നടി രശ്മി ജയഗോപാൽ അന്തരിച്ചു
text_fieldsസിനിമ- സീരിയൽ താരം രശ്മി ജയഗോപാൽ (51) അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ചയായിരുന്നു അന്ത്യം. ബെംഗളൂരുവിൽ ജനിച്ചുവളർന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അമൃത ടിവിയിലെ സത്യം ശിവം സുന്ദരം ആയിരുന്നുആദ്യ സീരിയൽ. സൂര്യ ടിവിയിലെ കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന സീരിയലിലും അഭിനയിച്ചു. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നടിയെ പ്രേക്ഷകരുടെ ഇടയിൽ പ്രശസ്തയാക്കിയത് സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന 'സ്വന്തം സുജാത' സീരിയലിലെ സാറാമ്മ എന്ന കഥാപാത്രമാണ്.
ഭർത്താവ്: ജയഗോപാൽ. മകൻ: പ്രശാന്ത് കേശവ്.
രശ്മിയുടെ വിയോഗം സഹപ്രവർത്തകരെ ഞെട്ടിച്ചിട്ടുണ്ട്. താരങ്ങളായ കിഷോർ സത്യ, നടി ചന്ദ്ര ലക്ഷ്മൺ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമത്തിൽ അനുശോചനം പങ്കുവച്ചിട്ടുണ്ട്.
'എന്റെ വിചിത്രമായ സ്വപ്നത്തിൽ പോലും ഇത് ഞങ്ങൾ ഒരുമിച്ചുള്ള അവസാന ചിത്രമായിരിക്കുമെന്ന് കരുതിയിരുന്നില്ല. ഞങ്ങളുടെ പ്രിയപ്പെട്ട രശ്മി ചേച്ചി, എന്റെ ചേച്ചി എന്നെന്നേക്കുമായി അവളുടെ കൃഷ്ണന്റെ കൂടെയിരിക്കാൻ പോയി. അവൾ സ്നേഹത്തിന്റെ പ്രതിരൂപമാണ്, അവൾ കരുതലോടെ എല്ലാവരുടെയും ജീവിതത്തെ സ്പർശിച്ചു. ഇന്ന് നമുക്ക് അവളെ നഷ്ടപ്പെട്ടു, അവളുടെ സാന്നിധ്യമില്ലാതെ ഷൂട്ടിംഗ് സ്പോട്ടിൽ കഴിയുന്നത് ചിന്തിക്കുന്നത് ഞങ്ങൾക്കെല്ലാവർക്കും വളരെ ബുദ്ധിമുട്ടാണ്. സ്വന്തം സുജാതയിലെ എല്ലാവരും അവളെ മിസ് ചെയ്യും.. വ്യക്തിപരമായി നോക്കുമ്പോൾ, ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കുടുംബാംഗത്തെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. കഴിയുമെങ്കിൽ മടങ്ങി വരൂ ചേച്ചീ'; രശ്മിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചു.
'രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല, സ്വന്തം സുജാതയിലെ സാറാമ്മ എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും. ഈ പുഞ്ചിരി ഇനി ഇല്ല, സാറാമ്മ പോയി. രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ. പക്ഷെ,രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ….. ആകസ്മികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ, പ്രിയ ജീവിതമേ ഒന്നൊഴിവാക്കൂ. ആദരവിന്റെ അഞ്ജലികൾ.' കിഷോർ സത്യ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.