അല്ലു അർജുനെതിരെ ചുമത്തിയത് നരഹത്യക്കുറ്റം; ഗുരുതര വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആർ
text_fieldsഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട നടൻ അല്ലു അർജുനെതിരെ മനഃപൂർവമുള്ള നരഹത്യ ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്ന് റിപ്പോർട്ട്. ബി.എൻ.എസ് സെക്ഷൻ 105 (മനഃപൂർവമുള്ള നരഹത്യ -കൊലപാതകത്തോളം വരാത്തത്), 118 (1) (മനഃപൂർവം മുറിവേൽപ്പിക്കൽ) എന്നിവയാണ് എഫ്.ഐ.ആറിൽ പരാമർശിക്കുന്ന പ്രധാന വകുപ്പുകൾ. അല്ലു അർജുനു പുറമെ അദ്ദേഹത്തിന്‍റെ സുരക്ഷാ സംഘം, തീയേറ്റർ മാനേജ്മെന്‍റ് എന്നിവർക്കെതിരെയും ഇതേ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
മരിച്ച സ്ത്രീയുടെ ഭർത്താവ് ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനിൽ ഈമാസം അഞ്ചിനാണ് പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് എട്ടിന് തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തിരുന്നു. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച അല്ലു അർജുൻ തെലങ്കാന ഹൈകോടതിയെ സമീപിച്ചിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ഇന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോട് അല്ലു കയർക്കുകയും ചെയ്തു. ജൂബിലി ഹിൽസിലെ വസതയിൽവെച്ചായിരുന്നു അറസ്റ്റ്. കേസ് ഇന്നുതന്നെ ഹൈകോടതി പരിഗണിക്കുമെന്നാണ് വിവരം.
പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചത്. പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ വലിയ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ഇതിനിടയിൽ പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടി അടക്കം രണ്ട് പേർ കുഴഞ്ഞുവീണു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അനുശോചനം പ്രകടിപ്പിച്ച അല്ലു, മരിച്ച സ്ത്രീയുടെ കുടുംബത്തിന് എല്ലാ പിന്തണയും നൽകുമെന്നും 25 ലക്ഷംരൂപ സഹായമായി നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ താരം വരുന്നതിനു മുന്നോടിയായി യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ലെന്നും മതിയായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയില്ലെന്നും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. വലിയ തേതിൽ ആളുകൾ എത്തിയപ്പോൾ തിരക്ക് നിയന്ത്രിക്കാനുള്ള യാതൊരു സംവിധാനവും തിയേറ്റർ മാനേജ്മെന്‍റ് സ്വീകരിച്ചില്ല. നിരുത്തവാദപരമായ സമീപനമാണ് അല്ലുവിന്‍റെയും തിയേറ്റർ ഉടമയുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും പൊലീസ് പറയുന്നു.
ദിൽഷുക്നഗർ സ്വദേശിനി രേവതി (35) യാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) ഒപ്പമാണ് സന്ധ്യ തിയറ്ററിൽ രേവതി പ്രീമിയർ ഷോ കാണാൻ എത്തിയത്. തിക്കിലും തിരക്കിലും പെട്ട് വീണ് പോയ രേവതിക്ക് പോലീസ് ഉദ്യോഗസ്ഥർ അടക്കം എത്തി സി.പി.ആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയർ കാണാൻ അല്ലു അർജുൻ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. ഇതോടെ ആളുകൾ സന്ധ്യ തിയറ്ററിലേക്ക് വലിയ തോതിൽ ഒഴുകിയെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.