ഏറ്റവും വലിയ വിജയം; 150 കോടി നേടുന്ന ആദ്യ മലയാള ചിത്രമായി 2018
text_fieldsബോക്സോഫീസിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമായ ‘2018: Everyone Is A Hero’. ആദ്യമായി ആഗോളതലത്തിൽ 150 കോടി രൂപ കളക്ഷൻ നേടുന്ന മലയാള സിനിമയെന്ന നേട്ടമാണ് 2018 സ്വന്തമാക്കിയത്. റിലീസ് ചെയ്ത് വെറും മൂന്നാഴ്ച പിന്നിടുമ്പോഴാണ് ചിത്രം വമ്പൻ റെക്കോർഡ് കുറിച്ചത്. നിർമാതാവായ വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രമായ 2018, ഇപ്പോഴും കേരളത്തിൽ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്. ഓവർസീസ് കളക്ഷനിലും ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലുമടക്കം സൂപ്പർസ്റ്റാറുകളുടെ എല്ലാ റെക്കോർഡുകളും ചിത്രം കടപുഴക്കി.
ഏഴ് വർഷം മുമ്പ് റിലീസ് ചെയ്ത പുലിമുരുകനായിരുന്നു ഇതുവരെ മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റ്. വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ചിത്രം ആഗോളതലത്തിൽ 146 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. 2018 കഴിഞ്ഞ ദിവസം തന്നെ പുലിമുരുകന്റെ കളക്ഷൻ മറികടന്നിരുന്നു. 2018-ന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ മികച്ച പ്രതികരണം നേടുന്നതിനാൽ, 200 കോടിയെന്ന സ്വപ്നനേട്ടം ചിത്രത്തിന് സ്വന്തമാകുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. മെയ് അഞ്ചിനായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.