ഹൃത്വിക് അഭിനയിച്ച സൊമാറ്റോ പരസ്യം പിൻവലിക്കണമെന്ന് പൂജാരിമാർ
text_fieldsഉജ്ജയിൻ: ബോളിവുഡ് താരം ഹൃത്വിക് റോഷൻ അഭിനയിച്ച സൊമാറ്റോയുടെ പുതിയ പരസ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉജ്ജയിനിയിലെ മഹാകലേശ്വർ ശിവ ക്ഷേത്രത്തിലെ പൂജാരിമാർ. ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് സൊമാറ്റോക്കെതിരെ രംഗത്ത് എത്തിയത്. പരസ്യം ഉടൻ പിൻവലിച്ച് മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
ഉജ്ജയിനിയിലെ ഒരു താലി (ഭക്ഷണ പാത്രം) കഴിക്കാൻ തോന്നിയെന്നും അതിനാൽ മഹാകലേശ്വറിൽനിന്ന് ഓർഡർ ചെയ്തു -എന്നാണ് ഹൃത്വിക് റോഷൻ പരസ്യത്തിൽ പറയുന്നത്.
രാജ്യത്തുടനീളം ഭക്തരുളള പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് ഉജ്ജയിനിയിലെ മഹാകാലേശ്വർ ശിവക്ഷേത്രം. അതിനാൽ തന്നെ സൊമാറ്റോ ഉടൻ പരസ്യം പിൻവലിച്ച് മാപ്പ് പറയണമെന്ന് പരാതിയിൽ ക്ഷേത്രത്തിലെ പൂജാരിമാരായ മഹേഷും ആശിഷും പറഞ്ഞു.
ഭക്തർക്ക് താലിയിൽ 'പ്രസാദം' വിളമ്പുന്ന പരസ്യങ്ങൾ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണ്. അതിനാൽ ഇത്തരത്തിൽ ഹിന്ദുമതത്തെ പരിഹസിക്കരുതെന്നും ജില്ല കലക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ഭക്ഷണം സൗജന്യമാണെന്നും അത് വിൽക്കില്ലെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പരസ്യം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഹൃത്വിക് റോഷനും ഭക്ഷണ വിതരണ കമ്പനിക്കുമെതിരെ ട്രോളുകൾ ഉയർന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.