മരക്കാർ ബിഗ്സ്കീനിൽ കാണാൻ ആരാധകരുടെ പ്രവാഹം; തിയറ്ററിൽ തന്നെ കാണേണ്ട സിനിമയെന്ന് മോഹൻലാൽ
text_fieldsനീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുഞ്ഞാലിമരക്കാർ തിയറ്ററുകളിലെത്തി. അര്‍ധരാത്രി മുതല്‍ തിയറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിച്ചു. ആദ്യ പ്രദര്‍ശനത്തിന്റെ ആവേശത്തില്‍ പങ്കുചേരാന്‍ മോഹന്‍ലാലും കുടുംബവും കൊച്ചി സരിതാ തിയറ്ററിലെത്തി.
സിനിമയുടെ നിർമാതാവ് ആന്‍റണി പെരുമ്പാവൂർ, നടൻമാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദൻ, ഹണിറോസ് തുടങ്ങിയ താരങ്ങളും തിയറ്ററില്‍ എത്തി. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
"തീര്‍ച്ചയായും തിയറ്ററില്‍ കാണേണ്ട സിനിമ തന്നെയാണിത്. ഭാഗ്യവശാല്‍ സിനിമ തിയറ്ററിലെത്തിക്കാന്‍ പറ്റി. വളരെയധികം സന്തോഷം. മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ ആദ്യമാണ്. ഈ സിനിമ തിയറ്ററില്‍ കാണാന്‍ ആഗ്രഹിച്ചയാളാണ് ഞാന്‍. ഏറ്റവും കൂടുതല്‍ ദിവസം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയട്ടെയെന്ന് പ്രാര്‍ഥിക്കുന്നു". സിനിമ കണ്ടിറങ്ങിയതിനുശേഷം മോഹൻലാൽ പറഞ്ഞു.
മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. പ്രദേർശനത്തിന് മുൻപുതന്നെ 100 കോടി ക്ലബിൽ കയറിയ ചിത്രമാണ് മരക്കാർ. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം.
കേരളത്തിൽ 631 റിലീസിങ് സ്‌ക്രീനുകളാണ് ഉള്ളത്. കേരളത്തില്‍ ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ആദ്യമായിട്ടാണ്. പ്രിയദർശന്‍ സംവിധാനം ചെയ്ത ചിത്രം ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിരയുണ്ട് ചിത്രത്തില്‍. സാബു സിറിലാണ് കലാ സംവിധായകൻ. തമിഴ് ക്യാമറാമാൻ തിരു ക്യാമറ കൈകാര്യം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.