ധനുഷിനും വിശാലിനും ചിമ്പുവിനും അഥർവക്കും തമിഴ് നിർമാതാക്കളുടെ ചുവപ്പ് കാർഡ്
text_fieldsചെന്നൈ: ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നിർമാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങൾക്ക് ചുവപ്പ് കാർഡ് നൽകി. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടായത്. തമിഴ് സൂപ്പർ താരങ്ങളായ ധനുഷിനും വിശാലിനും ചിമ്പുവിനും അഥർവക്കുമാണ് തമിഴ്നാട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയത്.
ബ്ലോക്ക്ബസ്റ്റർ അൻബാനവൻ അടങ്കാധവൻ അസരാധവൻ എന്ന ചിത്രത്തിന് ധനസഹായം നൽകിയ നിർമ്മാതാവ് മൈക്കിൾ രായപ്പനാണ് ചിമ്പുവിന് റെഡ് കാർഡ് നൽകിയത്. കൗൺസിൽ പ്രസിഡന്റായിരിക്കെ അസോസിയേഷന്റെ പണത്തിന്റെ കണക്ക് സൂക്ഷിക്കുന്നതിൽ വിശാൽ പരാജയപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ കൃത്യമായി പ്രതികരിച്ചില്ലെന്ന് ആരോപിച്ച അഥർവക്കും ചുവപ്പ് കാർഡ് ലഭിച്ചു.
80 ശതമാനം ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്റെ അവശേഷിക്കുന്ന ഭാഗം ചിത്രീകരിക്കാൻ എത്താതിരുന്നത് നിർമാതാവിന് നഷ്ടമുണ്ടാക്കിയെന്ന് കാണിച്ചാണ് ധനുഷിനെതിരെ നടപടി.
നിർമാതാവ് മൈക്കിൾ രായപ്പനുമായുള്ള തർക്കം തുടരുന്ന സാഹചര്യത്തിലാണ് ചിമ്പുവിന് വിലക്ക്. നിർമാതാവ് മതിയഴകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഥർവക്ക് ചുവപ്പു കാർഡ് നൽകിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഈ താരങ്ങൾക്ക് മറ്റ് നിർമാതാക്കളുമായി പ്രവർത്തിക്കാൻ കഴിയില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്ന മുറക്ക് വിലക്ക് നീങ്ങും. ചുവപ്പുകാർഡിനെ കുറിച്ച് താരങ്ങൾ പ്രതികരിച്ചിട്ടില്ല. വിശാലിന്റെ മാർക്ക് ആന്റണിയുടെ റിലീസ് നാളെയാണ്. ധനുഷിന്റെ കാപ്റ്റൻ മില്ലറും റിലീസിന് തയാറെടുക്കുകയാണ്.
നിർമാതാക്കളുമായി സഹകരിക്കുന്നില്ലെന്നാരോപിച്ച് ഇക്കഴിഞ്ഞ ജൂണിൽ ചിമ്പു, വിശാൽ, എസ് ജെ സൂര്യ, അഥർവ, യോഗി ബാബു എന്നിവർക്ക് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.