പ്രേക്ഷക ശ്രദ്ധ നേടി ‘ദി ചോയ്സ്’ ഹ്രസ്വചിത്രം
text_fieldsജുബൈൽ: പൂർണമായും സൗദിയിൽ ചിത്രീകരിച്ച സാമൂഹിക പ്രസക്തമായ ‘ദി ചോയ്സ്’ ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധനേടുന്നു. യഥാർഥ ജീവിതകഥയെ അടിസ്ഥാനമാക്കി ജുബൈലിലെ മലയാളികൾ അണിയിച്ചൊരുക്കിയ സിനിമ കഴിഞ്ഞ സൗദി ദേശീയദിനത്തിലാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ത്രീയെസ് നോർത്ത് വെസ്റ്റിന്റെ ബാനറിൽ നിർമിച്ച ഈ ചെറു സിനിമ ഇതിനകം 4,600ലേറെ ആളുകൾ കണ്ടുകഴിഞ്ഞു. സ്നേഹനിർഭരമായ ഒരു വാക്ക്, ഒരു വിരൽത്തുമ്പ്, ആർദ്രമായൊരു തലോടൽ ഇതൊക്കെ മതി ഒരാൾക്ക് പ്രത്യാശയേകാനും ജീവിതം തിരിച്ചുപിടിക്കാനുമെന്ന വലിയ തിരിച്ചറിവ് സിനിമ മുന്നോട്ട് വെക്കുന്നു.
ചിത്രം തുടങ്ങുമ്പോൾ നിരാശയോടെ ആത്മഹത്യ ചെയ്യാനുറച്ച ശ്രീധരൻ എന്ന കഥാപാത്രം സിനിമ അവസാനിക്കുമ്പോഴേക്ക് ജീവിതത്തിൽ പുതിയ അർഥവും ആഹ്ലാദവും കണ്ടെത്തുകയാണ്. നാം നമുക്ക് വേണ്ടി മാത്രം ജീവിച്ചാൽ പോരാ നമ്മുടെ സഹായം ആവശ്യമുള്ള പലരും നമുക്ക് ചുറ്റുമുണ്ട് എന്ന സഹയാത്രികനായ സലീമിന്റെ വാക്കുകൾ ശ്രീധരന്റെ ജീവിതത്തെ അടിമുടി മാറ്റിമറിക്കുന്നു. ആകെ മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഹരിതാഭമാർന്ന ഭൂപ്രകൃതി, മണൽക്കാടുകൾ, ഈജിപ്ഷ്യൻ ചായ, മരുഭൂമിയിൽ തലയെടുപ്പോടെ വിരാജിക്കുന്ന ഒട്ടകങ്ങൾ, ആട്ടിൻകൂട്, അവയുടെ പശ്ചാത്തലത്തിൽ ചുരുളഴിയുന്ന വ്യത്യസ്തരായ മൂന്നു മനുഷ്യരുടെ ജീവിതം സിനിമയിൽ ഹൃദ്യമായി കോറിയിട്ടിരിക്കുന്നു.
ജീവിത നിരാസത്തിൽ ആത്മഹത്യയെ ഏക പോംവഴിയായി കാണുന്ന മനുഷ്യരെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് കൈപിടിച്ചുയർത്താനും ആഹ്ലാദത്തിന്റെ പുത്തൻ മേച്ചിൽപുറങ്ങൾ കണ്ടെത്താനും കലയിലൂടെ സാധിക്കുമെന്ന സന്ദേശമാണ് ഈ സിനിമ പകരുന്നത്. കഥ, തിരക്കഥാ രചനയും സംവിധാനവും നിർവഹിച്ചത് ജുബൈൽ ഇന്ത്യൻ സ്കൂളിലെ അധ്യാപകൻ എൻ. സനിൽകുമാറാണ്. ജുബൈലിൽ പ്രവാസികളായ സഫയർ മുഹമ്മദ് ഛായാഗ്രഹണവും അൻസിൽ അഷ്റഫ് എഡിറ്റിങ്ങും വിൽസൻ ജോസഫ് പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.
ജുബൈലിൽ സംഗീത അധ്യാപികയായ ദിവ്യ നവീൻ ഗാനം ആലപിച്ചിരിക്കുന്നു. മാധ്യമ പ്രവർത്തകൻ സാബു മേലതിൽ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ നൂഹ് പാപ്പിനിശ്ശേരി, അഫ്ഗാനിസ്താനി പൗരൻ മുഷ്താഖ് അഹ്മദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജുബൈലിലെ ദറീൻ ഹിൽസ്, അബൂ ഹദ്രിയ മരുഭൂമി എന്നിവിടങ്ങളാണ് ചിത്രീകരിച്ചത്. കഴിഞ്ഞ വർഷം അനസ് പത്തനംതിട്ട സംവിധാനം ചെയ്ത ‘ഒരു നിറകൺ ചിരിയിൽ’ എന്ന ചെറുസിനിമക്ക് എൻ. സനിൽകുമാർ കഥയും തിരക്കഥയും ഒരുക്കിയിരുന്നു. ഏറെ അവാർഡുകൾ ഈ സിനിമക്ക് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.