സൈബർ ആക്രമണം അതിര് കടക്കുന്നു; കൈലാഷിനു പിന്തുണമായി സഹപ്രവർത്തകർ
text_fieldsസമൂഹമാധ്യമങ്ങളിൽ നടൻ കൈലാഷിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ സിനിമാതാരങ്ങൾ. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന 'മിഷന്‍ സി' എന്ന ചിത്രത്തിലെ കൈലാഷിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയാണ് താരത്തെ പരിഹസിച്ച് ട്രോളുകള്‍ പ്രചരിച്ചത്. സംവിധായകരായ വിനോദ് ഗുരുവായൂർ, അരുൺഗോപി, മാർത്താണ്ഡൻ, നടന്മാരായ അപ്പാനി ശരത്, നന്ദൻ ഉണ്ണി എന്നിവരാണ് ട്രോളുകളെ വിമർശിച്ച് രംഗത്തുവന്നത്.
ക്യാപ്റ്റന്‍ അഭിനവായിട്ടാണ് ചിത്രത്തില്‍ കൈലാഷ് അഭിനയിക്കുന്നത്. ജീവിക്കാന്‍ വേണ്ടിയാണ് കൈലാഷ് കഷ്ടപ്പെടുന്നതെന്നും സാധാരണക്കാരനായ നടനാണെന്നും 'മിഷന്‍ സി'യുടെ സംവിധായകൻ വിനോദ് ഗുരുവായൂർ ഫേസ്ബുക്കില്‍ കുറിച്ചു. കഴിവില്ല എന്ന് പറഞ്ഞ് ഒരാളെ മാറ്റി നിർത്തിയാൽ അയാളെ ഒരു സംവിധായകൻ വിളിക്കില്ല. ഇത് സംഘടിത ആക്രമണമാണ്. അയാളുടെ കരിയർ തന്നെ തകർക്കുന്ന സ്ഥിതിയിലുള്ള സൈബർ ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും വിനോദ് കുറിച്ചു.
പലർക്കും ഇതൊക്കെ നേരമ്പോക്കുകൾ ആകും. അടച്ചിട്ട മുറിയിലിരുന്നു മറ്റൊരാളെ മുറിപ്പെടുത്താൻ പാകത്തിൽ വാക്കുകൾ വെറുതെ സോഷ്യൽ മീഡിയയിലെഴുതി വിട്ടാൽ ഒരു ദിവസം ആ ചീഞ്ഞ മനോരോഗ മനസ്സിന് ആശ്വാസം കിട്ടുമായിരിക്കും. അതിനപ്പുറമാണ് സിനിമ എന്നത് പലർക്കും. ഉപദ്രവിക്കാതിരിക്കാനുള്ള മാന്യത കാട്ടണം എന്നാണ് സംവിധായകൻ അരുൺ ഗോപി ചിത്രത്തിന്‍റെ കാരക്ടർ പോസ്റ്റർ വീണ്ടും ഷെയർ ചെയ്ത് കുറിച്ചത്.
വിനോദ് ഗുരുവായൂരിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം:
കഴിഞ്ഞ ദിവസം മിഷൻ സി എന്ന ചിത്രത്തിലെ പോസ്റ്റർ റിലീസ് ചെയ്തിട്ടുണ്ടായി. കൈലാഷിന്‍റെ ഫോട്ടോ ആണ് അതിൽ ഉണ്ടായിരുന്നത്. വിഷമത്തോടെ തന്നെ പറയട്ടെ വളരെ മോശമായി ഒരു നടനെ ചിത്രീകരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ആ നടനെതിരെ ഇത്രയും ആക്രമണം എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല. കാരണം ഒരു സാധാരണ കുടുംബത്തിൽ നിന്നും വളർന്ന് അധ്വാനിച്ച് ചാൻസ് ചോദിച്ച് സംവിധായകരുടെയും പുറകെ നടന്ന് ഈ നിലയിൽ എത്തിയ താരമാണ് കൈലാഷ്.
ചിലപ്പോൾ എല്ലാ സിനിമകളും വലിയ സംവിധായകർക്കൊപ്പം അഭിനയിക്കാൻ സാധിച്ചന്ന് വരില്ല. സംവിധായകൻ നിർദ്ദേശിക്കുന്നത് അനുസരിച്ചായിരിക്കും പലപ്പോഴും അഭിനയിക്കേണ്ടി വരിക. കഥാപാത്രങ്ങൾക്കനുസരിച്ച് അഭിനയിക്കേണ്ടിയും വരാം. പക്ഷേ ഇന്നും സംവിധായകർ അദ്ദേഹത്തെ വിളിക്കുകയും സിനിമകൾ കൊടുക്കുകയും ചെയ്യുന്നത് എന്തെങ്കിലും ഒരു കഴിവില്ലാതെ ആയിരിക്കില്ല. കഴിവില്ല എന്ന് പറഞ്ഞ് ഒരാളെ മാറ്റി നിർത്തിയാൽ അയാളെ ഒരു സംവിധായകൻ വിളിക്കില്ല. ഇത് സംഘടിത ആക്രമണമാണ്. അയാളുടെ കരിയർ തന്നെ തകർക്കുന്ന സ്ഥിതിയിലുള്ള സൈബർ ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
അരുൺ ഗോപിയുടെ കുറിപ്പിന്‍റെ പൂർണരൂപം:
പ്രിയപ്പെട്ട കൈലാഷിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ... സന്തോഷത്തോടെ അഭിമാനത്തോടെ പങ്കുവെക്കുന്നു...!!പലർക്കും ഇതൊക്കെ നേരമ്പോക്കുകൾ ആകും അടച്ചിട്ട മുറിയിലുരുന്നു മറ്റൊരാളെ മുറിപ്പെടുത്താൻ പാകത്തിൽ വാക്കുകൾ വെറുതെ സോഷ്യൽ മീഡിയയിലെഴുതി വിട്ടാൽ ഒരു ദിവസം ആ ചീഞ്ഞ മനോരോഗ മനസ്സിന് ആശ്വാസം കിട്ടുമായിരിക്കും... അതിനപ്പുറമാണ് സിനിമ എന്നത് പലർക്കും... മനസിലാക്കേണ്ട ഉപദ്രവിക്കാതിരിക്കാനുള്ള മാന്യത കാട്ടണം...!! അപേക്ഷയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.