ചലച്ചിത്ര അവാർഡ് നേടിയ 'അന്തരം' നായിക നേഹക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനം
text_fieldsചെന്നൈ: 52ാമത് കേരള ചലച്ചിത്ര അവാർഡിൽ സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗത്തിൽ അവാർഡ് നേടിയ നേഹക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേഹയെ അഭിനന്ദിച്ച് കത്തെഴുതി. മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ അന്തരം സിനിമയിലെ നായികയാണ് തമിഴ്നാട് സ്വദേശിയായ നേഹ. അന്തരത്തിലെ മികച്ച പ്രകടനത്തിനാണ് കേരള ചലച്ചിത്ര അവാർഡ് നേഹക്ക് ലഭിച്ചത്.
'52ാമത് കേരള ചലച്ചിത്ര അവാർഡിൽ സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗത്തിൽ തമിഴ്നാട്ടുകാരിയായ നേഹക്ക് അന്തരം എന്ന സിനിമയിലെ അഭിനയ മികവിന് പുരസ്കാരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.
ട്രാൻസ് വ്യക്തികൾ രാഷ്ട്രീയത്തിലും കലയിലും സ്വന്തം ഇടമുണ്ടാക്കണമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എന്ന നിലയിലും സാധാരണ മനുഷ്യൻ എന്ന നിലയിലും ഞാൻ ആഗ്രഹിക്കുന്നത്. നേഹയുടെ നേട്ടത്തിൽ എനിക്ക് അങ്ങേയറ്റം അഭിമാനമുണ്ട്.
ചെറുപ്രായത്തിൽ തന്നെ കുടുംബം അവഗണിക്കുകയും വീടുവിട്ടിറങ്ങേണ്ടി വരികയും ചെയ്ത നേഹ കഠി നാധ്വാനത്തിലൂടെയാണ് വിജയം നേടിയത്. അവരുടെ ജീവിതം ഇതു പോലുള്ള മനുഷ്യർക്ക് പ്രചോദനമാകട്ടെ. ട്രാൻസ് വ്യക്തികൾ സിനിമയിൽ മുഖ്യ വേഷങ്ങളിലെത്തി അതുവഴി സാമൂഹിക നീതിയുണ്ടാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. സ്നേഹത്തോടെ എം.കെ. സ്റ്റാലിൻ എന്നാണ് കത്തിൽ എഴുതിയിരുന്നത്.
'കത്ത് കിട്ടിയപ്പോൾ എന്റെ ഹൃദയം ഒരു നിമിഷം നിലച്ചുപോയി. കത്ത് വായിക്കുമ്പോൾ പടപടാന്ന് മിടിച്ചു. ഞങ്ങളുടെ മുഖ്യമന്ത്രിയുടെ അഭിനന്ദനം' എന്ന് കത്ത് പങ്കുവെച്ചുകൊണ്ട് നേഹ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.