'താഹിറ' ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൻ്റെ 'താഹിറ' ഇനി ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും മാറ്റുരക്കും. പതിമൂന്നാമത് അന്താരാഷ്ട്ര മേളയിലെ ഇന്ത്യൻ മത്സര വിഭാഗത്തിലാണ് കൊടുങ്ങല്ലൂരിൻ്റ തീരമേഖലയായ എറിയാടുള്ള ഒരു നാടൻ പെണ്ണായ താഹിറയുടെ അതിജീവന പോരാട്ടത്തിൻ്റെ കഥ പറയുന്ന ചിത്രം മത്സരിക്കുന്നത്.
2020ലെ 14ഉം, 2021ലെ 12ഉം സിനിമകളാണ് ചലച്ചിത്ര മേളയിലെ ഇന്ത്യൻ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 2020ൽ മത്സരിക്കുന്ന ഏക മലയാള സിനിമയും താഹിറയാണ്. കർണ്ണാടക സർക്കാർ വേദിയൊരുക്കുന്ന ചലച്ചിത്രോത്സവം മാർച്ച് മൂന്ന് മുതൽ പത്ത് വരെ നടക്കും. 2020 ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ മത്സരിച്ച് ശ്രദ്ധ നേടിയ താഹിറ 2021ൽ ജെ.സി. ഡാനിയൽ പുരസ്ക്കാരത്തിനും അർഹമായിട്ടുണ്ട്.
ആരോഗ്യ വകുപ്പിൽ സീനിയർ എഡ്യൂക്കേറ്ററായ സിദ്ദീക്ക് പറവൂർ രചനയും സംവിധാനവും നിർമിച്ചാണ് ജീവിതഗന്ധിയായ ഈ ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് മരിച്ചതോടെ താഴെയുള്ള നാല് സഹോദരിമാരുടെ ജീവിതം ചുമലിലേറ്റിയാണ് താഹിറ എന്ന പെൺകുട്ടി അതിജീവന പോരാട്ടത്തിന് തുടക്കം കുറിച്ചത്. ആ ജീവിതം പിന്നിട്ട വഴിയിൽ ഏഴാം ക്ലാസിൻ്റെ പരിമിതിയിൽ നിന്ന് ചെയ്യാവുന്ന തൊഴിലുകളെല്ലാം ചെയ്തു. കൂലിപണി, മീൻപിടുത്തം, ക്ഷീര കർഷക, കൃഷി, നിർമാണ തൊഴിലാളി, പെയിൻ്റർ, ഡ്രൈവിങ് പരിശീലക ഉൾപ്പെടെ വിവിധങ്ങളായ തൊഴിലുകൾ. ആ ജീവിതയാത്ര താഹിറയിലൂടെ തന്നെ അഭ്രപാളിയിലേക്ക് പറിച്ച് നടുകയാണ് സംവിധായകൻ ചെയ്തിരിക്കുന്നത്.
താഹിറ നായികയായ ചിത്രത്തിലെ നായകനും സവിശേഷമാണ്. കാഴ്ചശേഷിയില്ലാത്ത പാലക്കാട് സ്വദേശി ക്ലിൻ്റ് മാത്യുവാണ് നായകൻ. അദ്ദേഹം സ്വന്തം നിലയിലാണ് സിനിമക്ക് ഡബ്ബ് ചെയ്തിരിക്കുന്നതും. ഇതാകടെ ലോക സിനിമയിൽ അത്യപൂർവ്വമാണെന്നും സിദ്ദിക്ക് പറവൂർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.