'തങ്ക'ങ്ങളെല്ലാം ഇവിടുണ്ട്; ആറ് അവാർഡ് ജേതാക്കൾ ഒരുമിച്ച്
text_fieldsതൃശൂർ: തൃശൂരിൽ ഇന്നലെ നടന്നത് 'അവാർഡ് പൂരം'. സംസ്ഥാന ചലച്ചിയ്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ ആറ് ജേതാക്കൾ ഇവിടെ ഒന്നിച്ചുണ്ടായിരുന്നു. ശനിയാഴ്ച ചിത്രീകരണം ആരംഭിക്കുന്ന ശഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന 'തങ്കം' സിനിമക്കുവേണ്ടിയാണ് അവർ ഒന്നിച്ചത്. മികച്ച സംവിധായകൻ ദിലീഷ് പോത്തൻ, മികച്ച ജനപ്രിയ ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ, നടൻ ബിജു മേനോൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, സ്വഭാവ നടി ഉണ്ണിമായ പ്രസാദ്, കലാസംവിധായകൻ ഗോകുൽദാസ് എന്നിവരാണ് ഒരുമിച്ചിരുന്ന് തങ്ങളുടെ അവാർഡ് വാർത്ത കേട്ടത്.
'ജോജി'യായിരുന്നു അപ്പോൾ അവിടെ താരമായത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം 'ജോജി'യിലൂടെ ശ്യം പുഷ്കരൻ നേടിയപ്പോൾ അതേ ചിത്രത്തിലൂടെ ദിലീഷ് പോത്തൻ മികച്ച സംവിധായകനും ഉണ്ണിമായ സ്വഭാവ നടിയുമായി. ഒരേ വർഷം സംസ്ഥാന പുരസ്കാരം നേടുന്ന ദമ്പതികളെന്ന പ്രത്യേകത ശ്യാം പുഷ്കരനും ഉണ്ണിമായക്കും ഇരട്ടി മധുരമായി.
ചെയ്യുന്ന ജോലിക്ക് അംഗീകാരം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബിജു മേനോൻ പ്രതികരിച്ചു. 'വയസ്സായ കാരക്ടർ ആയതിനാൽ നല്ല എഫർട്ട് എടുത്ത സിനിമയാണ് 'ആർക്കറിയാം'. സംവിധായകനോട് നന്ദി പറയുന്നു. ആദ്യ സംസ്ഥാന അവാർഡ് ആണിത്. സിനിമയിലെ മറ്റൊരു കാരക്ടറായിരുന്നു മനസ്സിൽ. പക്ഷേ, സംവിധായകനാണ് വയസ്സായ കാരക്ടർ അല്ലേ ചലഞ്ചിങ് എന്ന് സൂചിപ്പിച്ചത്. അത് ഏറ്റെടുത്തു. ചെയ്യുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നു. ആ രൂപം കൊണ്ടുവരാനും പ്രയത്നിച്ചു. മാറ്റിമാറ്റി പരീക്ഷിച്ച് അപ്പിയറൻസിൽ കോൺഫിഡൻസ് വരുത്തി. നന്നായി ചെയ്യാനായതിൽ സന്തോഷം'- ബിജു മേനോൻ പറഞ്ഞു.
'ജോജി'ക്ക് കിട്ടിയ അംഗീകാരത്തിൽ സന്തോഷമുണ്ടെന്നായിരുന്നു ദിലീഷ് പോത്തന്റെ പ്രതികരണം. 'സിനിമക്ക് പിറകിൽ ഞാൻ മാത്രമല്ല. എല്ലാവരോടും നന്ദി പറയുന്നു. എല്ലാ അവാർഡുകളും അർഹർക്ക് കിട്ടിയതായി തോന്നുന്നു. നാല് അവാർഡുകൾ ജോജിക്കുണ്ട്. കോവിഡ് പ്രതിസന്ധി മുന്നിലുണ്ടായതിനാലാണ് സിനിമ കൂടുതൽ ക്രിയേറ്റിവായത്. കോവിഡ് സാഹചര്യം ഇല്ലായിരുന്നെങ്കിൽ ജോജി എന്ന സിനിമ ഉണ്ടാകില്ലായിരുന്നു'- ദിലീഷ് പോത്തൻ പറഞ്ഞു. മികച്ച സംവിധായകൻ എന്ന അംഗീകാരം സിനിമയിലെ സബ്ജക്ടിനുള്ള അംഗീകാരം കൂടിയാണെന്നും ദിലീഷ് ചൂണ്ടിക്കാട്ടി. 'മികച്ച സംവിധായകനിലേക്ക് എന്നെ എത്തിക്കണമെങ്കിൽ മികച്ച ആശയം വേണമല്ലോ. നല്ല ഐഡിയക്കേ നല്ല സംവിധായകനെ ഉണ്ടാക്കാൻ പറ്റൂ. തീർച്ചയായും ആ സംഭാവന ചെറുതല്ല' -ദിലീഷ് പറഞ്ഞു.
കോവിഡിന് മുമ്പ് ഷൂട്ടിങ് തുടങ്ങി രണ്ടു വർഷം കാത്തിരുന്ന ശേഷമാണ് 'ഹൃദയം' സിനിമ ഇറങ്ങിയതെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. 'ഒരുപാട് അവിചാരിത സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച സിനിമയാണത്. ലോക്ഡൗണിന്റെ മൂർധന്യത്തിൽ വെച്ച് ആ സിനിമ റിലീസ് ചെയ്തു. ഭയങ്കര അനുഗ്രഹം പോലെയാണ് ഹൃദയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടന്നത്. ടീമിലുള്ള എല്ലാവരും രണ്ടര കൊല്ലം ആ സിനിമക്കായി കാത്തിരുന്നു എന്നതാണ് സന്തോഷമുള്ള കാര്യം. ഇപ്പോൾ എല്ലാവരും സന്തോഷിക്കുന്നുണ്ടാകും' - വിനീത് പറഞ്ഞു.
തനിക്കും സുഹൃത്തുക്കൾക്കും ഫാമിലിക്കും മൂന്ന് പ്രധാന അവാർഡുകളുടെ സന്തോഷമുണ്ടെന്ന് ശ്യാം പുഷ്കരൻ പ്രതികരിച്ചു. 'കൂട്ടുകാർക്കൊക്കെ അംഗീകാരം കിട്ടുന്നതിൽ സന്തോഷം. അവർക്ക് അവാർഡ് ഉള്ളതിനാൽ ചമ്മൽ ഒഴിവായിക്കിട്ടി. നല്ല പ്രോത്സാഹന സമ്മാനമായി അതിനെ കാണുന്നു. ഷേക്സ്പിയറിന്‍റെ 'മാക്ബത്ത്' ആണ് സിനിമക്ക് പ്രചോദനമായത്. ഷേക്സ്പിയറുമായി കളിക്കുമ്പോൾ സൂക്ഷിച്ച് വേണമല്ലോ' - ശ്യാം പറഞ്ഞു.
'അവാർഡ് ലഭിച്ചതിൽ ഭയങ്കര സന്തോഷം. ടീം വർക്കിന്‍റെ അംഗീകാരമാണിത്. എല്ലാവരുടെയും പ്രയത്നത്തിന്‍റെ ഫലം. ഒരുപാട് സന്തോഷം'- ഇതായിരുന്നു ഉണ്ണിമായയുടെ പ്രതികരണം. ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ എന്നിവർ നിർമിക്കുന്ന സിനിമയാണ് 'തങ്കം'. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.