‘ഇലവീഴാപൂഞ്ചിറ’ പൊലീസ് കൂട്ടായ്മയുടെ വിജയം -ഷാഹി കബീർ
text_fieldsആലപ്പുഴ: ‘ഇലവീഴാപൂഞ്ചിറ’ സിനിമയുടെ നേട്ടത്തിന് പിന്നിൽ പൊലീസുകാരുടെ കൂട്ടായ്മയാണെന്ന് സംവിധായകൻ ഷാഹി കബീർ. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷാഹി കബീർ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
ചിത്രത്തിൽ കഥയും തിരക്കഥയും എഴുതിയത് പൊലീസുകാരായ നിധീഷും മാറാട് ഷാജിയുമാണ്. പ്രധാന കഥാപാത്രമായ സൗബിനൊപ്പം അഭിനയിച്ച അഞ്ചുപേരും പൊലീസുകാരാണ്. സിനിമയുടെ ഷൂട്ടിങ് സമയത്ത് ഇലവീഴാപൂഞ്ചിറയിലെ വയർലെസ് സ്റ്റേഷൻ പഴയ ഷെഡായിരുന്നു. ഇപ്പോൾ പുതിയ കെട്ടിടം പണിതു. അപ്രതീക്ഷിതമായി എത്തിയ പ്രകൃതിക്ഷോഭവും സിനിമക്ക് ഗുണംചെയ്തു.
ഉച്ചക്ക് രണ്ടിനുശേഷം 3200 അടി ഉയരമുള്ള മലമുകളിൽ കനത്തകാറ്റും ഇടിമിന്നലും ശക്തമായിരുന്നു. ഇതിനാൽ ഷൂട്ടിങ് ദിവസങ്ങൾ നീണ്ടുപോയിട്ടുണ്ട്. പ്രകൃതിയുടെ ശബ്ദവൈവിധ്യങ്ങൾ അതേപടി ഒപ്പിയെടുക്കാനായി. പുതിയ കഥകളെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമുദ്രനിരപ്പില്‍നിന്നും 3200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറയിൽ സംഭവിക്കുന്ന പ്രശ്നമാണ് സിനിമയുടെ പ്രമേയം. വയര്‍ലസ് പൊലീസ് സ്റ്റേഷനിൽ ദുരൂഹവും ഭീതിജനകവുമായ അന്തരീക്ഷത്തിൽ കഴിയേണ്ടിവന്ന മനുഷ്യരുടെ അതിജീവനവും പകയും പ്രതികാരവും പ്രണയവും ആവിഷ്കരിച്ച സിനിമക്ക് നാലു പുരസ്കാരമാണ് കിട്ടിയത്. മികച്ച നവാഗത സംവിധായകൻ- ഷാഹി കബീർ, ഛായാഗ്രഹണം-മനേഷ് മാധവൻ, ശബ്ദരൂപകൽപന-അജയൻ അടാട്ട്, കളറിങ് ആഫ്റ്റർ സ്റ്റുഡിയോ-റോബർട്ട് ലാങ് എന്നിവയാണത്.
പൊലീസിൽനിന്ന് അഞ്ചുവർഷത്തെ ലീവെടുത്താണ് ആലപ്പുഴ സിവ്യൂ വാർഡിൽ കണ്ണിട്ടയിൽ താമസിക്കുന്ന ഷാഹി കബീർ (44) സിനിമ മേഖലയിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞവർഷം നായാട്ട് എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള പുരസ്കാരം ലഭിച്ചു. നായാട്ട്, ആരവം, ജോസഫ് എന്നിവയാണ് തിരക്കഥയെഴുതിയ ചിത്രങ്ങൾ. ഭാര്യ: സബീന മങ്കൊമ്പ് സ്കൂളിലെ ജീവനക്കാരിയാണ്. മക്കൾ: ഫഹീൻ (പത്താംക്ലാസ് വിദ്യാർഥി) ഫഹ്മ (അഞ്ചാംക്ലാസ് വിദ്യാർഥി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.