സുശാന്ത് ഓർമയായിട്ട് ഒരു വർഷം; വെളിച്ചം കാണാതെ സി.ബി.ഐ അന്വേഷണ റിപ്പോർട്ട്
text_fieldsമുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത് മരിച്ചിട്ട് തിങ്കളാഴ്ച വർഷം ഒന്നു തികഞ്ഞിട്ടും വെളിച്ചം കാണാതെ സി.ബി.െഎ അന്വേഷണ റിപ്പോർട്ട്. സുശാന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് മുംബൈ പൊലീസിെൻറ കണ്ടെത്തൽ. മകൻ കൊല്ലപ്പെട്ടതാണെന്നും അവെൻറ 15 കോടി രൂപ കാമുകിയും നടിയുമായ റിയ ചക്രവർത്തി തട്ടിയെന്നുമുള്ള പരാതിയുമായി സുശാന്തിെൻറ പിതാവ് ബിഹാർ പൊലീസിനെ സമീപിച്ചതോടെയാണ് കേസ് സി.ബി.െഎക്ക് കൈമാറിയത്. ബിഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമായിത് വിലയിരുത്തപ്പെട്ടു. സി.ബി.െഎ അന്വേഷണത്തെ ചൊല്ലി മഹാരാഷ്ട്ര-ബിഹാർ സർക്കാറുകൾ തമ്മിൽ ഏറ്റുമുട്ടിയെങ്കിലും സുപ്രീംകോടതി സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് െമഡിക്കൽ സയൻസിലെ ഫോറൻസിക് വിദഗ്ധർ സുശാന്തിെൻറ ഫ്ലാറ്റിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടില്ല. സുശാന്തിെൻറത് ആത്മഹത്യയാണെന്ന റിപ്പോർട്ടാണ് ഫോറൻസിക് വിദഗ്ധർ സി.ബി.െഎക്ക് നൽകിയത്.
സി.ബി.െഎ കേസിനെ തുടർന്ന് റിയ ചക്രവർത്തിക്ക് എതിരെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമ പ്രകാരം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും (ഇ.ഡി) കേസെടുത്തു. എന്നാൽ, സുശാന്തിെൻറ അക്കൗണ്ടിൽനിന്ന് റിയ ചക്രവർത്തി പണം തട്ടിയെടുത്തതായി കണ്ടെത്താനായില്ല. സുശാന്തും റിയയും റിയയുടെ സഹോദരനും മാനേജർമാരും ഉൾപ്പെട്ട മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട തെളിവുകളാണ് ഇ.ഡിക്ക് ലഭിച്ചത്. ഇതോടെ, നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)യും രംഗത്തെത്തി. മയക്കുമരുന്ന് കേസിൽ റിയയേയും സഹോദരനേയും മാനേജരെയും ഇടപാടുകാരെയും എൻ.സി.ബി അറസ്റ്റ് ചെയ്തു. റിയയും സഹോദരനും നിലവിൽ ജാമ്യത്തിലാണ്. എങ്കിലും സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഇനിയും ബാക്കിനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.