'റോക്കെട്രി' തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ; മാധവന്‍റെ സംവിധാനത്തെ പ്രശംസിച്ച് രജനികാന്ത്
text_fieldsനീണ്ട കാത്തിരിപ്പിനൊടുവിൽ നടൻ മാധവന്‍റെ ആദ്യ സംവിധാന സംരംഭമായ 'റോക്കെട്രി: ദി നമ്പി ഇഫക്ട്' തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ ലഭിക്കുന്നത്. ഇതിനിടെ, മാധവന്‍റെ സംവിധാനമികവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്റ്റൈൽ മന്നൻ രജനികാന്ത്.
'സിനിമ എല്ലാവരും നിർബന്ധമായും കാണണം, പ്രത്യേകിച്ച് യുവാക്കൾ'- അദ്ദേഹം ട്വീറ്റ് ചെയ്തു. നമ്പി നാരായണന്‍റെ കഥ റിയലിസ്റ്റിക് ആയി അവതരിപ്പിച്ചതിലൂടെ ആദ്യസിനിമയിലൂടെ തന്നെ താനൊരു മികച്ച സംവിധായകനാണെന്ന് മാധവൻ തെളിയിച്ചു. ഇത്തരമൊരു സിനിമ നൽകിയതിന് അദ്ദേഹത്തെ എന്‍റെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നുവെന്നും രജനികാന്ത് ട്വിറ്ററിൽ കുറിച്ചു.
ചിത്രത്തിൽ മാധവൻ തന്നെയാണ് നമ്പി നാരായണനായി എത്തിയത്. കൂടാതെ ഹിന്ദി പതിപ്പിൽ ഷാറൂഖ് ഖാനും തെന്നിന്ത്യൻ പതിപ്പിൽ നടൻ സൂര്യയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ കഥയറിഞ്ഞ് ഇങ്ങോട്ട് ആവശ്യപ്പെട്ടാണ് ഷാറൂഖ് ഖാനും സൂര്യയും ചിത്രത്തിൽ അഭിനയിച്ചതെന്ന് സഹസംവിധായകനായ പ്രജേഷ് സെൻ വ്യക്തമാക്കിയിരുന്നു. ജൂലൈ ഒന്നിനാണ് സിനിമ തിയറ്ററുകളിൽ എത്തിയത്.
ഈ സിനിമ പല ചോദ്യങ്ങൾക്കുമുള്ള മറുപടിയാണെന്ന് നമ്പി നാരായണൻ പ്രതികരിച്ചിരുന്നു. നമ്പി നാരായണനുള്ള ആദരമാണ് സിനിമയെന്ന് മാധവൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.