രൺദീപ് ഹൂഡയുടെ 'സ്വതന്ത്ര വീർ സവർക്കർ' പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയോ? ഹൈപ്പോടെയെത്തിയ ചിത്രം ഒരാഴ്ചകൊണ്ട് നേടിയത്...
text_fieldsവി.ഡി. സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡ് താരം രൺദീപ് ഹൂഡ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'സ്വതന്ത്ര വീർ സവർക്കർ'. ഹൂഡ തന്നെയാണ് ചിത്രത്തിൽ സവർക്കറെ അവതരിപ്പിച്ചിരിക്കുന്നത്. മാർച്ച് 22 ന് റിലീസ് ചെയ്ത ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് അത്ര നല്ല പ്രതികരണമല്ല ലഭിക്കുന്നത്. വൻ ഹൈപ്പോടെ പ്രദർശനത്തിനെത്തിയ ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിട്ടില്ലെന്നാണ് ബോക്സോഫീസ് കളക്ഷൻ സൂചിപ്പിക്കുന്നത്. ഏഴ് ദിവസം കൊണ്ട് 11.35 കോടി മാത്രമാണ് നേടിയത്. രണ്ടാം വാരം ചിത്രം തിയറ്ററുകളിൽ കയറിവരാനുള്ള സാധ്യതയും ട്രേഡ് അനലിസ്റ്റുകൾ തള്ളിയിട്ടുണ്ട്.
ഹിന്ദി, മറാത്തി ഭാഷയിൽ എത്തിയ ചിത്രത്തിന്റെ ഓപണിങ് കളക്ഷൻ 1.05 കോടിയായിരുന്നു. ആറാം ദിവസം ഒരു കോടി രൂപ മാത്രമാണ് നേടിയത്. ആഴ്ചയിലെ ഏറ്റവും കുറഞ്ഞ കളക്ഷനായിരുന്നു ഇത്. ഏഴാം ദിവസത്തെ കളക്ഷൻ 1.15 കോടിയാണ്.
രൺദീപ് ഹൂഡക്കൊപ്പം അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഉത്കര്‍ഷ് നൈതാനി, രണ്‍ദീപ് ഹൂഡയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. രൂപ പണ്ഡിറ്റ്, സാം ഖാൻ, അൻവർ അലി, പാഞ്ചാലി ചക്രവർത്തി എന്നിവരാണ് സഹനിർമാതാക്കൾ.
സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമ പ്രൊപഗണ്ടയല്ലെന്ന് അവകാശപ്പെട്ട് രൺദീപ് ഹൂഡ രംഗത്തെത്തിയിരുന്നു. സവർക്കർ മാപ്പുപറഞ്ഞിട്ടില്ലെന്നും ജയിലിൽനിന്നു ദയാഹരജി നൽകുക മാത്രമാണു ചെയ്തതെന്നുമാണ് ഹൂഡയുടെ ഭാഷ്യം. മുംബൈയിലെ ജുഹുവിൽ നടന്ന ട്രെയിലർ ലോഞ്ചിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
സ്വാതന്ത്ര്യ സമരത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികൾക്ക് പ്രചോദനമായത് സവർക്കറാണെന്ന നടൻ രൺദീപ് ഹൂഡയുടെ കുറിപ്പിനെതിരെ സമൂഹ മാധ്യമങ്ങളിൽ പരിഹാസമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.