വിജയ് മുഖ്യമന്ത്രിയെ കണ്ടു; തിയറ്ററുകൾ പൂർണമായി തുറക്കുമെന്ന് തമിഴ്നാട്
text_fieldsനടൻ വിജയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക്പിന്നാലെ തിയറ്ററുകൾ പൂർണമായി തുറക്കുമെന്ന് പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. നൂറ് ശതമാനം ഇരിപ്പിടങ്ങളും ഉപയോഗിച്ചുകൊണ്ടായിരിക്കും തിയറ്ററുകൾ പ്രവർത്തിക്കുക. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് അനുമതി നൽകിയത്.
'ഇതിനകം പുറത്തിറക്കിയ പകർച്ചവ്യാധി നടപടിക്രമങ്ങൾ പാലിച്ച് സിനിമ തിയറ്ററുകൾ മൾട്ടിപ്ലക്സുകൾ എന്നിവയുടെ ഇരിപ്പിട ശേഷി ആയി വർധിപ്പിക്കാൻ അനുവദിക്കും. കൂടാതെ കാണികളിൽ അവബോധം സൃഷ്ടിക്കുന്നതിന് കോവിഡ് 19 നുള്ള മുൻകരുതൽ നടപടികൾ ഷോടൈമിൽ പ്രദർശിപ്പിക്കും' -തമിഴ്നാട് സർക്കാർ തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ ആഭ്യന്തര മന്ത്രാലയം ഇളവ് അനുവദിച്ചതിനെത്തുടർന്ന് തമിഴ്‌നാട്ടിലെ തിയറ്ററുകൾ, മൾട്ടിപ്ലക്‌സുകൾ എന്നിവ നവംബർ 10 മുതൽ തുറക്കാൻ അനുവദിച്ചിരുന്നു. അന്ന് 50 ശതമാനം സീറ്റുകൾ മാത്രമാണ് അനുവദിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ 100 ശതമാനം ഇരിപ്പിടം അനുവദിക്കുന്ന ആദ്യ സംസ്ഥാനമായി തമിഴ്നാട് മാറും.
സിനിമാ ഹാളുകൾ പൂർണ ശേഷിയിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വിജയ്, ചിലംബരശൻ തുടങ്ങിയ കോളിവുഡ് നടന്മാർ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് നടൻ വിജയ് ഡിസംബർ 28ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വ്യക്തിപരമായി സന്ദർശിച്ചിരുന്നു. വിജയുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററും ചിലംബരശന്‍റെ ഈശ്വരനും പൊങ്കൽ അവധിക്കാലത്ത് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത് സേവ്യർ ബ്രിട്ടോ നിർമ്മിച്ച വിജയ്, വിജയ് സേതുപതി, ആൻഡ്രിയ ജെറമിയ, മാളവിക മോഹനൻ, അർജുൻ ദാസ് എന്നിവർ അഭിനയിച്ച മാസ്റ്റേഴ്സ് പുതുവർഷത്തിൽ തമിഴ്‌നാട്ടിലെ ഏറ്റവുംവലിയ റിലീസാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.