ഒരുകൂട്ടം ചെറുപ്പക്കാരുടെ സ്വപ്നമാണ് ‘തടവ്’
text_fieldsതിരുവനന്തപുരം: ആലുവ യു.സി കോളജിലെ മരചുവട്ടിലിരുന്ന് ഒരുകൂട്ടം ചെറുപ്പക്കാർ കണ്ടിരുന്ന സ്വപ്നത്തിന് ഇന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ തിളക്കമാണ്. കോളജിലെ ബോർഡുകളിൽ അധ്യാപകർ ചോക്ക് കൊണ്ട് കോറിയിട്ട അക്ഷരങ്ങളേക്കാൾ അവർ പഠിക്കാൻ ശ്രമിച്ചത് തിരകഥയുടെ രസതന്ത്രവും കാമറയുടെ ഭാഷയും എഡിറ്റിങ്ങിലെ വ്യാകരണവുമായിരുന്നു. കണക്കും മലയാളവും ബയോളജിയും ഫിസിക്സും പഠിച്ചുവന്നവർ കോളജിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റു ക്യാമ്പസ് ആവശ്യങ്ങൾക്കുമായി ചെറുചിത്രങ്ങൾ എടുത്തു പഠിച്ചു.
അംഗീകാരങ്ങൾ നേടിയെത്തിയതോടെ അവർ അവരുടെ സിനിമ കമ്പനിക്കൊരു പേരിട്ടു, ‘കൾട്ട്’. ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണചകോരത്തിനായി ലോകസിനിമകളോട് മത്സരിക്കുന്ന രണ്ടു മലയാള സിനിമകളിൽ ഒന്ന് ഇവരുടേതാണ്. പട്ടാമ്പിക്കാരൻ ഫാസിൽ റസാഖ് രചനയും സംവിധാനവും നിർവഹിച്ച ‘തടവ്’. മുംബൈ ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം ഇതിനോടകം കേരള രാജ്യാന്തര ചലച്ചിത്രമേളയും ഹൃദയത്തിലേറ്റി കഴിഞ്ഞു. ചിത്രത്തെക്കുറിച്ച് സംവിധായകൻ ഫാസിൽ റസാഖ് ‘മാധ്യമ’ ത്തോട് സംസാരിക്കുന്നു.
എങ്ങനെയാണ് സിനിമ സംവിധാനരംഗത്തേക്ക് എത്തുന്നത്?
ചെറുപ്പം മുതൽ സിനിമയായിരുന്നു സ്വപ്നമെങ്കിലും അതിലേക്കുള്ള യാത്ര ആരംഭിച്ചത് യു.സി കോളജിൽ പഠിക്കുമ്പോഴാണ് . കാമ്പസിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവലുകൾക്കായി ഹ്രസ്വചിത്രങ്ങൾ നിർമിച്ചായിരുന്നു തുടക്കം. മറ്റ് ക്ലാസുകളിലും എന്നപ്പോലെ സിനിമ ഭ്രാന്തന്മാർ ഉണ്ടെന്ന് മനസിലാക്കിയതോടെ അവരെയും ഒപ്പം കൂട്ടി . ആദ്യം 40 ഓളം പേരുണ്ടായിരുന്നു. അവസാനം ഞങ്ങൾ കുറച്ച് പേർ മാത്രമായി. അങ്ങനെ തുടങ്ങിയതാണ് കള്‍ട്ട് കമ്പനി. 2019ൽ ഞാൻ സ്വതന്ത്രമായി ചെയ്ത ഹ്രസ്വചിത്രമായിരുന്നു അതിര്. 2021 ലാണ് ‘പിറ’ എന്ന രണ്ടാമത്തെ ഷോർട്ട് ഫിലിം ചെയ്യുന്നത്.
രണ്ടും കേരള രാജ്യാന്തര ഡോക്യമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ തെരഞ്ഞെടുക്കയും പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു. മികച്ച സംവിധായകൻ, മികച്ച സൗണ്ട് ഡിസൈനിങ്, മികച്ച അഭിനേതാവ്, മികച്ച അഭിനേത്രി എന്നിങ്ങനെ നിരവധി അവാർഡുകൾ ആണ് സംസ്ഥാന ടെലിവിഷൻ അവാർഡിൽ അതിരും പിറയും നേടിയത്. ഇതോടെ ആത്മവിശ്വാസമേറി. അങ്ങനെയിരിക്കുമ്പോഴാണ് ഒരു മാധ്യമവാർത്ത ശ്രദ്ധയിൽപ്പെടുന്നത്. കൂട്ടുകാരോട് സംസാരിച്ചപ്പോൾ തിരക്കഥയാക്കാൻ പറഞ്ഞു. അങ്ങനെ കഴിഞ്ഞ ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഒരുമാസം കൊണ്ട് പൂർത്തിയാക്കി- അതാണ് തടവ്.
പുതുമുഖങ്ങളെവച്ച് ആദ്യ സിനിമ, അപേക്ഷിച്ച രാജ്യത്തെ എല്ലാ പ്രധാനമേളകളിലും മത്സരവിഭാഗത്തിൽ ഇടംപിടിക്കുക. എന്ത് മാജിക്കാണ് ഇതിന് പിന്നിൽ?
ഞാൻ ഒരു ഫിലിം സ്കൂളിലും പഠിച്ചുവന്ന വ്യക്തിയല്ല. സിനിമ പഠിച്ചത് സിനിമ എടുത്താണ്. രണ്ട് ഹ്രസ്വചിത്രങ്ങൾ ചെയ്ത മുൻപരിചയമുള്ളതുകൊണ്ട് വലിയ ബുദ്ധിമുട്ടൊന്നും ഞങ്ങൾക്കുണ്ടായില്ലെന്നതാണ് സത്യം. രണ്ട് വിവാഹമോചനങ്ങളിലൂടെ കടന്നുപോയ 50 വയസായ ഗീത എന്ന സ്ത്രീയാണ് തടവിലെ പ്രധാന കഥാപാത്രം. ജോലിയോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത ഗീത ശാരീരികമായ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നു. ജയിൽ വാസികൾക്ക് സൗജന്യമായി ചികിത്സ കിട്ടുമെന്ന് അറിയുന്നതോടെ ജയിലിനുള്ളിൽ എത്തിപ്പെടാനുള്ള ഗീതയുടെ ശ്രമങ്ങളാണ് സിനിമ. ചിത്രം പൂർണമായും ചിത്രീകരിച്ചത് പരുതൂർ ഗ്രാമത്തിലും അതിൽ അഭിനയിച്ചത് അവിടുത്തെ നാട്ടുകാരുമാണ്. സി.ഇ.യു.പി പരുതൂർ സ്കൂളിലെ ഭാഷ അധ്യാപികയും നാടകഅഭിനയത്രിയുമായ ബീന ആർ. ചന്ദ്രനാണ് ഗീതയെ അവതരിപ്പിച്ചത്.
ടീച്ചർ എന്റെ രണ്ട് ഹ്രസ്വചിത്രങ്ങളുടെയും ഭാഗമായിരുന്നു. സിനിമയിൽ പരുതൂർ പഞ്ചായത്തിലെ 45 കലാകാരന്മാരാണ് അഭിനയിച്ചിട്ടുള്ളത്. ഇതിന് പുറമെ രണ്ടുപേർ പട്ടാമ്പിയിൽ നിന്നുള്ളവരുമാണ്. സിനിമയുമായി മുൻപരിചയം ഇല്ലാതിരുന്നതുകൊണ്ട് ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാവർക്കും ഒരു മാസത്തെ പരിശീലനം കൊടുത്തിരുന്നു. അത് വലിയൊരു സഹായമായി. ടീച്ചറിന് സ്കൂൾ ഉള്ളതിനാൽ വെക്കേഷൻ സമയത്താണ് സിനിമയുടെ ഷൂട്ടിങ്ങും റിഹേഴ്സലും നടന്നത്. ചിത്രത്തിന്റെ ഛായഗ്രഹണവും കളറിസ്റ്റും സുഹൃത്ത് എസ്. മൃദുലാണ്. ഞങ്ങളെക്കൂടാതെ ഇ.കെ. അമൃത, വിനായക് സുതൻ, ഇസഹാക് മുസാഫിർ എന്നിവരാണ് ഇന്ന് കള്‍ട്ട് കമ്പനിയിലെ പ്രധാനികൾ. എല്ലാവരും മുഴുവന്‍ സമയ ചലച്ചിത്ര പ്രവര്‍ത്തകരാണ്.
ആദ്യമൊക്കെ വീഡിയോ നിർമിക്കാനുള്ള തുക എങ്ങനെയാണ് കണ്ടെത്തിയത്
ഒരുപാട് പേർ കൂടെ നിന്നിട്ടുണ്ട്. എല്ലാവരും അവരുടെ കൈയിലുള്ള ചെറുതും വലുതുമായ തുക ഞങ്ങളുടെ സ്വപ്നങ്ങൾക്കായി നൽകിയിട്ടുണ്ട്. കോളജിൽ പഠിക്കുമ്പോൾ എല്ലാ ഷോർട്ട് ഫിലിം കോമ്പറ്റീഷനും പോവുകയും അതിലേക്കുള്ള റജിസ്ട്രേഷൻ ഫീസിന് മറ്റുള്ളവരുടെ സഹായം തേടുകയും ചെയ്തിരുന്നു. ആദ്യമൊന്നും സ്വന്തമായി ഒരു ലാപ്ടോപ്പ് ഇല്ലായിരുന്നു. ‘അതിരി’ൽ നിന്ന് കിട്ടിയ വരുമാനത്തിൽ നിന്നാണ് ഒരു ലാപ്ടോപ്പ് വാങ്ങുന്നതും പിന്നീട് അതിൽ സിനിമ ചെയ്തു പഠിക്കുന്നതും
സംവിധായക ജീവിതത്തിൽ ഐ.എഫ്.എഫ്.കെക്കുള്ള സ്വാധീനം എങ്ങനെയാണ്
തീർച്ചയായും. ഐ.എഫ്.എഫ്.കെയിലും ഐ.ഡി.എസ്.എഫ്.എഫ്.കെയിലും പങ്കെടുക്കാൻ തുടങ്ങിയതോടെയാണ് മനസിൽ വ്യക്തമായ ചിത്രം തെളിയുന്നത്. ഐ.എഫ്.എഫ്.കെയിൽ എത്തുമ്പോൾ ദിവസം നാലു സിനിമവരെ കണ്ടിരുന്നു. മത്സരവിഭാഗത്തിലെത്തുന്ന രണ്ട് മലയാള ചിത്രങ്ങൾ ഉറപ്പായും കണ്ടിരിക്കും. കഴിഞ്ഞവർഷം മഹേഷ് നാരായണന്റെ അറിയിപ്പ് കണ്ടതുപോലും ക്യൂനിന്ന് ഇടികൊണ്ടാണ്. ഈ വർഷം ഞങ്ങളുടെ ചിത്രം കാണാൻ ആളുകൾ തിരക്കുകൂട്ടുമ്പോൾ, സീറ്റുകിട്ടാതെ ബഹളം വയ്ക്കുമ്പോൾ ഉള്ളിൽ ചെറിയൊരു സന്തോഷമുണ്ട്.
ലോകസിനിമ സംവിധായകരും അവരുടെ നല്ല ചിത്രങ്ങളും എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഐ.എഫ്.എഫ്.കെയിലൂടെ ഒരുപാട് സംവിധായകർക്കും സിനിമക്കും കൂടുതൽ അവസരങ്ങൾ കിട്ടിയിട്ടുണ്ട്. നമുക്കും അത് കിട്ടട്ടെ എന്നാഗ്രഹമുണ്ട് ഒരുപാട് ഫെസ്റ്റിവലുകളിൽ പങ്കെടുക്കണം ഒ.ടി.ടി പ്ലാറ്റുഫോമുകൾ കിട്ടുകയാണെങ്കിൽ സിനിമ കൊടുക്കണം എന്നാണ് കരുതുന്നത്.
സമാന്തരചിത്രങ്ങളോടാണോ താൽപര്യം
അങ്ങനെയൊന്നുമില്ല. എനിക്ക് ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ ചെയ്യുക. എല്ലാതരം സിനിമകളും ആസ്വദിക്കുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ വാണിജ്യപരമായ ചിത്രങ്ങളും എനിക്ക് ചെയ്യാൻ സാധിക്കും. മുംബൈ മേളക്ക് ശേഷം നിരവധി പ്രൊഡക്ഷൻ കമ്പനികൾ അടുത്ത സിനിമക്ക് വേണ്ടി സമീപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.ഇതിന് പുറമെ തടവ് മറ്റൊരു മേളയിലേക്ക് കൂടി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പക്ഷേ നിർവാഗ്യവശാൽ അത് വെളിപ്പെടുത്താനുള്ള സമയമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.