സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു
text_fieldsചെന്നൈ: പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി അടക്കം 14 സിനിമകൾക്ക് ഛായാഗ്രാഹകനായ കെ.വി. ആനന്ദ്, ഏഴു സിനിമകൾ സംവിധാനം ചെയ്തു. സൂര്യയും മോഹൻലാലും അഭിനയിച്ച കാപ്പാനാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.
പ്രശസ്ത ഛായാഗ്രാഹകൻ പി.സി. ശ്രീറാമിന്‍റെ സഹായിയായാണ് സിനിമയിലേക്കുള്ള കെ.വി. ആനന്ദിന്‍റെ അരങ്ങേറ്റം. ശ്രീറാമിന്‍റെ ഗോപുര വാസിലെ, മീര, ദേവർ മകൻ, അമരൻ, തിരുടാ തിരുടാ എന്നീ സിനിമകളുടെ ഭാഗമായ അദ്ദേഹം സഹ ഛായാഗ്രാഹകനായി പ്രവർത്തിച്ചു.
1994ലെ പ്രിയദർശന്‍റെ സൂപ്പർ ഹിറ്റ് സിനിമ തേന്മാവിൻ കൊമ്പത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. അരങ്ങേറ്റ ചിത്രത്തിലൂടെ ഛായാഗ്രാഹണ മികവിനുള്ള ദേശീയ പുരസ്കാരം നേടി. പ്രിയദർശൻ സംവിധാനം ചെയ്ത മിന്നാരം, ചന്ദ്രലേഖ അടക്കം നിരവധി സിനിമകൾക്ക് കാമറ ചലിപ്പിച്ചു.
ശങ്കറിന്‍റെ 'കാതൽദേശം' എന്ന സിനിമയിലൂടെയാണ് കെ.വി. ആനന്ദ് തമിഴിൽ തുടക്കം കുറിച്ചത്. തുടർന്ന് മുതൽവൻ, നായക്, ബോയ്സ്, ശിവാജി അടക്കം നിരവധി സിനിമകളിൽ ഛായാഗ്രാഹകനായി. ഷാരൂഖ് ഖാൻ ചിത്രം ജോഷ്, അമിതാഭ് ബച്ചൻ ചിത്രം കാക്കി അടക്കം നാല് ഹിന്ദി സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചു.
2005ൽ പൃഥ്വിരാജ്-ശ്രീകാന്ത്-ഗോപിക ടീമിന്‍റെ 'കനാ കണ്ടേനി'ലൂടെ കെ.വി. ആനന്ദ് സംവിധായകനായി മാറി. തുടർന്ന് സൂര്യ-തമന്ന ചിത്രം അയൻ, ജീവയുടെ കോ കൂടാതെ മാട്രാൻ, അനേകൻ, കാവൻ കാപ്പാൻ തുടങ്ങിയ ഹിറ്റ് തമിഴ് സിനിമകൾ സംവിധാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.