ഞാൻ നിരീശ്വരവാദികളെ മാനിക്കുന്നു, പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വിഡിയോ - സുരേഷ് ഗോപി
text_fieldsഅവിശ്വാസികളുടെ സർവനാശത്തിന് വേണ്ടി പ്രാർഥിക്കുമെന്നുള്ള വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. പുറത്ത് പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വിഡിയോയാണ്. നിരീശ്വര വാദികളെ മാനിക്കുന്നെന്നും താൻ ഉദേശിച്ചത് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട തന്റെ മതത്തിന്റെ ആചാരങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവരെ കുറിച്ചാണെന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൂടാതെ രാഷ്ട്രീയത്തിന്റെ പേരിലോ മറ്റു മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞു കയറാൻ ശ്രമിച്ചാൽ അവരുടെ ശാപമോക്ഷത്തിനായി പ്രാർഥിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
'അടുത്തിടെ തന്റെ പ്രസംഗത്തിന്റെ ഒരു വിഡിയോ ക്ലിപ് പ്രചരിക്കുന്നത് കണ്ടു. അത് എഡിറ്റ് ചെയ്തതാണ്. ഇതു ശ്രദ്ധയിൽപ്പെട്ടതോടെ വിഷയത്തിൽ പ്രതികരിക്കണമെന്ന് തോന്നി. അവിശ്വാസികളുടേയും നിരീശ്വരവാദികളുടേയും മൂല്യവത്തായതും വിവേകപൂർണ്ണവും ചിന്തനീയവുമായ ആശയങ്ങളെ അനാദരിക്കുന്നില്ല. അങ്ങനെ ഒരിക്കലും ചെയ്യുകയുമില്ല. ഞാൻ സംസാരിച്ചത് അവരെ കുറിച്ചായിരുന്നില്ല. എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള അവരുടെ വിഷലിപ്തമായ ആഗ്രഹം തൃപ്തിപ്പെടുത്താൻ വേണ്ടി എന്റെ വാക്കുകളെ പ്രചരിപ്പിച്ചു.
ഭരണഘടന എന്റെ മതത്തിന് അനുവദിക്കപ്പെട്ട മതാചാരങ്ങൾക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പറ്റിയാണ് ഞാൻ അവിടെ സംസാരിച്ചത്. മറ്റു മതങ്ങളുടെ പേരിലോ രാഷ്ട്രീയത്തിന്റെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അവരുടെ ശാപമോക്ഷത്തിനായി ഞാൻ പ്രാർഥിക്കും. ശബരിമലയിലെ ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന രാഷ്ട്രീയ ശക്തികളെയുമാണ് ഞാൻ ഉദ്ദേശിച്ചത്. അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങൾക്കായും തങ്ങളുടെ രാഷ്ട്രീയം പ്രദർശിപ്പിക്കാൻ ആരേയും അനുവദിക്കരുത്. അതിനെപൂർണ്ണമായും എതിർക്കുന്നു.
എന്റെ ഉദേശം ഞാൻ പറയട്ടെ, അതാരും വഴിതിരിച്ചു വിടേണ്ടതില്ല. ഞാൻ ഇത് പറയുമ്പോൾ എനിക്കൊരു രാഷ്ട്രീയ ഉദ്ദ്യേശങ്ങളില്ലായിരുന്നു. അങ്ങനെ ഞാൻ ഒരിക്കലും ചെയ്യുകയുമില്ല- സുരേഷ് ഗോപി കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.