൊരു ചിന്ത അനുവദിക്കപ്പെട്ടിരുന്നില്ല. നല്ല എഴുത്തുകളെ, കലയെ നിരോധിച്ചു. തുറന്ന ചര്‍ച്ചകള്‍ പോലും വിലക്കപ്പെട്ടിരുന്നു. അതിര്‍ത്തികള്‍ അടച്ചതിനാല്‍ യാത്ര സാധ്യമാകുമായിരുന്നില്ല. പാശ്ചാത്യ റേഡിയോ സ്‌റ്റേഷനുകള്‍ തുറന്നാല്‍ ഗുര്‍...ഗുര്‍..ഗുര്‍...എന്ന മുരള്‍ച്ച മാത്രം. കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്ര കുത്തപ്പെട്ടതിനാല്‍ 1969ല്‍ ഞാന്‍ സംവിധാനം ചെയ്ത 'ലാര്‍ക്‌സ് ഓണ്‍ എ സ്ട്രിങ്' സോവിയറ്റ് അധികൃതര്‍ നിരോധിച്ചു. 20 വര്‍ഷം കഴിഞ്ഞാണ് അത് റിലീസ് ചെയ്യാനായത്. 1974 വരെ സിനിമയെന്നല്ല, ഒരു കലാമേഖലയിലും പ്രവര്‍ത്തിക്കാന്‍ എനിക്ക് അനുവാദമുണ്ടായിരുന്നില്ല. ആശയം, തിരക്കഥ, ഷൂട്ടിങ്, പോസ്റ്റ് പ്രൊഡക്ഷന്‍ എന്നിവയെല്ലാം നിരീക്ഷിക്കപ്പെട്ടിരുന്നു. എന്നിട്ടും മികച്ച സിനിമകള്‍ സാധ്യമായത് കലഹങ്ങളിലൂടെയേ മികച്ച സൃഷ്ടികളുണ്ടാകൂ എന്നതിനാലാണ്. അതിര്‍വരമ്പുകള്‍ ഇല്ലെങ്കില്‍ നമ്മുടെ സൃഷ്ടികള്‍ അബദ്ധ ജല്‍പനങ്ങളാകും. ഈ അതിര്‍വരമ്പുകളോട് നിരന്തരം കലഹിക്കുകയാണ് കലാകാരന്‍ ചെയ്യേണ്ടത്. ഇപ്പോള്‍ സാങ്കേതികത വളരെ മുന്നേറിയതിനാല്‍ ഈ കലഹം വിജയിക്കാന്‍ സാധ്യതയേറെയാണ്. സെന്‍സര്‍ ചെയ്യപ്പെട്ട ഒരു സൃഷ്ടി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാം, സീഡിയാക്കാം. അശ്ലീലതയും ഇങ്ങനെ പ്രചരിക്കപ്പെടുന്ന കാലത്ത് സെന്‍സര്‍ഷിപ്പിന് എന്തര്‍ഥം എന്ന് വാദിക്കുന്നവരുമുണ്ട്. നമ്മള്‍ സ്വയം ഒരു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നാണ് അവര്‍ക്കുള്ള എന്റെ മറുപടി.
മിലോസ് ഹോര്‍മാനെ പോലുള്ള സമകാലികര്‍ കലഹിക്കാന്‍ നില്‍ക്കാതെ രാജ്യം വിട്ടു. താങ്കള്‍ അവിടെ തുടരുകയും ചെയ്തു?
ജിറി: മറ്റ് രാജ്യങ്ങളിലേക്ക് പോയിരുന്നെങ്കില്‍ എനിക്ക് ഇത്തരം ഇടപെടലുകള്‍ സാധ്യമാകുമായിരുന്നില്ല. എന്റെയുള്ളില്‍ ലയിച്ചുചേര്‍ന്ന സംസ്‌കാരം, സാഹിത്യം, ചരിത്രം എല്ലാം എന്റെ മാതൃരാജ്യത്തിന്‍േറതാണ്. അത് ഉപേക്ഷിച്ചൊരു ആശയം പോലും രൂപീകരിക്കാന്‍ ഞാന്‍ പാകപ്പെട്ടിരുന്നില്ല. വിദേശ സാഹചര്യത്തില്‍ സിനിമ ചെയ്യാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. രാജ്യത്തോടുള്ള കൂറും നാട്ടുകാരോടുള്ള പ്രതിബദ്ധതയും രാജ്യം വിടുന്നതില്‍ നിന്ന് എന്നെ തടഞ്ഞു. എന്റെ പാസ്‌പോര്‍ട്ട് അധികൃതര്‍ പിടിച്ചെടുത്തിരുന്നതും ഒരു കാരണമായി. ചെക് ആത്മാവും ചെക് ചിന്തയും നിലനിര്‍ത്തി തന്നെയാണ് മിലോസ് ഫോര്‍മാന്‍ അമേരിക്കന്‍ സിനിമകള്‍ എടുത്തത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ നിന്നുള്ള രണ്ട് സംവിധായകരെയേ അമേരിക്ക അംഗീകരിച്ചിരുന്നുള്ളൂ. മിലോസ് േഫാര്‍മാനെയും റൊമാന്‍ പോളന്‍സ്‌കിയെയും. ഒസ്‌കാര്‍ ജേതാവ് എന്ന പരിഗണന എനിക്കും ലഭിച്ചു.
28 സിനിമകള്‍, 20 തിരക്കഥകള്‍, 67 സിനിമകളിലെ വേഷങ്ങള്‍... നാടകം പഠിക്കാന്‍ ആഗ്രഹിച്ച് സിനിമയിലെത്തിപ്പെട്ടപ്പോള്‍ ഇത്ര വളര്‍ച്ച പ്രതീക്ഷിച്ചിരുന്നോ?
ജിറി: നാടകത്തില്‍ തന്നെ ഹാസ്യനാടകങ്ങള്‍ അവതരിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. സ്‌കൂളില്‍ പ~ിക്കുമ്പോള്‍ മുതല്‍ ആളുകളെ ചിരിപ്പിക്കുന്ന രംഗങ്ങള്‍ സൃഷ്ടിക്കുന്നതിനായിരുന്നു താല്‍പര്യം. എന്റെ നാടകങ്ങളിലും സിനിമകളിലുമെല്ലാം ആ ചിരിയുണ്ട്. രാഷ്ട്രീയം പോലെ ഗൗരവമേറിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തപ്പോളും ആ ചിരി വിട്ടില്ല. അത് ഇത്തിരി ഗൗരവമുള്ളതായെന്ന് മാത്രം. ഗൗരവമുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അല്‍പം ഹാസ്യം നല്ലതാണ്. ഗൗരവത്തോടെ മാത്രം പറഞ്ഞാല്‍ അത് അപഹാസ്യമാകും. വേണ്ടത്ര കഴിവില്ലെന്ന് പറഞ്ഞാണ് എനിക്ക് നാടക അക്കാദമിയില്‍ പ്രവേശനം ലഭിക്കാഞ്ഞത്. ടി.വി. പ്രചാരത്തിലായി വരുന്ന കാലമാണ്. കഴിവ് കുറഞ്ഞ നടന്മാരെ ആയിരുന്നു ടി.വിക്കാവശ്യം (ചിരിക്കുന്നു). അങ്ങിനെ ഞാന്‍ പ്രാഗിലെ എഫ്.എ.എം.യു ഫിലിം സ്‌കൂളിലെത്തി. കമ്യൂണിസ്റ്റ് പ്രചാരണത്തിനുള്ള സിനിമകള്‍ സംവിധാനം ചെയ്ത ആളാണെങ്കിലും ഒടാഗര്‍ വാവ്‌റയെ പോലൊരു മികച്ച അധ്യാപകനെ അവിടെ ലഭിച്ചതാണ് എനിക്ക് ഭാഗ്യമായത്. ചെക് നവതരംഗത്തിന്റെ അമരക്കാരായ ജാന്‍ നെമക്, മിലോസ് ഫോര്‍മാന്‍, വെറ ചിതിലോവ തുടങ്ങിയവരൊക്കെ സഹപാ~ികളായിരുന്നു. ഇവരെല്ലാമാണ് വഴിതെറ്റി വന്ന എനിക്ക് മാര്‍ഗദര്‍ശികളായത്.
വഴിതെറ്റി വന്ന മേഖലയിലും ആദ്യ സിനിമക്ക് തന്നെ ഓസ്‌കര്‍, നിരവധി സിനിമകളിലെ നായക വേഷങ്ങള്‍... അതൊന്നും ചെറിയ കാര്യമല്ലല്ലോ?
ജിറി: ഭാഗ്യവും അവസരങ്ങളും എനിക്കൊപ്പമായിരുന്നതിനാലാണത്. ഒസ്‌കര്‍ കിട്ടാത്ത നിരവധി മികച്ച ചിത്രങ്ങളുണ്ട്. ഒസ്‌കര്‍ ലഭിച്ച മോശം ചിത്രങ്ങളുമുണ്ട്. സിനിമയുടെ മികവ്, സിനിമാക്കാരന്റെ പ്രതിഭ ഇതൊന്നും അളക്കാനുള്ള മാനദണ്ഡമേ അല്ല ഒസ്‌കര്‍. നിങ്ങള്‍ തെരുവിലൂടെ നടക്കുകയാണെന്ന് വിചാരിക്കുക. പോകുന്ന വഴിയില്‍ അല്‍പം പണം കിടക്കുന്നുണ്ട്. ആ തെരുവിലൂടെ നടക്കുന്ന എല്ലാവര്‍ക്കും ആ പണം കിട്ടാന്‍ തുല്യ അവസരമാണ്. പക്ഷേ, നിങ്ങള്‍ക്കത് കിട്ടുന്നു എങ്കില്‍ അത് ഭാഗ്യം കൊണ്ടാണ്. ഒസ്‌കര്‍ ലഭിച്ചതുകൊണ്ടുള്ള നേട്ടങ്ങള്‍ അറിയപ്പെട്ടു, കാര്യങ്ങള്‍ എളുപ്പമായി എന്നതാണ്. ഇവിടെ നിങ്ങളുടെ മുന്നില്‍ ഇരിക്കുന്നത് പോലും അതുകൊണ്ടാണ്. സിനിമ അഭിനയത്തിലും യാദൃശ്ചികമായി വന്നുപെട്ടതാണ്. എന്‍െ സിനിമാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെട്ടിരുന്ന കാലത്താണ് സ്ലോവാക്യന്‍ സംവിധായകന്‍ കദര്‍ 'അക്യൂസ്ഡ്' എന്ന സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുന്നത്. അതിലെ അഭിനയം കണ്ട് പലരും കാസ്റ്റ് ചെയ്തു തുടങ്ങി. അങ്ങിനെ ഞാന്‍ നടനുമായി. കൗമാരകാലത്ത് ഒരു റസ്‌റ്റോറന്റില്‍ വെയ്റ്റര്‍ ആയി ജോലി ചെയ്തിട്ടുണ്ട് ഞാന്‍. അപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം വലുതാകുമ്പോള്‍ ഒരു ഹോട്ടല്‍ ഉടമ ആകണമെന്നായിരുന്നു. പിന്നീട് പത്രപ്രവര്‍ത്തകനാകാന്‍ മോഹിച്ചു. അന്ന് പല വാര്‍ത്തകളും ഭരണകൂടത്തിന് വേണ്ടി സൃഷ്ടിക്കപ്പെടുന്നവയായിരുന്നു. കള്ളം, കള്ളം, കള്ളം. അതില്‍ താല്‍പര്യമില്ലാത്തതിനാല്‍ ആ മോഹവും ഉപേക്ഷിച്ചു. ഇതെല്ലാം തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോഴത്തേത് അത്ര ചെറിയ നേട്ടമല്ല എന്നുപറയാം. എന്നാല്‍, ഇതിന് വേണ്ടിയൊന്നുമല്ല ഞാന്‍ സിനിമയെടുത്ത് തുടങ്ങിയത്. നിരൂപകര്‍ക്ക് വേണ്ടിയോ (തങ്ങള്‍ സംവിധായകനെക്കാള്‍ മിടുക്കനാണെന്ന് തെളിയിക്കാനാണ് അവര്‍ക്ക് വ്യഗ്രത), പ്രശസ്തിക്ക് വേണ്ടിയോ അല്ല. സാധാരണ പ്രേക്ഷകര്‍ ആസ്വദിക്കണം. തെരുവില്‍ വെച്ച് കണ്ടുമുട്ടുന്നൊരാള്‍ 'നിങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടു' എന്ന് പറഞ്ഞാല്‍ ഞാന്‍ സംതൃപ്തനായി.
സിനിമയില്‍ സജീവമായപ്പോളും നാടകത്തോടുള്ള അഭിനിവേശം ഉപേക്ഷിച്ചിരുന്നില്ല. ഇതില്‍ ഏതാണ് ആത്മാവിഷ്‌കാരത്തിനുള്ള നല്ല മാര്‍ഗമായി തോന്നുന്നത്?
ജിറി: സിനിമ എന്റെ ജോലിയാണ്. തീയറ്റര്‍ ഹോബിയും. സിനിമ പോലെ തന്നെ പ്രാധാന്യം നല്‍കുന്നുണ്ട് നാടകത്തിനും. നാടകത്തിനാണ് കൂടുതല്‍ ജീവനുള്ളത്. ടിന്നിലടച്ച് സൂക്ഷിക്കുന്ന ഇറച്ചിയും കശാപ്പുശാലയില്‍ നിന്ന് ഫ്രഷ് ആയി വാങ്ങുന്ന ഇറച്ചിയും പോലെ വ്യത്യാസമുണ്ട് ഇവ തമ്മില്‍. ടിന്നിലെ ഇറച്ചിക്ക് എന്നും ഒരേ രുചിയാണ്. കടയില്‍ നിന്ന് വാങ്ങുന്നത് ഓരോ തവണ പാകം ചെയ്യുമ്പോളും വ്യത്യസ്ത രുചി പകരും. ചിലപ്പോള്‍ എരിവ് കൂടാം, കുറയാം. നാടകത്തില്‍ ഓരോ സന്ധ്യയും വ്യത്യസ്തമാണ്. അഭിനയം, ഭാവം, സദസ്യര്‍ തുടങ്ങി ഒരു നിമിഷവും ആവര്‍ത്തിക്കപ്പെടില്ല. നാടകത്തില്‍ മനുഷ്യനും മനുഷ്യനും തമ്മിലാണ് ഇടപെടല്‍. സിനിമയില്‍ അത് മനുഷ്യനും തിരശ്ശീലയും തമ്മിലാണ്.
മധ്യ,കിഴക്കന്‍ യൂറോപ്പ് സിനിമയിലെ സുപ്രധാന നാഴികക്കല്ലാണ് ചെക് നവതരംഗം. അതിന്റെ അമരക്കാരിലൊരാളായി. ആ കാലഘട്ടത്തെ കുറിച്ച്?
ജിറി: 1965ല്‍ ബൊഹുമില്‍ ഹ്രബാലിന്റെ 'അഗാധതയിലെ പവിഴങ്ങള്‍' (Pearls from the deep), അഞ്ച് കഥകളുടെ സീരീസ് ആയിരുന്നു അത്, സിനിമയാക്കി കൊണ്ടാണ് ഞങ്ങള്‍ ചെക് നവതരംഗത്തിന് തുടക്കമിടുന്നത്. 'ദ ഡെത്ത് ഓഫ് മിസ്റ്റര്‍ ബല്‍ത്തസാര്‍' ആണ് ഞാന്‍ ചെയ്തത്. ഹ്രബാലിന്റെ കാവ്യാത്മക ഗദ്യങ്ങളിലൂടെ സാധാരണക്കാരന്റെ ഉത്കണ്~കള്‍ കാവ്യാത്മകമായി അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്കായി. എഫ്.എ.എം.യു ഫിലിം സ്‌കൂളില്‍ ഞാനൊരു ഭേദപ്പെട്ട വിദ്യാര്‍ഥിയൊന്നുമായിരുന്നില്ല. ഞാനായിരുന്നു ചെറുപ്പം. നാല് വര്‍ഷത്തെ അവിടുത്തെ പ~നത്തിനിടെ വര്‍ഷങ്ങളോളം ജോലി ചെയ്താലും പ~ിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഒടാഗര്‍ വാവ്‌റയില്‍ നിന്ന് ലഭിച്ചത്. സിനിമ വെറും അവതരണ കലയല്ല, സംസ്‌കാരവും അതില്‍ അലിഞ്ഞിരിക്കുന്നു എന്ന് പിപ്പിച്ചത് അദ്ദേഹമാണ്. പ്രത്യേകിച്ച് ലക്ഷ്യങ്ങളില്ലായിരുന്ന എന്നെ മാറ്റിമറിച്ചത് വാവ്‌റയും ഹ്രബാലിന്റെ രചനകളുമാണ്. തനത് ശൈലിയും കാഴ്ചപ്പാടും എനിക്കുണ്ടായി. രാജ്യത്തെ പ്രത്യേകമായ രാഷ്ട്രീയ കാലാവസ്ഥ കൂടിയായപ്പോള്‍ നവതരംഗ ചിന്തകള്‍ക്ക് എന്‍േറതായ സംഭാവനകള്‍ നല്‍കാനായി. ഒഴുകുന്ന നദിയില്‍ തടയണ കെട്ടിയ പോലെയാണ് ഞങ്ങളുടെ തലമുറക്ക് ഭരണകൂട ഇടപെടലുകള്‍ അനുഭവപ്പെട്ടത്. തടയണ തകര്‍ത്ത് ശക്തമായൊഴുകാന്‍ ആ നദി ശ്രമിച്ചു, വിജയിച്ചു. ഇപ്പോഴത്തെ തലമുറക്ക് ആ പ്രതിബന്ധങ്ങള്‍ ഇല്ല. നദി ശാന്തമായാണൊഴുകുന്നത്. അവര്‍ക്ക് വിഭവ സ്രോതസ്സുകള്‍ ഏറെയാണ്.
ഹ്രബാലുമൊത്ത് പ്രവര്‍ത്തിച്ച നാളുകളെ എങ്ങനെ ഓര്‍ക്കുന്നു?
ജിറി: എന്റെ തലമുറയിലെ മുഴുവന്‍ ആളുകളും ഹ്രബാലിനെ ഇഷ്ടപ്പെട്ടിരുന്നു. 'പേള്‍സ് ഫ്രം ദ ഡീപ്പി'ലെ 'ദ ഡെത്ത് ഓഫ് മിസ്റ്റര്‍ ബല്‍ത്തസാറി'ന് ശേഷം 'ക്ലോസ്‌ലി വാച്ച്ഡ് ട്രയിന്‍സ്', 'ലാര്‍ക്‌സ് ഓണ്‍ എ സ്ട്രിങ്', 'ഐ സേര്‍വ്ഡ് ദ കിങ് ഓഫ് ഇംഗ്ലണ്ട്' തുടങ്ങി നിരവധി ഹ്രബാല്‍ അനുകല്‍പനകള്‍ (adaptations) ഞാന്‍ ചെയ്തു. മരണം വരെ അദ്ദേഹവുമായി അടുത്ത ബന്ധമായിരുന്നു. സിനിമ പോലെ തന്നെ സോവിയറ്റ് മേല്‍ക്കോയ്മ കാലത്ത് സാഹിത്യവും വിലക്കപ്പെട്ടിരുന്നു. ഹ്രബാല്‍, കുന്ദേര, സ്‌കവോര്‍കി പോലുള്ളവരുടെ പുസ്തകങ്ങള്‍ ലൈബ്രറികളില്‍ നിന്നും പ്രസാധകരില്‍ നിന്നും പിടിച്ചെടുത്ത് പള്‍പ്പ് ആക്കി മാറ്റാന്‍ കൊണ്ടുപോയിരുന്നു. ഹ്രബാലിന്റെ ഭാര്യ റീസൈക്ലിങ് പ്ലാന്റിലായിരുന്നു ജോലി ചെയ്തിരുന്നത്. അവര്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ നശിപ്പിക്കാതെ രഹസ്യമായി സുഹൃത്തുക്കള്‍ക്കിടയില്‍ വിതരണം ചെയ്താണ് ഭരണകൂട അതിക്രമത്തെ അതിജീവിച്ചത്.
ഇന്ത്യന്‍ സിനിമകള്‍ കാണാറുണ്ടോ? എന്താണ് അഭിപ്രായം?
ജിറി: ഇന്ത്യന്‍ സിനിമകളെ കുറിച്ച് ആധികാരികമായി പറയാന്‍ എനിക്ക് കഴിയില്ല. വളരെ അപൂര്‍വമായേ ഞാന്‍ ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ളൂ. അതും സത്യജിത് റായ് സിനിമകള്‍ മാത്രം. എന്നാല്‍, ഇന്ത്യക്കാരെ കുറിച്ച് പ്രത്യേകിച്ച് മലയാളികളെ കുറിച്ച് നല്ലതേ പറയാനുള്ളൂ. ചുണ്ടില്‍ പുഞ്ചിരിയുമായുള്ള ജനങ്ങളെയാണ് തെരുവില്‍ കാണുന്നത്. ഒരു വിദേശ രാജ്യത്തെ സംവിധായകന്‍ പോലും ഇവിടെ തിരിച്ചറിയപ്പെടുന്നു, ആദരിക്കപ്പെടുന്നു. അയാളെ കാണുമ്പോള്‍ ആളുകള്‍ സൗഹാര്‍ദപരമായി ചിരിക്കുന്നു. ഇതൊന്നും എന്‍റെ രാജ്യത്ത് ഇല്ലെന്നും തന്നെ പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.