25 വർഷങ്ങൾക്കിപ്പുറം ആ ചുവന്ന ബൈക്ക് വീണ്ടും ചാക്കോച്ചന്റെ കൈകളിൽ; സ്വന്തമാക്കിയത് സ്നേഹ സമ്മാനം നൽകി
text_fieldsസ്ക്രീനിൽ പ്രണയമഴ തീർത്ത കുഞ്ചാക്കോ ബോബനെ മലയാളികൾ നെഞ്ചോട് ചേർത്തിട്ട് 25 വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യ സിനിമയിൽ ഉപയോഗിച്ച ചുവന്ന ബൈക്ക് സ്വന്തമാക്കി ചാക്കോച്ചൻ. യുവതി-യുവാക്കളുടെ പ്രണയ സങ്കൾപ്പങ്ങളെ മാറ്റിമറിച്ച ആ 21 വയസ്സുകാരനും ചുവന്ന ഹീറോ ഹോണ്ട സ്പ്ലെൻഡർ ബൈക്കും അത്ര പെട്ടന്നൊന്നും മലയാളികളുടെ മനസ്സിൽനിന്നും മാഞ്ഞുപോകില്ല. 1997ലാണ് ചാക്കോച്ചനും ശാലിനിയും തകർത്തഭിനയിച്ച 'അനിയത്തിപ്രാവ്' റിലീസാകുന്നത്.
മലയാളത്തിലെ എക്കാലത്തെയും എവർഗ്രീൻ ഹിറ്റ് ചിത്രം കുഞ്ചാക്കോ ഗോപനെന്ന പ്രണയ നായകന് കൂടിയാണ് ജന്മം നൽകിയത്. സിനിമയുടെ രജത ജൂബിലി ആഘോഷിക്കുന്ന വേളയിൽ അതിൽ ഉപയോഗിച്ച സപ്ലെൻഡർ ബൈക്ക് ചാക്കോച്ചന്‍റെ കൈകളിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്.
ആലപ്പുഴ പൂന്തോപ്പ് സ്വദേശി ബോണിയിൽനിന്നാണ് ചാക്കോച്ചൻ ബൈക്ക് സ്വന്തമാക്കിയത്. 2006-ലാണ് ഈ ബൈക്ക് ബോണി വാങ്ങുന്നത്. വണ്ടി വാങ്ങി നാളുകൾ പിന്നിട്ടപ്പോഴാണ് ഇത് അനിയത്തിപ്രാവിൽ ചാക്കോച്ചൻ ഉപയോഗിച്ച അതേ ചുവന്ന സപ്ലെൻഡർ ബൈക്ക് തന്നെയാമെന്ന് ബോണി മനസ്സിലാക്കിയത്. പിന്നീടങ്ങോട്ട് സപ്ലെൻഡർ പ്രേമികൾ ബോണിക്ക് പിന്നാലെ കൂടിയെങ്കിലും വിൽക്കാൻ മാത്രം അദ്ദേഹം തയാറായില്ല.
കൊടുക്കുന്നുണ്ടെങ്കിൽ ചാക്കോച്ചന് മാത്രമേ വിൽക്കൂ എന്ന തീരുമാനമെടുത്തപ്പോൾ 25 വർഷങ്ങൾക്കിപ്പുറം ബോണിയെ തേടി ചാക്കോച്ചന്‍റെ വിളിയെത്തി. 'ഹലോ ബോണിയാണോ, ആ ബൈക്ക് എനിക്ക് വാങ്ങാൻ ആഗ്രഹമുണ്ട്' -ചാക്കോച്ചന്‍റെ ശബ്ദം കേട്ടപ്പോൾ ബോണി ഞെട്ടി.
തന്നെ ആരെങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്യുന്നതാണെന്ന് കരുതിയെങ്കിലും പിന്നീട് ചാക്കോച്ചൻ തന്നെയാണ് വിളിച്ചതെന്ന് ബോധ്യമായി. വർഷങ്ങളായി കൂടെ കൊണ്ടുനടക്കുന്ന വണ്ടിയാണെങ്കിലും ബൈക്ക് തിരികെ നൽകുമോയെന്ന ചാക്കോച്ചന്‍റെ അപേക്ഷ ബോണി തള്ളിക്കളഞ്ഞില്ല. ചുവന്ന സപ്ലെൻഡറിന് പകരം ബോണിക്ക് പുതിയ സപ്ലെൻഡർ പ്ലസ് സ്നേഹ സമ്മാനമായി ചാക്കോച്ചൻ നൽകുകയും ചെയ്തു.
അഭിനയ ജീവിതത്തിൽ 25 വർഷങ്ങൾ പിന്നിടുമ്പോൾ സുധിയുടെ കൈകളിലേക്ക് ബൈക്ക് തിരിച്ചെത്തിയ വിവരം ചാക്കോച്ചൻ തന്നെ ആരാധകരോട് പങ്കുവെച്ചു. വർഷങ്ങൾ പിന്നിട്ടപ്പോഴും കുറ്റമറ്റ രീതിയിൽ ബൈക്കിനെ സൂക്ഷിച്ചതിനും തന്‍റെ ആഗ്രഹം നിറവേറ്റി തന്നതിനും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നടൻ ബോണിക്ക് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.