കമ്മീഷണറിന് മുമ്പ് ‘പോടാ’ എന്നൊരു വാക്ക് പോലും ഉപയോഗിച്ചിട്ടില്ല-സുരേഷ് ഗോപി
text_fieldsകമ്മീഷണർ സിനിമ ചെയ്യുന്നതുവരെ ജീവിതത്തിൽ ‘പോടാ’ എന്നൊരു വാക്ക് പോലും താൻ ഉപയോഗിച്ചിട്ടില്ലെന്ന് നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. ഭരത്ചന്ദ്രന്റെ ശുണ്ഠി തന്റെ രക്തത്തിലല്ല ഹൃദയത്തിലാണെന്നും ഭരത്ചന്ദ്രനെയാണ് ജനതക്ക് ആവശ്യമെങ്കിൽ അങ്ങനെ തന്നെ ജീവിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.സഹപ്രവർത്തകരും കൂട്ടുകാരും ചേർന്ന് തിരുവനന്തപുരത്തു വച്ചു നടത്തിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.അഭിപ്രായപ്രകടനങ്ങൾ സിനിമാജീവിതം തകർത്തു കളയുന്ന സംവിധാനം മലയാള സിനിമയിലുണ്ടെങ്കിൽ അതിന്റെ ഒടുക്കം തുടങ്ങിക്കഴിഞ്ഞെന്നും കൂട്ടിച്ചേർത്തു.
'’കമ്മീഷണർ’ സിനിമ ചെയ്യുന്നത് വരെ ജീവിതത്തിൽ ‘പോടാ’ എന്നൊരു വാക്ക് പോലും ഞാൻ ഉപയോഗിച്ചിട്ടില്ല.എന്തൊരു നല്ല പൊന്നുമോൻ ആയിരുന്നെന്ന് അമ്മ പറയുമായിരുന്നു.ഭരത്ചന്ദ്രന്റെ ശുണ്ഠി എന്റെ രക്തത്തിൽ അല്ല, ഹൃദയത്തിലാണ്. ആരോപണശരങ്ങളുമായി വരുന്നവർ ആ ശരങ്ങൾ സ്വന്തം നെഞ്ചത്ത് കുത്തിത്തറച്ചാൽ മതി. അതിവിടെ ഏൽക്കില്ല. ഭരത്ചന്ദ്രനെയാണ് ജനതക്ക് ആവശ്യമെങ്കിൽ ഭരത്ചന്ദ്രനായി ഞാൻ ജീവിക്കും, ഭരത്ചന്ദ്രനായി പെരുമാറും, ഭരത്ചന്ദ്രനായി എന്റെ ഉത്തരവാദിത്വം നിർവഹിക്കും, ഭരത്ചന്ദ്രനായി തന്നെ മരിക്കും എന്ന് വാക്കുനൽകുകയാണ്. തന്റെ ഹൃദയത്തിൽ നിന്നുണ്ടാകുന്ന വികാരം അടിച്ചമർത്തിയിട്ടില്ല, മറച്ചുവച്ചിട്ടില്ല. ഇഷ്ടമില്ലാത്ത എന്തുകാര്യവും ഞാൻ തുറന്നുപറഞ്ഞിട്ടുണ്ട്.
ഇപ്പോൾ പലരും കുറ്റം പറയുന്നുണ്ട്, ‘അമ്മ’യിൽ ചെന്നപ്പോൾ എല്ലാവർക്കും എന്തൊരു സ്നേഹം, ഇവരൊക്കെ ഇലക്‌ഷൻ പ്രചരണകാലത്ത് എവിടെപ്പോയെന്ന്. ഞാനാണ് അവരെ വിലക്കിയത്. ഈ പരിഹാസം ഏറ്റുവാങ്ങാൻ അവരൊരു പാപവും ചെയ്തിട്ടില്ല. എന്നിട്ടും അവർ പിന്തുണച്ചിട്ടുണ്ട്. അവരുടെ ആ അഭിപ്രായപ്രകടനങ്ങൾക്ക് അവരുടെ സിനിമാജീവിതം തകർത്തു കളയുന്നൊരു സംവിധാനം മലയാള സിനിമയിലുണ്ടെങ്കിൽ അതിന്റെ ഒടുക്കം തുടങ്ങിക്കഴിഞ്ഞു.
ജീവത്യാഗം ചെയ്യേണ്ടി വന്നാലും ശരി തന്നെ അത് ഒടുക്കിയിരിക്കും. ഇതൊന്നും ഒരു മന്ത്രിയായി ഞാൻ സംസാരിക്കുന്നതല്ല. സിനിമയിൽനിന്ന് ഒരുപാട് ചവിട്ടും കുത്തും ഏറ്റുവാങ്ങിയ ആളാണ് ഞാൻ. ഒരച്ഛനായും മകനായും ഞാൻ ആ വേദന നിങ്ങൾക്കു മുന്നിൽ പറയും'- സുരേഷ് ഗോപി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.