ജയിലർ വീഴുമോ..? റെക്കോർഡ് കളക്ഷനുമായി ‘ലിയോ’ കുതിപ്പ്
text_fieldsസമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും തളപതി വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ ബോക്സോഫീസിൽ വൻ കുതിപ്പാണ് നടത്തുന്നത്. സിനിമയുടെ സെക്കൻഡ് ഹാഫ് ആരാധകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ആഗോളതലത്തിലുള്ള കളക്ഷനെ അത് യാതൊരു തരത്തിലും ബാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 11-ആം ദിവസമായ ഞായറാഴ്ച ‘ലിയോ’ 16.50 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രമായി വാരിക്കൂട്ടിയത്.
അതോടെ ഇന്ത്യയിലെ ആകെ കളക്ഷൻ 303 കോടി പിന്നിട്ടു. ജയിലർ ഇന്ത്യയിലാകമാനമായി 348 കോടി രൂപയായിരുന്നു നേടിയത്. വരും ദിവസങ്ങളിൽ ലിയോ അത് മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തിൽ ലിയോ 50 കോടി രൂപ പിന്നിട്ടുകഴിഞ്ഞു. ജയിലർ 57 കോടി രൂപയോളമായിരുന്നു കേരളത്തിൽ നിന്ന് നേടിയത്. ഈ റെക്കോർഡും വിജയ് ചിത്രം മറികടന്നേക്കും.
അതേസമയം, ആഗോളതലത്തിൽ ലിയോ ഇതിനകം 500 കോടി നേടിയിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 508 കോടി രൂപയാണ് കളക്ഷൻ. ജയിലറിന്റെ ആകെ കളക്ഷൻ 604 കോടി രൂപയാണ്. ഹിന്ദി മാർക്കറ്റിൽ നിന്നും മികച്ച പ്രതികരണം ജയിലറിന് ലഭിച്ചിരുന്നു. എന്നാൽ, ലിയോക്ക് PVR, Inox, Cinepolis, Miraj തുടങ്ങിയ ദേശീയ മൾട്ടിപ്ലെക്‌സ് ശൃംഖലകളിൽ റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിര്‍മിച്ചിരിക്കുന്നത്. റിലീസിന് മുമ്പേ തന്നെ കോടികളുടെ ഡിജിറ്റൽ റേറ്റ്സും മറ്റും ചിത്രം സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.