സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ ജയസൂര്യ, മികച്ച നടി അന്ന ബെൻ
text_fieldsതിരുവനന്തപുരം: നിശ്ശബ്ദമായ ആൺകോയ്മയുടെ നിർദയമായ അധികാരപ്രയോഗങ്ങളെ ഒരു പെൺകുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ ശക്തമായി അവതരിപ്പിച്ച ജിയോ ബേബിയുടെ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ന് കഴിഞ്ഞവർഷത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന പുരസ്കാരം. സംവിധായകനും നിർമാതാവിനും രണ്ട് ലക്ഷം വീതവും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രജേഷ് സെൻ സംവിധാനം ചെയ്ത 'വെള്ളം: ദി എസൻഷ്യൽ ഡ്രിങ്കി'ലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും ടി.ടി. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേളയിലെ അഭിനയത്തിന് അന്ന ബെൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
ഒരു ലക്ഷവും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മനുഷ്യെൻറ പെരുമാറ്റത്തിലെ സങ്കീര്ണതകളെയും അവയുടെ രീതിയെയും 'എന്നിവർ' എന്ന ചിത്രത്തിലൂടെ ശിൽപഭദ്രമായി ആവിഷ്കരിച്ച സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ. രണ്ട് ലക്ഷവും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത 'തിങ്കളാഴ്ച നിശ്ചയ'മാണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച കഥാകൃത്തിനുള്ള പുരസ്കാരവും സെന്ന ഹെഗ്ഡെ സ്വന്തമാക്കി. കപ്പേള ഒരുക്കിയ ടി.ടി. മുഹമ്മദ് മുസ്തഫയാണ് നവാഗത സംവിധായകൻ. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഒരുക്കിയ ജിയോ ബേബിയാണ് മികച്ച തിരക്കഥാകൃത്ത്. ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും നേടി. 'സൂഫിയും സുജാതയും'ചിത്രത്തിലെ ഗാനങ്ങൾക്കും പശ്ചാത്തലസംഗീതത്തിനും എം. ജയചന്ദ്രന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു.
മികച്ച ചിത്രം: ദ് ഗ്രേറ്റ് ഇന്ത്യന് കിച്ചൻ
മികച്ച രണ്ടാമത്തെ ചിത്രം - തിങ്കളാഴ്ച നിശ്ചയം
മികച്ച സംവിധായകൻ - സിദ്ധാർത്ഥ ശിവ
മികച്ച നടി: അന്ന ബെന് (കപ്പേള)
മികച്ച നടൻ: ജയസൂര്യ (വെള്ളം)
മികച്ച സ്വഭാവ നടൻ - സുധീഷ്
മികച്ച സ്വഭാവ നടി - ശ്രീരേഖ
മികച്ച ബാലതാരം (ആൺ) - നിരഞ്ജൻ എസ്.
മികച്ച ബാലതാരം (പെൺ) - അരവ്യ ശർമ
മികച്ച കഥാകൃത്ത്- സെന്ന ഹെഗ്ഡെ
മികച്ച ഛായാഗ്രാഹകൻ - ചന്ദ്രു സെൽവരാജ്
മികച്ച തിരക്കഥാകൃത്ത് - ജിയോ ബേബി
മികച്ച ഗാനരചയിതാവ്: അൻവർ അലി
മികച്ച സംഗീത സംവിധായകൻ - എം. ജയചന്ദ്രൻ
മികച്ച പശ്ചാത്തല സംഗീതം: എം. ജയചന്ദ്രൻ
മികച്ച പിന്നണി ഗായിക - നിത്യ മാമ്മൻ
മികച്ച ചിത്രസംയോജകൻ - മഹേഷ് നാരായണൻ
മികച്ച കലാസംവിധായകൻ - സന്തോഷ് രാമൻ
മികച്ച സിങ്ക് സൗണ്ട് - ആദർശ് ജോസഫ് ചെറിയാൻ
മികച്ച ശബ്ദമിശ്രണം - അജിത് എബ്രഹാം ജോർജ്
മികച്ച ശബ്ദരൂപകൽപ്പന - ടോണി ബാബു
മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ് - ലിജു പ്രഭാകർ
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - റഷീദ് അഹമ്മദ്
മികച്ച വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ
മികച്ച ഡബ്ബിങ് ആർട്ടിസ്സ്റ്റ് (ആൺ) - ഷോബി തിലകൻ
മികച്ച ഡബ്ബിങ് ആർട്ടിസ്സ്റ്റ് (പെൺ) - റിയ സൈറ
മികച്ച നൃത്ത സംവിധാനം - ലളിത സോബി
മികച്ച ജനപ്രിയ ചിത്രം: അയ്യപ്പനും കോശിയും
മികച്ച നവാഗത സംവിധായകൻ- മുഹമ്മദ് മുസ്തഫ ടി.ടി
മികച്ച കുട്ടികളുടെ ചിത്രം: ബൊണാമി
വിഷ്വൽ എഫക്ട്സ് - സര്യാസ് മുഹമ്മദ്
സ്ത്രീ വിഭാഗങ്ങൾക്കുള്ള പ്രത്യേക പുരസ്കാരം - നഞ്ചിയമ്മ
പ്രത്യേക ജൂറി അവാർഡ് - സിജി പ്രദീപ്
പ്രത്യേക ജൂറി പരാമർശം - വസ്ത്രാലങ്കരം -നളിനി ജമീല
'കപ്പേള'ക്കായി പ്രയത്നിച്ചവർക്ക് സമർപ്പിക്കുന്നു –അന്ന ബെൻ
കൊച്ചി: തനിക്ക് ലഭിച്ച പുരസ്കാരം 'കപ്പേള' സിനിമക്ക് വേണ്ടി പ്രയത്നിച്ച ഓരോരുത്തർക്കും സമർപ്പിക്കുന്നതായി നടി അന്ന ബെൻ. സംവിധായകൻ, എഴുത്തുകാരൻ, കൂടെ അഭിനയിച്ചവർ ഇവരൊക്കെ ഇല്ലായിരുെന്നങ്കിൽ കഥാപാത്രം ഇത്രയും നന്നായി ചെയ്യാനാകുമായിരുന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട വാർത്തയറിഞ്ഞ ശേഷം പ്രതികരിക്കുകയായിരുന്നു അന്ന ബെൻ.
അഭിനയജീവിതത്തിെൻറ തുടക്കംതന്നെ ഇത്രയും വലിയ അംഗീകാരം കിട്ടുെന്നന്നത് വലിയ കാര്യമാണ്. അത് വരുംകാലെത്ത തെൻറ സിനിമകൾക്കും പ്രചോദനമാകും. തിയറ്ററിൽ റിലീസ് ചെയ്യാനാകാത്തതിെൻറ വിഷമമുണ്ടായിരുന്നു.
എന്നാൽ, ഒരുപാട് പേർ കണ്ട് അഭിപ്രായം പറഞ്ഞു. പല ഭാഷകളിൽനിന്നുള്ളവർ ഓൺലൈനിൽ സിനിമ കണ്ടു. പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ല. സിനിമയിലും വ്യക്തിജീവിതത്തിലും എപ്പോഴും കൂടെനിൽക്കുന്നവരാണ് കുടുംബം.
പുരസ്കാരം ലഭിച്ചതിൽ തന്നെക്കാൾ കൂടുതൽ സന്തോഷത്തിലാണ് അവരെന്നും അന്ന ബെൻ കൂട്ടിച്ചേർത്തു.മകൾക്ക് പുരസ്കാരം ലഭിച്ചതിൽ വലിയ സന്തോഷത്തിലാണെന്ന് അന്നയുടെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലം പറഞ്ഞു.രണ്ട് വർഷത്തിനുള്ളിൽ പ്രത്യേക പരാമർശവും മികച്ച നടിയെന്ന ബഹുമതിയും മകൾക്ക് ലഭിച്ചു. അഭിനയജീവിതത്തിെൻറ പ്രാരംഭഘട്ടത്തിൽതന്നെ പുരസ്കാരങ്ങൾ കിട്ടുകയെന്നത് വലിയ കാര്യമായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
'മുരളി'യും 'സണ്ണി'യും ഓരോ അനുഭവങ്ങൾ –ജയസൂര്യ
കൊച്ചി: തന്നെ പുരസ്കാരത്തിന് അർഹനാക്കിയ 'വെള്ളം' സിനിമയിലെ മുരളിയും 'സണ്ണി' സിനിമയിലെ സണ്ണിയും അഭിനയമായി തോന്നിയിട്ടില്ലെന്ന് ജയസൂര്യ. അത് ഓരോ അനുഭവങ്ങളായിരുന്നു. ഈ കഥാപാത്രങ്ങൾ അംഗീകരിക്കപ്പെട്ടതിൽ വലിയ സന്തോഷമുണ്ടെന്നും ജയസൂര്യ പ്രതികരിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വാർത്തയറിഞ്ഞ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇരുസിനിമയും കലാമൂല്യമുള്ളതായിരുന്നു. കാണുന്ന ഓരോ പ്രേക്ഷകെൻറയും മനസ്സിൽ നിൽക്കുന്ന ഒരു കഥാപാത്രമാണ് 'വെള്ള'ത്തിലെ മുരളിയേട്ടൻ. മുഴുക്കുടിയനായിരുന്ന ഒരുവ്യക്തിക്ക് മദ്യപാനശീലം ഉപേക്ഷിച്ചപ്പോഴുണ്ടായ മാറ്റമാണ് സിനിമ പറയുന്നത്. ഈ ചിത്രം കണ്ട് പരിവർത്തനം സംഭവിച്ച ഒരുപാട് ആളുകളുണ്ട്. അതാണ് തങ്ങൾക്ക് കിട്ടിയ ആദ്യത്തെ അവാർഡെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് കാരണക്കാരനായ യഥാർഥ മുരളിയെന്ന വ്യക്തി, സിനിമയുടെ അണിയറപ്രവർത്തകർ, നിർമാതാക്കൾ തുടങ്ങിയ എല്ലാവർക്കും അവകാശപ്പെട്ടതാണ് പുരസ്കാരം.
ജയസൂര്യ എന്ന നടന് കിട്ടിയ അവാർഡായി ഇത് താൻ കണക്കാക്കുന്നില്ല. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വേണ്ടിയാണ് താൻ അവാർഡ് സ്വീകരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് ഇത്തവണയുണ്ടായത്. ഇതുവരെ തനിക്ക് മൂന്ന് സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട്. ഒരിക്കലും താനാണ് മികച്ച നടനെന്ന് വിശ്വസിക്കുന്നില്ല. അതൊക്കെ ഓരോ നല്ല കഥാപാത്രങ്ങളിലൂടെ സംഭവിക്കുെന്നന്നാണ് കരുതുന്നത്.
'ഭൂമിയിലെ മനോഹര സ്വകാര്യം' സ്വന്തമാക്കിയത് മൂന്ന് അവാർഡുകൾ
അന്തിക്കാട് (തൃശൂർ): കേരളത്തിലെ സിനിമ ഗ്രാമം എന്നറിയപ്പെടുന്ന അന്തിക്കാടിന് സംസ്ഥാന ചലച്ചിത്ര അവാർഡിൽ അഭിമാനനേട്ടം.
മികച്ച ചലച്ചിത്ര-നാടക സംവിധായകനുള്ള സംസ്ഥാന അവാർഡുകൾ നേരത്തേ നേടിയ ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത 'ഭൂമിയിലെ മനോഹര സ്വകാര്യം' ചിത്രത്തിന് മൂന്ന് അവാർഡുകളാണ് ഇത്തവണ ലഭിച്ചത്. ഗാനരചനക്ക് അൻവർ അലി, സ്വഭാവ നടനായി സുധീഷ്, ഡബ്ബിങ് ആർട്ടിസ്റ്റായി ഷോബി തിലകൻ എന്നിവരാണ് അവാർഡ് നേടിയത്. പ്രശസ്ത എഴുത്തുകാരൻ എ. ശാന്തകുമാറിെൻറ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമ കോവിഡ് പ്രതിസന്ധികൾക്കിടയിലാണ് റിലീസായത്.
ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുേമ്പാഴാണ് ലോക്ഡൗണും തിയറ്റർ അടക്കലും വന്നത്.
ഇതിനിടെ കഥാകൃത്തും തിരക്കഥാകൃത്തുമായ എ. ശാന്തകുമാർ മരിച്ചു. ശാന്തകുമാറിെൻറ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ബയോടാക്കീസിെൻറ ബാനറിൽ രാജീവ് കുമാറാണ് സിനിമ നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.