ഓസ്കർ സംവിധായികക്ക് ഒരു കോടി പാരിതോഷികം നൽകി തമിഴ്നാട് സർക്കാർ
text_fieldsചെന്നൈ: ഓസ്കര്‍ നേടിയ ഡോക്യുമെന്‍റി 'ദി എലിഫന്‍റ് വിസ്പറേഴ്സിന്‍റെ' സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് നാട്ടിലെത്തി. തിങ്കളാഴ്ചയാണ് ഓസ്കറിന്‍റെ തിളക്കവുമായി കാര്‍ത്തികി ഇന്ത്യയില്‍ മടങ്ങിയെത്തിയത്. പുരസ്കാര നേട്ടത്തില്‍ സംവിധായികയെ തമിഴ്നാട് സര്‍ക്കാര്‍ ആദരിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഒരു കോടി രൂപയുടെ ചെക്ക് കാര്‍ത്തികിക്ക് സമ്മാനിച്ചു. പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. വിമാനത്താവളത്തിലെത്തിയ കാര്‍ത്തികിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
നേരത്തെ സ്റ്റാലിന്‍ ഡോക്യുമെന്‍ററിക്ക് ആധാരമായ മുതുമലയിലെ കുട്ടിയാനകളെ പരിചരിച്ച ദമ്പതികളായ ബൊമ്മനും ബെല്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ വിവിധ ആനക്യാമ്പുകളിലെ 91 കെയര്‍ടേക്കര്‍മാര്‍ക്കും സര്‍ക്കാര്‍ നിരവധി സമ്മാനങ്ങളും പുതിയ നവീകരണ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത 'ദി എലിഫന്‍റ് വിസ്പറേഴ്സ് ', മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ -ബെള്ളി ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്‍ററി. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെള്ളിയും. ഇവർ വളർത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു.
40 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈർഘ്യം.2022 ഡിസംബര്‍ 8ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. 2022 നവംബര്‍ 9ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഡോക്യുമെന്‍ററികള്‍ക്കായുള്ള ചലച്ചിത്രമേളയായ DOC NYC ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു ചിത്രത്തിന്‍റെ ലോക പ്രീമിയര്‍. മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധം മാത്രമല്ല ചുറ്റുപാടുകളെയും പ്രകൃതി സൗന്ദര്യത്തെയും മനോഹരമായി ഒപ്പിയെടുക്കുന്നുണ്ട് ദി എലിഫന്‍റ് വിസപ്റേഴ്സ്.
‘ഞാൻ വളർന്നത് ഇതേ സ്ഥലത്താണ്. ഊട്ടിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് രഘുവും ബൊമ്മനും ശ്രദ്ധയിൽപെടുന്നത്. എന്റെ ആകാംക്ഷ കണ്ടിട്ടാകണം, അവർക്കൊപ്പം ചെല്ലാൻ ക്ഷണിച്ചു. കാർ നിർത്തി അവർക്കൊപ്പം നടന്നു. കുളിക്കാനായി പുഴയിലേക്കുള്ള നടത്തമായിരുന്നു ഇരുവരുടേതും. മൂന്നുവയസ്സു മുതൽ ഞാൻ ദേശീയ സങ്കേതം സന്ദർശിക്കാറുണ്ട്. എന്നാൽ, ഇത്തരമൊരു അനുഭവം ആദ്യത്തേതായിരുന്നു. മുമ്പൊരിക്കലും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അത്തരമൊരു ബന്ധം കണ്ടിട്ടില്ല. ബൊമ്മന് രഘു ഒരു മകനെപ്പോലെ, അല്ലെങ്കിൽ അതിലും മുകളിലുള്ള ഒരു ആത്മബന്ധമായിരുന്നു. രഘു ബൊമ്മന്റെ കൈകളിൽ മുറുകെപ്പിടിച്ചിരിക്കുന്ന സമയങ്ങളുണ്ടായിരുന്നു, അല്ലാത്തതും. കൊച്ചുകുട്ടിയായിരിക്കുമ്പോൾതന്നെ ആരുമില്ലാതായെന്ന ഭയത്തിൽനിന്നാണ് അതുണ്ടാകുന്നതെന്ന് ഞാൻ കരുതുന്നു. അവരെ കൂടുതൽ അറിഞ്ഞതോടെ ആ കഥ ലോകത്തെ അറിയിക്കാനുള്ള ശ്രമവും തുടങ്ങി’-ബൊമ്മന്റെയും ബെള്ളിയുടെയും രഘുവിന്റെയും കഥ ‘ദ എലിഫന്റ് വിസ്പറേഴ്സി’ന്റെ തുടക്കത്തെക്കുറിച്ച് കാർത്തികി ഗോൺസാൽവസ് പറയുന്നതിങ്ങനെ.
2017ൽ തുടങ്ങിയ ദൗത്യമായിരുന്നു കാർത്തികി ഗോൺസാൽവസിന്റേത്. രണ്ടു വർഷത്തോളം തെപ്പക്കാട് ആനപരിശീലനകേന്ദ്രത്തിൽ താമസിച്ച് കാർത്തികി അവിടത്തെ ജീവിതവും അനുഭവങ്ങളും പഠിച്ചു. വനം, പരിസ്ഥിതി, പശ്ചിമഘട്ടം തുടങ്ങിയവയാണ് കാർത്തികിയുടെ ഇഷ്ടവിഷയം. കാർത്തികിയുടെ അമ്മ പ്രിസില്ല ഗോൺസാൽവസാണ് ‘ദ എലിഫന്റ് വിസ്പറേഴ്സി’ന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
മുതുമലയുടെ വന്യതയും രണ്ടു മനുഷ്യരുടെയും അവർ വളർത്തി വലുതാക്കിയ ‘വലിയ മക്കളുടെ’യും ജീവിതമാണ് ‘ദ എലിഫന്റ് വിസ്പറേഴ്സ്’. കാടിനെ ആസ്വദിക്കുന്നവർക്ക് കണ്ണിമവെട്ടാതെ ഓരോ ദൃശ്യവും കണ്ടിരിക്കാനാകും. കാടിന്റെ പച്ചപ്പിനൊപ്പം ഇഴുകിച്ചേർന്ന മനുഷ്യരും മൃഗങ്ങളുമെല്ലാം ഈ ഡോക്യുമെന്ററിലൂടെ കാണാം.
വന്യജീവി ഫോട്ടോഗ്രാഫർകൂടിയാണ് കാർത്തികി ഗോൺസാൽവസ്. 1986ൽ ഊട്ടിയിലാണ് ജനനം. തിമോത്തി എ. ഗോൺസാൽവസ് ആണ് പിതാവ്. പഠനത്തിനുശേഷം കാടിനെ അറിയാനുള്ള യാത്ര തുടങ്ങി. നിലവിൽ മുംബൈയിലാണ് താമസം. ആനിമൽ പ്ലാനറ്റ്, ഡിസ്കവറി ചാനലുകളുടെ കാമറ ഓപറേറ്റർകൂടിയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.