പുഷ്പ-2 കാണാനെത്തിയവരുടെ തിക്കുംതിരക്കും കവർന്നത് കരൾ പകുത്തുതന്ന ഭാര്യയുടെ ജീവൻ; ദുഖം സഹിക്കാനാവാതെ ഭാസ്കർ
text_fieldsഹൈദരാബാദ്: കഴിഞ്ഞവർഷം തനിക്ക് കരൾ പകുത്തു നൽകിയ ഭാര്യയുടെ വേർപാടിൽ മനസ്സു തകർന്നിരിക്കുകയാണ് ഹൈദരാബാദ് മൊഗദം പള്ളി സ്വദേശി ഭാസ്കർ. പുഷ്പ-2 റിലീസ് ദിവസം ഹൈദരാബാദ് ചിക്കഡ്പള്ളിയിലെ സന്ധ്യ തിയറ്ററിലുണ്ടായ പൊലീസ് ലാത്തിച്ചാർജിലും തിരക്കിലും പെട്ട് അദ്ദേഹത്തിന് നഷ്ടപ്പെട്ടത് ഭാര്യ രേവതിയെയാണ്.
ഗാന്ധി ഹോസ്പിറ്റൽ മോർച്ചറിക്ക് മുന്നിൽ പകച്ചിരിക്കുമ്പോഴും ഭാസ്കറിന് തേങ്ങലടക്കാൻ കഴിയുന്നില്ല. 2023ൽ കരൾ രോഗം ബാധിച്ചപ്പോൾ ഭാര്യയുടെ കരളിന്റെ ഭാഗമാണ് ഭാസ്കറിനു നൽകിയത്. അല്ലു അർജുന്റെ കടുത്ത ആരാധകരായ മക്കളുടെ നിർബന്ധ പ്രകാരമാണ് ഭാസ്കറും ഭാര്യ രേവതിയും മക്കളായ ശ്രീതേജ്, സാൻവി എന്നിവരുമൊന്നിച്ച് പുഷ്പ-2 സിനിമക്കു പോയത്. എന്നാൽ ഇഷ്ടതാരത്തെ നേരിൽ കാണാനും റിലീസ് ദിവസം സിനിമ കാണാനുമുള്ള മോഹം ദുരന്തമായി മാറുമെന്ന് അദ്ദേഹം കരുതിയില്ല. സന്ധ്യ തിയറ്ററിലുണ്ടായ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് ഭാസ്കറിന് തന്റെ ഭാര്യയെ നഷ്ടപ്പെട്ടു.
മകൻ ശ്രീതേജിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തിയറ്ററിലെ പ്രീമിയർ ഷോയിൽ അല്ലു അർജുൻ പങ്കെടുത്തിരുന്നു. തിരക്കിൽ പെടുമോ എന്ന ഭയം കാരണം ഇളയ കുട്ടിയെ അടുത്തുള്ള ബന്ധുവീട്ടിൽ ഏൽപിച്ചു തിരിച്ചു വരുമ്പോഴേക്കും ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നതായി ഭാസ്കർ പറഞ്ഞു. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രേവതി തിരക്കിൽ പെടുകയായിരുന്നു. രേവതിയുടെ ഒൻപത് വയസ്സുള്ള മകൻ ഉൾപ്പെടെ മൂന്നു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. അല്ലു അർജുനെ കാണാൻ ജനങ്ങൾ ഇരച്ചുകയറിയതോടെയാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.