തമിഴ് നടൻ വിവേക് അന്തരിച്ചു
text_fieldsചെന്നൈ: തമിഴ് ചലച്ചിത്ര നടൻ വിവേക് (59) അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവേക് ശനിയാഴ്ച പുലർച്ചെ 4.35ഓടെയാണ് അന്തരിച്ചത്. തമിഴ് ഹാസ്യതാരങ്ങളിൽ ശ്രദ്ധേയനായ വിവേക്, പരിസ്ഥിതി, വൃക്ഷത്തൈ നട്ടുവളർത്തൽ, എയ്ഡ്സ്, കോവിഡ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
വെള്ളിയാഴ്ച രാവിലെ പത്തര മണിയോടെ ചെന്നൈ സാലിഗ്രാമിലെ വസതിയിൽ കുടുംബാംഗങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കെ നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന വിവേകിനെ ഭാര്യയും മകളും വടപളനിയിലെ സിംസ് ആശുപത്രിയിലെത്തിക്കുകയും ഹൃദയത്തിലെ ഇടത് രക്തക്കുഴലിലുണ്ടായിരുന്ന തടസ്സം ആൻജിയോപ്ലാസ്റ്റി വഴി നീക്കം ചെയ്യുകയും ചെയ്തു.
എന്നാൽ, ആരോഗ്യനില അതിഗുരുതരമാണെന്നും 24 മണിക്കൂർ നിർണായകമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. പിന്നീട് ആരോഗ്യനില വഷളായതോടെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വിവേക് വ്യാഴാഴ്ച ഒാമന്തൂരിലെ ഗവ. ആശുപത്രിയിൽ കോവിഡ് വാക്സിൻ ആദ്യ ഡോസ് കുത്തിവെപ്പെടുത്തിരുന്നു. അതേസമയം, വിവേകിനുണ്ടായ ഹൃദയാഘാതത്തിന് കോവിഡ് വാക്സിൻ കുത്തിവെപ്പുമായി ബന്ധമില്ലെന്നും പരിശോധനയിൽ നെഗറ്റിവാണ് ഫലമെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണൻ അറിയിച്ചിരുന്നു.
1961 നവംബര്‍ 19ന് തൂത്തുക്കുടിയിലെ കോവില്‍പട്ടിയിലാണ് വിവേകാനന്ദൻ എന്ന വിവേകിന്‍റെ ജനനം. മധുരയിലെ അമേരിക്കൻ കോളജിൽ നിന്ന് കൊമേഴ്സിൽ ബിരുദമെടുത്ത വിവേക്, ചെന്നൈയിൽ ജോലി ചെയ്യുന്ന കാലത്ത് മദ്രാസ് ഹ്യൂമർക്ലബിന്‍റെ സ്ഥാപകൻ പി.ആർ. ഗോവിന്ദരാജനുമായുള്ള ബന്ധമാണ് സിനിമയിലേക്കുള്ള വഴിതുറന്നത്. പി.ആർ. ഗോവിന്ദരാജൻ പരിചയപ്പെടുത്തിയത് വഴി പ്രശസ്ത സംവിധായകന്‍ കെ. ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.
1987ല്‍ പുറത്തിറങ്ങിയ ബാലചന്ദർ സംവിധാനം ചെയ്ത 'മാനതില്‍ ഉരുതി വേണ്ടും' ആണ് ആദ്യ ചിത്രം. തുടർന്ന് പുതുപുതു അർഥങ്കൾ, ഒരു വീട് ഇരു വാസൽ തുടങ്ങിയ ബാലചന്ദർ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലെത്തി. 1990കളില്‍ പുറത്തിറങ്ങിയ നിരവധി ഹിറ്റ് സിനിമകളിലൂടെ വിവേക് ജനമനസ്സിൽ ഇടംപിടിച്ചു. റൺ, ധൂൾ, ബോയ്സ്, സാമി, ആദി, പേരഴഗൻ, എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി, അന്യൻ, വാലി, ശിവാജി, സിങ്കം, അഴഗി, വേലയില്ലാ പട്ടതാരി, എന്നൈ അറിന്താൽ, ഖുഷി, ഷാജഹാന്‍ തുടങ്ങി 220തോളം സിനിമകളിൽ സാന്നിധ്യമായി. ബിഗള്‍, ധാരാള, പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകള്‍.
അഞ്ചു തവണ തമിഴ്‌നാട് സര്‍ക്കാറിന്‍റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരവും മൂന്നു തവണ മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ടെലിവിഷന്‍ അവതാരകനായിരിക്കെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം, രജനികാന്ത് തുടങ്ങിയ പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങള്‍ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു. ഭാര്യ: അരുള്‍സെല്‍വി. മക്കള്‍: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.