നേതാജിയുടെ പേര് വേണ്ട; ഹൂഡയോട് സുഭാഷ് ചന്ദ്ര ബോസിന്റെ അനന്തരവൻ, സവർക്കർ ചിത്രത്തിന്റെ ട്രെയിലറിനെതിരെ വിമർശനം
text_fieldsനടൻ രൺദീപ് ഹൂഡ വി.ഡി. സവർക്കറായി എത്തുന്ന ചിത്രമാണ് 'സ്വതന്ത്ര വീർ സവർക്കർ'. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു.
ഇപ്പോഴിതാ രൺദീപ് ഹൂഡ ചിത്രത്തിനെതിരെ സുഭാഷ് ചന്ദ്ര ബോസിന്റെ അനന്തരവൻ ചന്ദ്ര കുമാർ ബോസ് രംഗത്തെത്തിയിരിക്കുകയാണ്. ട്രെയിലറിൽ സുഭാഷ് ചന്ദ്രബോസുമയുള്ള കൂടിക്കാഴ്ച കാണിക്കുന്നുണ്ട്. ഇതിനെതിരെയാണ് നേതാജിയുടെ അനന്തരവൻ എത്തിയിരിക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ പേര് സവർക്കറുമായി ബന്ധപ്പെടുത്തരുതെന്നാണ് പറയുന്നത്.
' 'സവർക്കർ' എന്ന ചിത്രം ഒരുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. എന്നാൽ സിനിമയിൽ യഥാർഥ വ്യക്തിത്വം അവതരിപ്പിക്കുന്നത് പ്രധാനമാണ്. 'നേതാജി സുഭാഷ് ചന്ദ്രബോസിന്റെ' പേര് സവർക്കറുമായി ബന്ധിപ്പിക്കരുത്. അതിൽ നിന്ന് ദയവായി പിൻമാറണം. നേതാജി എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മതേതര നേതാവും ദേശസ്‌നേഹികളുമായിരുന്നു'-ഹൂഡയെ മെൻഷൻ ചെയ്തുകൊണ്ട് എക്സിൽ കുറിച്ചു
ട്രെയിലറിൽ മഹാത്മാ ഗാന്ധിയും സവർക്കറുമായുള്ള കൂടിക്കാഴ്ച കാണിക്കുന്നുണ്ട്. സുഭാഷ് ചന്ദ്രബോസിനെ കൂടാതെ ബാല ഗംഗാധര തിലക്, മദൻലാൽ ധിംഗ്ര, ഭഗത് സിങ്, എന്നിവരും കഥയിൽ കടന്നുവരുന്നുണ്ട്.
2021 ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ലണ്ടൻ, മഹാരാഷ്ട്ര, ആൻഡമാൻ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മഹേഷ് മഞ്ജരേക്കറായിരുന്നു ചിത്രത്തിന്റെ ആദ്യ സംവിധായകൻ. എന്നാൽ 2022 ൽ അദ്ദേഹം ചിത്രത്തിൽ നിന്ന് പിൻമാറി. ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്താൻ രൺദീപ ഹൂഡ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചിത്രത്തിൽ നിന്ന് പിൻമാറിയതെന്ന് പിന്നീട് മഹേഷ് വ്യക്തമാക്കി.
നേരത്തെ സ്വാതന്ത്ര്യ സമരത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികൾക്ക് പ്രചോദനമായത് സവർക്കറാണെന്ന നടൻ രൺദീപ് ഹൂഡ പറഞ്ഞിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നുപരാമർശനം. ഇതുവലിയ വിമർശനം ഉയർത്തിയിരുന്നു. 'ബ്രിട്ടീഷുകാർ തേടിനടന്ന ഇന്ത്യക്കാരൻ. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികളുടെ പ്രചോദനം. ആരായിരുന്നു സവർക്കർ? ചുരുളഴിയുന്ന അദ്ദേഹത്തിന്റെ യഥാർഥ കഥ കാണുക'- എന്നായിരുന്നു ഹൂഡപറഞ്ഞത്.
രൺദീപ് ഹൂഡ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മാർച്ച് 22നാണ് തിയറ്ററിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.