'ജയൻ മരിക്കാനിടയായ അപകടത്തിലുൾപ്പെട്ട ഹെലികോപ്ടർ 2010 വരെയെങ്കിലും ആസ്ത്രേലിയയിൽ പറന്നു'
text_fields40 കൊല്ലം മുമ്പ് ചെന്നൈയ്ക്കടുത്ത് ഷോളാവരത്ത് നടൻ ജയൻ മരിക്കാനിടയായ അപകടത്തിലുൾപ്പെട്ട ഹെലികോപ്ടറിന് പിന്നീട് എന്തു പറ്റിയെന്ന് അറിയാനുള്ള ആകാംഷ മലയാളികളിൽ പലർക്കുമുണ്ടായിരുന്നു. അത്തരമൊരു അന്വേഷണം നടത്തിയതിൻ്റെ കണ്ടെത്തലുമായി എത്തുകയാണ് മലയാളി മാധ്യമ പ്രവർത്തകനും ഏവിയേഷൻ അനലിസ്റ്റുമായ ജേക്കബ് കെ. ഫിലിപ്പ്.
അമേരിക്കയിലെ ടെക്‌സസ് ആസ്ഥാനമായ ബെൽ ടെക്സ്റ്റ്‌റോൺ കമ്പനി 1969ൽ നിർമിച്ച ഈ ഹെലികോപ്ടർ കുറഞ്ഞത്, 2010 വരെ ആസ്‌ത്രേലിയയിൽ പറക്കുന്നുണ്ടായിരുന്നു എന്നാണ് ജേക്കബിൻ്റെ കണ്ടെത്തൽ. 2010ൽ ആസ്‌ത്രേലിയയിലെ ക്വീൻസ് ലാൻഡിൽ നടന്ന, ഫെസ്റ്റിവൽ ഓഫ് ഫ്ലൈറ്റ് - ദി വിന്റേജ് എക്‌സ്പീരിയൻസ് എയർഷോയിൽ ഹെലികോപ്ടർ പങ്കെടുക്കാനെത്തിയപ്പോഴത്തെ ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.
'കോളിളക്ക'ത്തിന്റെ ഷൂട്ടിങ്ങിന് വാടകയ്ക്ക് എടുക്കുമ്പോഴുണ്ടായിരുന്ന ഇന്ത്യൻ രജിസ്‌ട്രേഷൻ മാറ്റി ആസ്‌ത്രേലിയയുടേതാക്കിയിട്ടുണ്ട്. 2010ൽ ആസ്‌ത്രേലിയയിലെ എ.എം.ടി ഹെലികോപ്‌ടേഴ്‌സ് എന്ന കമ്പനിയായിരുന്നു ഉടമസ്ഥർ. അവർ 2000 ജൂലൈ രണ്ടിന് ആണ് ഇത് വാങ്ങുന്നതെന്നും ജേക്കബ് പറയുന്നു.
ഈ ഹെലികോപ്ടറിൻ്റെ വിവരങ്ങൾ എങ്ങിനെ ലഭിച്ചെന്നും മറ്റൊരു പോസ്റ്റിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഏതെങ്കിലും വിമാനത്തിന്റെയോ ഹെലികോപ്ടറിന്റെയോ (പ്രത്യേകിച്ചും അപകടങ്ങളിൽപ്പെടുന്നവയുടെ) വിശദാംശങ്ങളറിയാൻ അതിന്റെ രജിസ്‌ട്രേഷൻ നമ്പർ എടുത്ത് നെറ്റിൽ തിരയുന്ന ശീലമുണ്ട് ജേക്കബിന്. വിമാനത്തിന്റെ സമ്പൂർണ ചരിത്രം- പ്രായം, ഇപ്പോഴത്തെയും മുമ്പത്തെയും ഉടമസ്ഥർ, ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഇട്ടിരുന്ന സീരിയൽ നമ്പർ, പല രാജ്യങ്ങളിലായി പലയാൾക്കാർ എടുത്ത പടങ്ങൾ തുടങ്ങി എല്ലാം- കിട്ടാനുള്ള മാന്ത്രികത്താക്കോലാണ് രജിസ്ട്രേഷൻ നമ്പർ എന്ന് ജേക്കബ് പറയുന്നു.
'കോളിളക്ക'ത്തിലെ അവസാന രംഗം യുട്യൂബിൽ കണ്ടാണ് ഈ ഹെലികോപ്ടറിൻ്റെ നമ്പർ കണ്ടെത്തിയത്. ഹെലികോപ്ടറിന്റെ വാലറ്റത്തും പിന്നെ അടിവയറ്റിലുമാണ് നമ്പർ എഴുതിയിട്ടുണ്ടായിരുന്നത്. വാലറ്റത്തുള്ള നമ്പർ ദൂരക്കാഴ്ചയിൽ അല്പം പതറിയാണ് കിട്ടിയതെങ്കിലും അടിവയറ്റിലെ നമ്പർ വ്യക്തമായി കിട്ടി; വിടി-ഇഎഡി. അപകടത്തിൽപ്പെടുമ്പോൾ പുഷ്പക ഏവിയേഷൻ ആയിരുന്നു ഉടമ.
ഈ നമ്പർ വെച്ച് നെറ്റിൽ തിരഞ്ഞപ്പോൾ റോട്ടോർസ്‌പോട്ട് ഡോട്ട് എൻഎൽ എന്ന സൈറ്റിൽ നിന്ന് ചില വിവരങ്ങൾ കിട്ടി. ബെൽ 47ജി-5 ഇനത്തിലുള്ള, 7950 സീരിയൽ നമ്പറുള്ള ഈ കോപ്ടറിന്റെ നിലവിലുള്ള രജിസ്ട്രേഷൻ നമ്പർ വിഎച്ച്-എൻഎച്ച്എച്ച് ആണ്. നിർമിച്ചത് 1969ലാണെന്നും ബാക്കി വിവരങ്ങളും പിന്നെ 2010ലെ പടവും എയർലൈനേഴ്സ് ഡോട്ട് നെറ്റിൽ നിന്നാണ് കിട്ടിയത്.
ജേക്കബ് കെ.ഫിലിപ്പിൻ്റെ പോസ്റ്റുകളുടെ പൂർണ രൂപം വായിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.