സിനിമ പോസ്റ്ററിലെ പുകവലി; ധനുഷിനെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: സിനിമ പോസ്റ്ററിലെ പുകവലി ദൃശ്യത്തിന്‍റെ പേരിൽ തമിഴ് നടൻ ധനുഷിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ധനുഷിനും 2014ൽ പുറത്തിറങ്ങിയ 'വേല ഇല്ലാ പട്ടധാരി' സിനിമയുടെ നിർമാതാക്കൾക്കും വിതരണക്കാർക്കും എതിരെ സിഗററ്റ്, മറ്റ് പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗത്തിനെതിരെയുള്ള 'കോട്പ' നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
തമിഴ്നാട്ടിലെ പുകവലി നിരോധനത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ സംസ്ഥാന കൺവീനർ സിറിൽ അലക്സാണ്ടറാണ് ഹരജിക്കാരൻ. സിനിമ പോസ്റ്ററിൽ നടൻ പുകവലിക്കുന്ന ദൃശ്യങ്ങളാണുള്ളത് എന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇത് പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. കൗമാരക്കാർ പുകവലി ശീലത്തിലേക്ക് ആകൃഷ്ടരാകാൻ കാരണമാകും. ഇത് കോട്പ നിയമത്തിന്‍റെ ലംഘനമാണെന്നും ഹരജിയിൽ പറഞ്ഞു.
എന്നാൽ, പുകവലി ഉൽപ്പന്നങ്ങളുമായോ പുകയില വ്യാപാരവുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളാണ് പ്രസ്തുത സിനിമയുടെ ഭാഗമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുകയില ഉൽപ്പന്നങ്ങളുടെ നിർമാണ, വിതരണവുമായി ബന്ധപ്പെട്ടവരല്ല പോസ്റ്റർ സ്ഥാപിച്ചത്. ഉൽപ്പന്നത്തിന്‍റെ പ്രചാരണത്തിനായി സ്ഥാപിച്ചതായി കണക്കാക്കാനുമാകില്ല. അതിനാൽ, ഹരജിയിൽ ഇടപെടുന്നില്ലെന്നും നേരത്തെ ഹരജി തള്ളിക്കൊണ്ടുള്ള ഹൈകോടതി വിധി ശരിവെക്കുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.